Advertisment

ജപ്പാനിൽ ആൾ താമസിക്കാനില്ലാത്ത വീടുകളുടെ എണ്ണം കുത്തനെ ഉയരുന്നു, 2018ന് ശേഷം രാജ്യത്ത് ഒഴിഞ്ഞു കിടക്കുന്നത് 90 ലക്ഷത്തിലധികം വീടുകൾ, 2038 ആകുമ്പോഴേക്കും ആൾത്താമസമില്ലാത്ത വീടുകളുടെ എണ്ണം 23.03 മില്യണായി വർദ്ധിക്കുമെന്ന് റിപ്പോർട്ട്

പുതിയ തലമുറ ഈ വീടുകൾ പരിപാലിക്കാൻ കാണിക്കുന്ന വിമുഖതയാണ് നിലവിലെ പ്രശ്നത്തിനുള്ള ഒരു പ്രധാന കാരണം

New Update
homes-problem

ജപ്പാൻ: ജപ്പാനിൽ ആൾ താമസിക്കാനില്ലാത്ത വീടുകളുടെ എണ്ണം കുത്തനെ ഉയരുന്നു. രാജ്യത്തിലെ ആഭ്യന്തര മന്ത്രാലയത്തിൻെറ കണക്കുകൾ പ്രകാരം ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ എണ്ണം ഈയടുത്ത് ഒന്നര ഇരട്ടിയായാണ് വർധിച്ചത്. ഏകദേശം 90 ലക്ഷത്തിലധികം വീടുകൾ നിലവിൽ ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് കണക്ക്. ജനനനിരക്ക് കുറയുകയും പ്രായമായവരുടെ ജനസംഖ്യ കൂടുകയും ചെയ്യുന്നതിനിടയിലാണ് ഒഴിഞ്ഞ വീടുകളുടെ എണ്ണം കൂടി വരുന്നത്.

Advertisment

2018ന് ശേഷമുള്ള കണക്കുകൾ പ്രകാരം 90 ലക്ഷത്തിലധികം വീടുകൾ ഒഴിഞ്ഞുകിടക്കുന്നതായാണ് റിപ്പോർട്ട്. ജനനനിരക്ക് കുറയുകയും പ്രായമായവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്നതിനിടയിലാണ് ഒഴിഞ്ഞ വീടുകളുടെ എണ്ണവും കൂടിവരുന്നത്. രാജ്യത്തെ എട്ടിൽ ഒരു വീട് എന്ന കണക്കിനാണ് ഇപ്പോൾ ഒഴിഞ്ഞു കിടക്കുന്നത്,​ 2038 ആകുമ്പോഴേക്കും ആൾത്താമസമില്ലാത്ത വീടുകളുടെ എണ്ണം 23.03 മില്യണായി വർദ്ധിക്കുമെന്നാണ് വേൾഡ് എക്കണോമിക് ഫോറത്തിന്റെ കണക്കുകൾ പറയുന്നത്.

ഇത്തരത്തിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകളെ നാല് വിഭാഗങ്ങളിലായാണ് തരംതിരിച്ചിരിക്കുന്നത്. വാടകയ്ക്ക് നൽകാനായി വച്ച വീടുകൾ, വിൽക്കാനായി മാറ്റിയിട്ടിരിക്കുന്നത്,​ രണ്ടാമത്തെ വീടെന്ന നിലയിൽ പരിഗണിക്കുന്നത്. മറ്റുള്ളവയിൽപ്പെടുന്നത് എന്നിങ്ങനെയാണ് വീടുകളെ തരംതിരിച്ചിട്ടുള്ളത്. 

മൊത്തം വീടുകളുടെ 40 ശതമാനത്തോളം മറ്റുള്ളവ എന്ന വിഭാഗത്തിലാണ് പരിഗണിക്കപ്പെടുന്നത്. ഒരു കുടുംബത്തിന് താമസിക്കാവുന്ന തരത്തിലുള്ള വീടുകളാണ് ഒഴിഞ്ഞുകിടക്കുന്നവയിൽ 90 ശതമാനവും. വീടുകളിൽ 70 ശതമാനവും 1980കൾക്ക് മുമ്പ് നിർമ്മിച്ചവയാണ്. കുടുംബസ്വത്തായി കൈമാറി വന്നവയാണ് ഇതിൽ 59 ശതമാനം വീടുകൾ.

പുതിയ തലമുറ ഈ വീടുകൾ പരിപാലിക്കാൻ കാണിക്കുന്ന വിമുഖതയാണ് നിലവിലെ പ്രശ്നത്തിനുള്ള ഒരു പ്രധാന കാരണം. താമസ സ്ഥലത്ത് നിന്ന് വളരെ ദൂരെയാണ് ഈ വീടുകൾ എന്നതാണ് മറ്റൊരു പ്രശ്നം. അതിനാൽ പുതുക്കിപ്പണിയാനോ പൊളിച്ചു കളയാനോ തയ്യാറാകാതെ വീടുകൾ പലരും അതേപടി നിലനിറുത്തിയിരിക്കുകയാണ്. 

രാജ്യത്തെ ജനസംഖ്യാ നിരക്ക് കുറയുന്നതാണ് മറ്റൊരു വിഷയം. ഗ്രാമങ്ങളിലും നരഗരങ്ങളിലും ജനസംഖ്യയിൽ വലിയ കുറവാണ് ഉണ്ടാവുന്നത്. .പ്രശ്നപരിഹാരത്തിന് സർക്കാർ തലത്തിലും ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. മോശം അവസ്ഥയിൽ ഉള്ള വീടുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് 2015ൽ ഒരു പ്രത്യേക നിയമം സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. 

അപകടഭീഷണിയുള്ള വീടുകൾ കണ്ടെത്തി അവ പുതുക്കി പണിയാനോ പൊളിച്ച് കളയാനോ ഉടമകളോട് സർക്കാർ ആവശ്യപ്പെടും. ഉടമകൾ തയ്യാറാല്ലെങ്കിൽ സർക്കാർ തന്നെ അവ നേരിട്ട് പൊളിച്ച് കളയും. അതിന്റെ ചെലവ് ഉടമകളിൽ നിന്ന് ഈടാക്കുകയും ചെയ്യും. വീടുകൾ പൊളിച്ച് കളയുന്നതിനും പുതുക്കി പണിയുന്നതിനും സഹായിക്കുന്ന നിരവധി സ്റ്റാർട്ടപ്പ് കമ്പനികളും ജപ്പാനിൽ ഉയർന്നുവന്നിട്ടുണ്ട്.

Advertisment