Advertisment

ശക്തമായി പ്രതികരിക്കുമെന്ന് ഇസ്രയേല്‍, ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങള്‍ പുറത്തെടുക്കുമെന്ന് ഇറാന്‍

New Update
WAR IRAN ISRAEL.jpg

ഇസ്രയേലിനെതിരെയുള്ള ഇറാന്റെ ആക്രമണങ്ങളില്‍ തിരിച്ചടിക്കുമെന്ന പ്രതികരണവുമായി ഇസ്രയേല്‍ സൈനിക മേധാവി. ഇറാന്റെ ആക്രമണം ബാധിച്ച തെക്കന്‍ ഇസ്രയേലിലെ നെവാതിം വ്യോമസേന താവളം സന്ദര്‍ശിക്കവേയായിരുന്നു സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവിയുടെ പ്രതികരണം. ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പ്രത്യാക്രമണം ഏത് രീതിയിലാണെന്ന് വ്യക്തമാക്കിയിട്ടില്ല.

എന്നാൽ ഇസ്രായേൽ സാഹസത്തിന് മുതിര്‍ന്നാല്‍ വലിയ വില നൽകേണ്ടി വരുമെന്ന് ടെഹ്‌റാനും തിരിച്ചടിച്ചു. ആക്രമണത്തിലൂടെ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ ടെഹ്‌റാനെ അനുവദിക്കില്ലെന്ന് ഇസ്രയേൽ വാർ കാബിനറ്റ് വ്യക്തമാക്കി. ഇസ്രായേൽ വ്യോമസേന ഇറാനെതിരായ പ്രത്യാക്രമണത്തിന് തയ്യാറെടുക്കുകയാണെന്നും യുഎസ് നിർമ്മിത എഫ്-16, എഫ്-15, എഫ്-35 യുദ്ധവിമാനങ്ങളുടെ വ്യൂഹം കരുത്ത് പകരുമെന്നും വാർ കാബിനറ്റ് വ്യക്തമാക്കിയതായി ഇസ്രയേൽ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അതേസമയം, ഇസ്രയേൽ അക്രമണം നടത്തുകയാണെങ്കിൽ ഉടനടി ശക്തമായി പ്രതികരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയൻ മുന്നറിയിപ്പ് നൽകി. ഇസ്രയേലിനെ നേരിടാൻ ഇതുവരെ പ്രയോഗിച്ചിട്ടില്ലാത്ത ആയുധങ്ങൾ ഉപയോഗിക്കാൻ ഇറാൻ തയ്യാറാകുമെന്ന് ഇറാൻ ദേശീയ സുരക്ഷാ വിദേശനയ സമിതിയുടെ വക്താവ് പറഞ്ഞു.

Advertisment