Advertisment

പോള നിറഞ്ഞു ചങ്ങനാശേരി ബോട്ട്‌ജെട്ടി, പോള ഒഴിവാക്കുവാന്‍ വീണ്ടും റണ്ണിങ് കോണ്‍ട്രാക്ട് നടപ്പാക്കാന്‍ ചീഫ് എന്‍ജിനിയര്‍ക്കു നിര്‍ദേശം നല്‍കി ജോബ് മൈക്കിള്‍ എം.എല്‍.എ; ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയത് 9 ലക്ഷം രൂപ

New Update
changanassery boat jetty1.jpg

ചങ്ങനാശേരി: പോള നിറഞ്ഞതോടെ ജലഗതാഗതം തടസപ്പെട്ട് ചങ്ങനാശേരി ബോട്ട് ജെട്ടി കിടക്കുവാന്‍ തുടങ്ങിയിട്ട് നാളുകളായി. പോള ഒഴിവാക്കുവാന്‍ വീണ്ടും റണ്ണിങ് കോണ്‍ട്രാക്ട് നടപ്പാക്കാന്‍ ചീഫ് എന്‍ജിനിയര്‍ക്കു ജോബ് മൈക്കിള്‍ എം.എല്‍.എ  നിര്‍ദേശം നല്‍കിയതായി സൂചന. കുറച്ചു കാലങ്ങളായി പോള ശല്യം രൂക്ഷമായി ജലഗതാഗതം തടസപ്പെട്ട അവസ്ഥയില്‍ ആയിരുന്നു ബോട്ട് ജെട്ടി പ്രദേശം. 

ഇതു പരിഹരിക്കുന്നതിനു വേണ്ടി ജോബ് മൈക്കിള്‍ എം.എല്‍.എ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന റണ്ണിങ് കോണ്‍ട്രാക്ട് നല്‍കി പോള നീക്കുന്ന പ്രവര്‍ത്തനം നടത്തിയിരുന്നു. കരാറിന്റെ കാലാവധി കഴിഞ്ഞ ശേഷം ഉണ്ടായ വേലിയേറ്റത്തെ തുടര്‍ന്നു വീണ്ടും പോള ശല്യം രൂക്ഷമായി. ഈ സാഹചര്യത്തിലാണു ചീഫ് എന്‍ജിനീയറുമായി നടത്തിയ ചര്‍ച്ചയില്‍ വീണ്ടും റണ്ണിങ് കോണ്‍ട്രാക്ട് അനുവദിച്ചു പോള ശല്യം നീക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ എം.എല്‍.എ നിര്‍ദേശിച്ചത്.

 പാര്‍ലമെന്റ ഇലക്ഷനുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം മാറിയാല്‍ ഉടന്‍ തന്നെ പോളവാരി ബോട്ട് ജെട്ടി നവീകരിക്കുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാമെന്നു ചീഫ് എന്‍ജിനീയര്‍ എം.എല്‍.എക്ക് ഉറപ്പു നല്‍കി. ഇതിലേക്കായി 9 ലക്ഷം രൂപയാണ് ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയിരിക്കുന്നത്. കഴിവതും ഫലവത്തായ രീതിയില്‍ പോളവാരി ജലഗതാഗതം നടത്തുവാനും ജനങ്ങളുടെ ദുരിതം മാറ്റുവാനും വേണ്ട ഇടപെടല്‍ നടത്താന്‍ സാധിക്കുന്നുണ്ടെന്നും സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ എന്നിവരെ ഉള്‍പ്പെടുത്തി പോളവാരല്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമോ എന്നു ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ ആലോചിക്കുന്നതും പരിഗണിക്കുന്നുണ്ട് എന്നും എം.എല്‍.എ അറിയിച്ചു.

Advertisment