Advertisment

ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക്: വിശദീകരണവുമായി മില്‍മ തിരുവനന്തപുരം മേഖലാ യൂണിയൻ

New Update
MILMA TVM.jpg

 

Advertisment

തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ മെയ് മാസം  13, 14 തീയതികളില്‍ ഉദ്യോഗസ്ഥരുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്‍റര്‍വ്യൂ, യാതൊരു മുന്നറിയിപ്പുമില്ലാതെ മേഖലാ യൂണിയന്‍റെ ഹെഡ് ഓഫീസിലേയ്ക്ക് അതിക്രമിച്ചുകടന്ന് തടസ്സപ്പെടുത്തുന്ന നടപടിയാണ് ട്രേഡ് യൂണിയന്‍റെ പേര് പറഞ്ഞ് ഒരു കൂട്ടം ജീവനക്കാരുടെ ഭാഗത്ത് നിന്നും  ഇന്നലെയുണ്ടായത്.  ജീവനക്കാരുടെ സ്ഥാനക്കയറ്റം സമയബന്ധിതമായി നടക്കുന്നില്ല എന്നും ഉദ്യോഗസ്ഥര്‍ക്ക് മാത്രം സ്ഥാനക്കയറ്റം നല്‍കുന്ന നടപടിയാണ് മാനേജ്മെന്‍റിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും ഉളള വാസ്തവ വിരുദ്ധമായ കാരണം ഉയര്‍ത്തിക്കാണിച്ചാണ് ഇന്‍റര്‍വ്യൂ തടസ്സപ്പെടുത്തുന്ന നടപടികള്‍ അക്രമസ്വഭാവത്തോടുകൂടി മേഖലാ യൂണിയന്‍ ഹെഡ് ഓഫീസില്‍ അരങ്ങേറിയത്.  

ഡെയറി തലത്തില്‍ തന്നെയുളള പ്രൊമോഷന്‍ കമ്മിറ്റികളാണ് ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനുളള നടപടികള്‍ സ്വീകരിക്കുന്നതെന്നിരിക്കെ ബൈ ട്രാന്‍സ്ഫര്‍ റിക്രൂട്ട്മെന്‍റ് വഴി നിയമനം നടത്തേണ്ട മൂന്ന് തസ്തികകളില്‍ മാത്രമാണ്, നിലവിലുളള റിക്രൂട്ട്മെന്‍റ് & പ്രൊമോഷന്‍ റൂള്‍സ് പ്രകാരം ഹെഡ് ഓഫീസ് തലത്തില്‍ തീരുമാനിക്കേണ്ടത്.

മില്‍മയുടെ സംസ്ഥാനതലത്തില്‍ കെ.സി.എം.എം.എഫ്-ന്‍റെ മാനേജിംഗ് ഡയറക്ടറില്‍ നിന്ന് സ്പഷ്ടീകരണം വാങ്ങി ജീവനക്കാര്‍ക്ക് അനുകൂലമായ രീതിയില്‍ ലാബ് അസിസ്റ്റന്‍റ്, മാര്‍ക്കറ്റിംഗ് അസിസ്റ്റന്‍റ് എന്നീ തസ്തികകളിലെ സ്ഥാനക്കയറ്റം ഉടന്‍ നടത്താന്‍ സാധിക്കുന്നവിധം പ്രശ്ന പരിഹാരം ഉണ്ടാക്കികഴിഞ്ഞു.

ബാക്കിയുളള പ്ലാന്‍റ് ഓപ്പറേറ്റര്‍ തസ്തികകളിലെ സ്ഥാനക്കയറ്റത്തിന് ഐ.റ്റി.ഐ സര്‍ട്ടിഫിക്കറ്റ് വേണമെന്നിരിക്കെ, പത്താംക്ലാസ്സ് പാസ്സായവര്‍ക്ക് പ്രസ്തുത പ്രമോഷന് അര്‍ഹത നല്‍കണമെന്ന ആവശ്യം പറഞ്ഞാണ് ഉദ്യോഗസ്ഥരുടെ ഇന്‍റര്‍വ്യൂ തടയുന്നതിനുളള നടപടികളിലേയ്ക്ക് ട്രേഡ് യൂണിയന്‍റെ മറവില്‍ ചില ജീവനക്കാര്‍ തുനിഞ്ഞത്.  

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന അനുപാതം എന്നിവ മറികടന്ന് സ്ഥാനക്കയറ്റത്തിനുളള മാനദണ്ഡങ്ങള്‍ ഹെഡ് ഓഫീസ് തലത്തില്‍ തീരുമാനമെടുക്കണമെന്ന ജീവനക്കാരുടെ വാദം അംഗീകരിക്കാന്‍ കഴിയുന്നതല്ല, എങ്കിലും അവരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ച് ചട്ടങ്ങളില്‍ ഇളവുകള്‍ നേടിയെടുക്കുന്നതിനുളള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന്, ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറും അന്നേ ദിവസം രാവിലെ ജീവനക്കാരുടെ പ്രതിനിധികളുമായി നടന്ന യോഗത്തില്‍ ഉറപ്പുകൊടുത്തിരുന്നെങ്കിലും, ഉദ്യോഗസ്ഥരുടെ പ്രൊമോഷന്‍ നിര്‍ത്തിവയ്ക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന കടുത്ത നിലപാട് ആണ് ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

ഇന്‍റര്‍വ്യൂ തടയുകയും, ചെയര്‍മാനേയും ഇന്‍റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളേയും തടഞ്ഞുവയ്ക്കുകയും, പിന്നീട് ഹെഡ് ഓഫീസിലെ സ്ത്രീ ജീവനക്കാരോട് ഓഫീസ് വിട്ടുപോകണമെന്ന് ആക്രോശിച്ചുകൊണ്ട് ഭീഷണിപ്പെടുത്തുകയും, അപമര്യാദയായി പെരുമാറുകയും ചെയ്തു.  ഇന്നു രാവിലെ മുതല്‍ ഒരു മുന്നറിയിപ്പുമില്ലാതെ അവശ്യസര്‍വ്വീസ് ആയ ഡെയറിയുടെ പ്രവര്‍ത്തനത്തെ പൂര്‍ണ്ണമായും തടസ്സപ്പെടുത്തുന്ന രീതിയിലുളള നടപടികളാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുളളത്.  പാലുല്‍പാദനവും, ക്ഷീര മേഖലയും വെല്ലുവിളി നേരിടുന്ന ഈ സമയത്ത്, മില്‍മ എന്ന പ്രസ്ഥാനത്തിന്‍റെ നട്ടെല്ല് ഒടിക്കുന്ന നടപടികളാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് എന്നത് വേദനാജനകമാണെന്ന് മേഖലാ യൂണിന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ് അഭിപ്രായപ്പെട്ടു.  കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുളള ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Advertisment