Advertisment

മഞ്ചേരിയില്‍ കടത്തിണ്ണയില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന  തമിഴ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; കത്തിചൂണ്ടി ഭീഷണി

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അക്രമികളില്‍ ഒരാളെ കീഴ്‌പ്പെടുത്തിയത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

New Update
4242424

മഞ്ചേരി: കടത്തിണ്ണയില്‍ ഉറങ്ങുകയായിരുന്ന തമിഴ് കുടുംബത്തിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. തമിഴ്‌നാട് സേലം കലക്കുറുച്ചി സ്വദേശികളായ വയോധികനായ യാക്കോബ്, ഭാര്യ മേരി, മകള്‍ പിച്ചമ്മ, പിച്ചമ്മയുടെ ഭര്‍ത്താവ് മാരിമുത്തു, ഇവരുടെ മകള്‍ ആറ് വയസുകാരി മഹാലക്ഷ്മി എന്നിവര്‍ മഞ്ചേരി ടി.ബി. റോഡിലെ കടത്തിണ്ണയിലാണ് ഉറങ്ങിയിരുന്നത്.

ബുധനാഴ്ച പുലര്‍ച്ചയാണ് സംഭവം. മഹാലക്ഷ്മിയെ അമ്മയുടെ ശരീരത്തില്‍ ചേര്‍ത്തുകെട്ടിയാണ് കിടന്നത്. കുട്ടിയെ മറ്റാരും കാണാതിരിക്കാന്‍ കുട തുറന്നുവച്ച് മറച്ചിരുന്നു. പുലര്‍ച്ചെ രണ്ടിന് മഹാലക്ഷ്മിയുടെ ഞെരുക്കം കേട്ട് കണ്ണുതുറന്നപ്പോള്‍ രണ്ടുപേര്‍ ചേര്‍ന്ന് അവളെ കൈക്കലാക്കുകയും. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കത്തിചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അക്രമികളില്‍ ഒരാളെ കീഴ്‌പ്പെടുത്തിയത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസില്‍ പരാതി പറയാന്‍ പിച്ചമ്മയും കുടുംബവും മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുമെന്ന ആശങ്കയെത്തുടര്‍ന്ന് പരാതി നല്‍കാതെ പിന്മാറി. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. പ്രേമ രാജീവിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് താല്‍ക്കാലിക വീട് ഒരുക്കാനുള്ള ശ്രമത്തിലാണ്.

Advertisment