Advertisment

കുടുംബത്തണലൊരുക്കാം ഇവർക്കും; വെക്കേഷൻ ഫോസ്റ്റർ കെയർ പദ്ധതി അപേക്ഷ ക്ഷണിച്ചു.

New Update
vacation-foster-care.jpg

കോട്ടയം: വിവിധ കാരണങ്ങളാൽ രക്ഷിതാക്കൾക്കൊപ്പം താമസിക്കാനാകാതെ സർക്കാരിതര ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികൾക്കായി അവധിക്കാലത്തു സ്നേഹക്കൂടൊരുക്കാം. ഇത്തരം കേന്ദ്രങ്ങളിൽ കഴിയുന്ന 6 മുതൽ 16 വയസ്സുവരെയുള്ള കുട്ടികളെ മറ്റൊരു കുടുംബത്തിൽ പോറ്റി വളർത്തുന്നതിനായുള്ള അവധിക്കാല പോറ്റി വളർത്തൽ (വെക്കേഷൻ ഫോസ്റ്റർ കെയർ) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ അംഗീകൃത ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ താമസിച്ചുവരുന്ന കുട്ടികളെ വേനൽ അവധിക്കാലത്ത് പോറ്റി വളർത്താൻ താൽപര്യമുള്ള രക്ഷിതാക്കളിൽനിന്നാണ് അപേക്ഷ ക്ഷണിച്ചത് . ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ താമസിച്ചു വരുന്ന കുട്ടികൾക്ക് വെക്കേഷൻ കാലയളവിൽ കുടുംബത്തിന്റെ ശ്രദ്ധയും സംരക്ഷണവും സ്നേഹ പരിലാളനയും ലഭ്യമാക്കി സുരക്ഷിതമായി വളരാൻ സാഹചര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വനിതാ ശിശുവികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് വെക്കേഷൻ ഫോസ്റ്റർ കെയർ പദ്ധതി നടപ്പിലാക്കുന്നത്.  6 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികളെ സ്‌ക്കൂൾ അവധിക്കാലമായ ഏപ്രിൽ, മേയ് മാസങ്ങളിൽ സ്വന്തം വീട്ടിൽ സംരക്ഷിക്കാൻ പ്രാപ്തിയും സന്നദ്ധതയുമുള്ള 35 വയസ്സിന് മുകളിൽ പ്രായമുള്ള ദമ്പതികൾക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാം. ഒന്നിലധികം കുട്ടികളെ സംരക്ഷിക്കാൻ സന്നദ്ധരായവർക്ക് മുൻഗണന വെക്കേഷൻ ഫോസ്റ്റർ കെയർ പദ്ധതി വിജയകരമായി പൂർത്തിയാക്കുന്ന ദമ്പതികളെ ദീർഘകാല (ലോങ് ടേം) ഫോസ്റ്റർ കെയറിലേക്കും പരിഗണിക്കുന്നതാണ്. താൽപര്യമുള്ളവർ കോട്ടയം അണ്ണാൻ കുന്നിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് :ഫോൺ- 8281893454

Advertisment