Advertisment

സഹോദരിയെ കൊലപ്പെടുത്തി വീടിനു പിന്നില്‍ കുഴിച്ചിട്ട പ്രതി കുഴിമാടത്തിനു മുകളില്‍ വരാന്ത പണിയാനും പദ്ധതിയിട്ടു

കെട്ടിടനിര്‍മാണത്തൊഴിലാളിയായ പ്രതി ബെന്നി വീടിന്റെ പിന്‍വശത്താണു സഹോദരി റോസമ്മയുടെ മൃതദേഹം കുഴിച്ചിട്ടത്.

New Update
63747477

ആലപ്പുഴ: സഹോദരിയെ കൊലപ്പെടുത്തി വീടിനു പിന്നില്‍ കുഴിച്ചുമൂടിയ പ്രതി കുഴിമാടത്തിനു മുകളില്‍ വരാന്ത പണിയാനും പദ്ധതിയിട്ടിരുന്നെന്നു പോലീസ്. കെട്ടിടനിര്‍മാണത്തൊഴിലാളിയായ പ്രതി ബെന്നി വീടിന്റെ പിന്‍വശത്താണു സഹോദരി റോസമ്മയുടെ മൃതദേഹം കുഴിച്ചിട്ടത്.

Advertisment

രണ്ടു ദിവസം മുന്‍പ് ഇയാള്‍ വീടിന്റ മുന്‍വശത്തെ തിണ്ണ പൊളിച്ചുപണിയാന്‍ ആരംഭിച്ചു. ഇതിനൊപ്പം പിന്നില്‍ കുഴിമാടത്തിനു മുകളിലായി വരാന്ത പണിയാനായിരുന്നു പദ്ധതിയെന്നു പോലീസ് പറയുന്നു. ആഴത്തില്‍ കുഴിയെടുത്ത് മൃതദേഹത്തിനു മുകളില്‍ മണ്ണിട്ട ശേഷം ഹോളോബ്രിക്സും ചുടുകട്ടയും നിരത്തി ശേഷം വീണ്ടും മണ്ണിട്ടു മൂടുകയായിരുന്നു. വായു കടക്കാത്ത രീതിയില്‍ കട്ട അടുക്കിയതു കൊണ്ടാണു ദുര്‍ഗന്ധം പുറത്തേക്കു വരാത്തതെന്നു പോലീസ് പറഞ്ഞു.

18ന് ഉച്ചയ്ക്കു ശേഷമാണ് ബെന്നിയുടെ വീട്ടില്‍ വച്ചു റോസമ്മയുമായി തര്‍ക്കമുണ്ടാകുന്നത്. 61-ാം വയസില്‍ റോസമ്മ പുനര്‍വിവാഹിതയാകുന്നത് ബെന്നി ചോദ്യം ചെയ്തു. തര്‍ക്കത്തിനിടെ ബെന്നിയുടെ മരിച്ചു പോയ ഭാര്യയെക്കുറിച്ചു റോസമ്മ അപവാദം പറഞ്ഞെന്നു ബെന്നി പറയുന്നു.

ഇതില്‍ പ്രകോപിതനായി ചുറ്റികകൊണ്ട് തലയ്ക്കടിച്ചു. നിലത്തുവീണ റോസമ്മ മരിച്ചു. മുറിയിലെ രക്തമെല്ലാം കഴുകിക്കളഞ്ഞപ്പോഴേക്കും സന്ധ്യയായി. ബെന്നിയുടെ മകന്‍ രാത്രി ജോലി കഴിഞ്ഞു വരുമെന്നതിനാല്‍ മൃതദേഹം കട്ടിലിന്റെ അടിയില്‍ ഒളിപ്പിച്ചു. പിറ്റേന്നു രാവിലെ ആറിന് മകന്‍ പുറത്തുപോയ ഉടന്‍ വീടിനു പിന്നില്‍ കുഴിയെടുത്തു മൃതദേഹം മൂടി.

അതേസമയം, റോസമ്മയുടെ സ്വര്‍ണം കാണാനില്ലെന്ന് മരുമകള്‍ പറയുന്നു. റോസമ്മ ഒരു സ്വര്‍ണമാലയും നാലു വളകളും ധരിക്കാറുണ്ടായിരുന്നെന്നു ഇളയ മരുമകള്‍ പറഞ്ഞു. ഈയിടെ പുതിയൊരു മാല കൂടി വാങ്ങി. എന്നാല്‍, മൃതദേഹത്തില്‍ നിന്നു ആഭരണമൊന്നും കണ്ടെത്തിയിട്ടില്ല. സ്വര്‍ണം പണയം വയ്ക്കുന്നതുമായി ബന്ധപ്പെട്ടു റോസമ്മയും പ്രതി ബെന്നിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നുണ്ട്. ഈ കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നു പോലീസ് പറഞ്ഞു.

 

Advertisment