Advertisment

മുളന്തുരുത്തി പഞ്ചായത്തിലെ കുന്നുകൾ കെട്ടിടനിർമ്മാണ പെർമിറ്റിന്റെ പേരിൽ മണ്ണെടുത്ത് വിൽക്കുന്നു. വൻ പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന മണ്ണ് മാന്തലിന് ജിയോളജി വകുപ്പിന്റെയും പഞ്ചായത്തിന്റെയും കണ്ണടച്ചുള്ള അനുമതി. പ്രതിഷേധിച്ച് പത്രസമ്മേളനം വിളിച്ച് കോൺഗ്രസ്സ് നേതാക്കൾ.

New Update
mulamthuruthi  hill.jpg

മുളന്തുരുത്തി. പഞ്ചായത്തിലെ കുന്നുകൾ ഇടിച്ച് നിരത്തി മണ്ണെടുക്കാൻ ജിയോളജി വകുപ്പിന്റെയും പഞ്ചായത്തിന്റെയും കണ്ണടച്ചുള്ള അനുമതി. കെട്ടിട നിർമ്മാണത്തിന് വേണ്ടിയുള്ള അപേക്ഷയുടെ മറവിലാണ് ഈ മണ്ണ് മാന്തലും മണ്ണ് വിൽപ്പനയും നടക്കുന്നത്. എന്നാൽ പ്രസ്തുത സ്ഥലത്ത് കെട്ടിടം പണിയുന്നുമില്ല  എന്ന് മുളന്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ മുൻ അദ്ധ്യക്ഷൻ വേണു മുളന്തുരുത്തി പത്രസമ്മേളനത്തിൽ ആരോപിച്ചു.

Advertisment

വൻ പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന മണ്ണെടുപ്പ് മൂലം ഈ പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയാവുകയാണ്. ശുദ്ധജലം സംഭരിച്ച് വയ്ക്കുന്ന ഈ കുന്നുകളും മലകളും ഇടിച്ച് നിരത്തുന്നതിലൂടെ ജലദൗർലഭ്യത്തിന് ആക്കം കൂട്ടുകയാണ് ഇവർ.

കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുള്ള ദുരിതങ്ങളും ദുരന്തങ്ങളും ലോകമെമ്പാടും അനുഭവിയ്ക്കുന്നത് പോലെ നമ്മുടെ രാജ്യവും ജനങ്ങളും അനുഭവിയ്ക്കുകയാണ്. കാലം തെറ്റിയ മഴയും വെയിലിന്റെ ചൂടും ആധുനികതയുടെ അധിനിവേശ ഫലമാണ്. നിർമ്മാണ പ്രവർത്തനങ്ങൾ വേണ്ടെന്നല്ല, എല്ലാത്തിനും ഒരു പരിധിയും പരിമിതിയും ഉണ്ടായേ പറ്റൂ. വേണു ചൂണ്ടിക്കാട്ടി.

hills kochi1.jpg

മുളന്തുരുത്തിയിൽ, കെട്ടിടം നിർമ്മിയ്ക്കാൻ നൽകിയ അപേക്ഷകളെല്ലാം കുന്നുകളിലാണ്  എന്നതാണ് രസകരം. ഈ അപേക്ഷകളിൽ ഇടംവലം നോക്കാതെ ഒപ്പിടുകയാണ് ജിയോളജി വകുപ്പും പഞ്ചായത്ത് അധികൃതരും. എന്നാൽ ഇവിടെയൊന്നും ഒരു കെട്ടിടം പോലും പണിതിട്ടില്ല.

പുല്ലമ്പാൽ കുന്ന് ഇടിച്ച് നിരത്തുന്നതിനെതിരെയും മണ്ണ് വിൽപനയ്ക്ക് എതിരെയും ഒട്ടേറെ പത്രവാർത്തകളും പ്രതിഷേധങ്ങളും ടിപ്പർ തടയലും ഒക്കെ നടന്നിട്ടും മണ്ണെടുപ്പ് തടസ്സം കൂടാതെ നടന്നു. ഒറ്റ കെട്ടിടം പോലും അവിടെ പണിതിട്ടില്ല എന്ന് ആർക്കും കാണാൻ പറ്റും.

മണ്ണെടുക്കാൻ അനുമതി കിട്ടിയവർ അന്ന് തന്നെ മണ്ണെടുപ്പ് തുടങ്ങും. ടിപ്പറുകൾ മണ്ണുമായി ശരവേഗത്തിൽ പായുന്നതിന് സമയവും കാലവും ഇല്ല. ആരെങ്കിലും ചോദിച്ചാൽ ദേശീയ പാതയുടെ നിർമ്മാണത്തിന് വേണ്ടിയുള്ള മണ്ണാണ് എന്ന ഒഴുക്കൻ മറുപടിയും നൽകി ഡ്രൈവർ മണ്ണുമായി കുതിയ്ക്കും. വികസന വിരോധികൾ എന്ന ചീത്തപ്പേര് സമ്പാദിക്കാൻ ഇഷ്ടമല്ലാത്തതിനാൽ പലരും ആ മറുപടി കേട്ട് മടങ്ങിപ്പോരും.  പോലീസിനും കാര്യക്ഷമമായി ഇവിടെ ഇടപെടാൻ പറ്റുന്നില്ല എന്നതാണ് ഖേദകരം.

ഇപ്പോൾ ആരക്കുന്നത്ത്,  ഹരിതഗാർഡൻസിന് സമീപമുള്ള ഒരു കുന്നിടിച്ച് 47850 മെട്രിക് ടൺ മണ്ണ് 13.05.2024 വരെ എടുക്കാൻ ജിയോളജി വകുപ്പ് അനുമതി  കൊടുത്തിട്ടുണ്ട്. അത് പോലെ പൈനുങ്കൽ പാറയിലും മണ്ണെടുക്കാൻ ജിയോളജി വകുപ്പ് അനുമതി കൊടുത്തിട്ടുണ്ട്. ഇവിടങ്ങളിൽ നിന്നെല്ലാം മണ്ണെടുപ്പ് തകൃതിയായി നടക്കുന്നുണ്ട്.

 

ചോറ്റാനിക്കര, ആമ്പല്ലൂർ, ഇടയ്ക്കാട്ട് വയൽ തുടങ്ങിയ പഞ്ചായത്തുകൾ മണ്ണെടുപ്പിന് അനുമതി നിഷേധിച്ചത് പോലെ, മുളന്തുരുത്തി ഗ്രാമപഞ്ചായത്തും മണ്ണെടുപ്പ് നിരോധിയ്ക്കണമെന്നും, തുടർന്ന് മണ്ണെടുക്കാൻ ജിയോളജി വകുപ്പ് അനുമതി കൊടുക്കരുതെന്നും അനധികൃത മണ്ണെടുപ്പിന് അനുമതി കൊടുക്കുന്ന ജിയോളജി വകുപ്പിന് എതിരെ അന്വേഷണം  വേണമെന്നും വേണു മുളന്തുരുത്തി ആവശ്യപ്പെട്ടു. ഇപ്പോൾ, ഇവിടങ്ങളിൽ മണ്ണെടുക്കാൻ കൊടുത്തിട്ടുള്ള പെർമിറ്റ് അടിയന്തിരമായി റദ്ദാക്കണമെന്നും വേണു തുടർന്ന് ആവശ്യപ്പെട്ടു.

വേണു മുളന്തുരുത്തിയ്ക്കൊപ്പം, മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ്സ് ട്ഷറർ ടി. കെ.ജോസഫും, വൈസ് പ്രസിഡണ്ട് ലിജോ ചാക്കോച്ചനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisment