Advertisment

വിഷുവുത്സവത്തിന് കൊടിയേറി ; പെരുമ്പാവൂർ നഗരം ഉത്സവത്തിരക്കിലായി

New Update

publive-image

Advertisment

പെരുമ്പാവൂർ: ശരണഘോഷം മുഴങ്ങിനിന്ന അന്തരീക്ഷത്തിൽ പെരുമ്പാവൂരിന്റെ ദേശനാഥനായ ശ്രീധർമ്മശാസ്താവിന്റെ തിരുവുത്സവം വെള്ളിയാഴ്ച രാത്രി കൊടിയേറി. തന്ത്രിമുഖ്യൻ ചെറുമുക്ക് ഇല്ലത്ത് കെ.സി. നാരായണൻ നമ്പൂതിരിപ്പാട് കൊടിയേറ്റി. മേൽശാന്തിമാരായ വൈദികൻ ചെറുമുക്ക് ശ്രീകണ്ഠൻ സോമയാജിപ്പാട്, കറുത്തേത്തിൽമഠം സന്തോഷ് നമ്പിടി, ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ടി. ജവഹർ, സെക്രട്ടറി പി. അനിൽകുമാർ, പി.എസ്. ഗോപാലകൃഷ്ണൻ നായർ, ദേവസ്വം മാനേജർ എ.പി. അശോക് കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഏപ്രിൽ 14-നാണ് ആറാട്ട്. 15ന് വിഷുവിളക്കോടെ സമാപനം. കൊടിയേറ്റിനു ശേഷം വൈഷ്ണവി എസ്. കുമാറും സംഘവും അവതരിപ്പിച്ച നൃത്തവും കോട്ടയം മീര അരവിന്ദിന്റെ സംഗീതക്കച്ചേരിയും ഉണ്ടായിരുന്നു.

ശനിയാഴ്ച രാവിലെ പതിവുപൂജകൾക്കുശേഷം പെരുമ്പാവൂർ ഭജനമഠം സമിതിയുടെ ഭഗവത്ഗീത പാരായണം, വൈകിട്ട് 4.30ന് പെരുമ്പാവൂർ അമൃതവിദ്യാലയം അവതരിപ്പിയ്ക്കുന്ന അമൃതവാണി ശ്ലോകവേദി, തിരുവാതിരക്കളി, 6.30ന് പ്രൊഫ. സരിത അയ്യരുടെ (കോട്ടയം) ആദ്ധ്യാത്മിക പ്രഭാഷണം, 8ന് ദീപ കർത്തായുടെ കൊച്ചി രുദ്ര പെർഫോമിംഗ് ആർട്ട്സിന്റെ കഥക് നൃത്തം, 9ന് ആലുവ രംഗകലയുടെ 'ശ്രീഭദ്രകാളി' ബാലെ എന്നിവ അരങ്ങേറും.

മൂന്നാം ദിവസമായ ഞായറാഴ്ച രാവിലെ 10ന് ഇളവൂർ അനിലിന്റെ ചാക്യാർ കൂത്ത്, വൈകിട്ട് തിരുവാതിരക്കളി, രാത്രി 7ന്, മരുത്തോർവട്ടം കണ്ണന്റെ ഓട്ടൻതുള്ളൽ, 8.15ന് ചലച്ചിത്രതാരം ആശ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ എന്നിവയാണ് പ്രധാന പരിപാടികൾ.

ഏപ്രിൽ 10 തിങ്കളാഴ്ച രാവിലെ 9ന് ഉത്സവബലി, 11.30ന് ഉത്സവബലിദർശനം എന്നിവ നടക്കും. വൈകിട്ട് 3.30ന് അക്ഷരശ്ലോകസദസ്സ്, തുടർന്ന് കാഴ്ചശ്രീബലി, 4.30ന് വയലിൻ സോളോ, എന്നിവയ്ക്കു ശേഷം ശുകപുരം ദിലീപ്, രഞ്ജിത്ത് എന്നിവരുടെ ഡബിൾ തായമ്പക ഉണ്ടായിരിക്കും. രാത്രി 9ന് മേജർസെറ്റ് കഥകളിയോടെ സമാപനം.

11ന് രാവിലെ 9ന് ഭാഗവതശ്രീ കേശവദാസിന്റെ ആദ്ധ്യാത്മിക പ്രഭാഷണം, വൈകിട്ട് 4.30ന് ഭക്തിഗാനമേള, 5.15ന് പിന്നൽ കൃഷ്ണനാട്ടം, 6.45ന് ഡോ. പ്രശാന്ത് വർമ്മ നയിക്കുന്ന മാനസജപലഹരി എന്നിവയാണ് പ്രധാന പരിപാടികൾ. ആറാം ഉത്സവനാളായ ബുധനാഴ്ച രാവിലെ ഗജപൂജയുണ്ടായിരിക്കും. വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, വിളക്കിനെഴുന്നള്ളിപ്പ്, സ്പെഷ്യൽ നാഗസ്വരം, നൃത്തശില്പം, ഭജന, മൂഴിക്കുളം ഹരികൃഷ്ണന്റെ സംഗീസദസ്സ് എന്നിവയുണ്ടാകും. 17ന് ഏഴാം ഉത്സവനാളിലാണ്, വലിയവിളക്ക്.

അന്നു വൈകിട്ട് ഡോ. തിരുവല്ല രാധാകൃഷ്ണമാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം ഉണ്ട്. അന്നേ ദിവസത്തെ ശ്രീബലിയ്ക്ക് അഞ്ചും കാഴ്ച്ചശ്രീബലിയ്ക്ക് ഏഴും ഗജവീരന്മാർ അണിനിരക്കും. തൃശ്ശൂർപ്പൂരനായകൻ തിരുവമ്പാടി ചന്ദ്രശേഖരനാണ് ഇത്തവണ ശാസ്താവിന്റെ തിടമ്പേറ്റാനുള്ള ഭാഗ്യം സിദ്ധിച്ചത്.

വർണ്ണശബളമായ കുടമാറ്റം, കരിയന്നൂർ നാരായണൻ നമ്പൂതിരിയുടെ മുഖ്യപ്രമാണത്തിൽ മേജർസെറ്റ് പഞ്ചവാദ്യം, രാത്രി 8ന് പള്ളിവേട്ട, ചൊവ്വല്ലൂർ മോഹനന്റെ മുഖ്യപ്രമാണത്തിൽ പാണ്ടിമേളം എന്നിവ ഏഴാം ഉത്സവത്തിന് മിഴിവേകും. ആറാട്ടുനാളായ 14ന് രാവിലെ 8ന് ആറാട്ടെഴുന്നള്ളിപ്പ്, 9ന് ആറാട്ടുവരവ്, തുടർന്ന് ഉച്ചയ്ക്ക് 12ന് കൊടിയിറക്കൽ. വിഷുനാളിൽ വടർകുറ്റി ബ്രാഹ്മണസമൂഹം വകയാണ് വിളക്കും കണിദർശനവും. ഏപ്രിൽ 23 ഞായറാഴ്ചയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം.

Advertisment