Advertisment

ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ഹജ്ജ് അനുമതിയില്ല

author-image
സൌദി ഡെസ്ക്
Updated On
New Update

publive-image

റിയാദ്: ടൂറിസ്റ്റ് വിസയില്‍ സൗദി അറേബ്യയില്‍ എത്തുന്നവര്‍ക്ക് ഹജ്ജ് ചെയ്യാന്‍ അനുമതി ഉണ്ടായിരിക്കില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇത്തരക്കാര്‍ക്ക് ഹജ്ജ് സീസണില്‍ ഉംറക്കും അവസരം ലഭിക്കില്ല. വിനോദസഞ്ചാര വിസകളില്‍ രാജ്യത്ത് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ മന്ത്രാലയം വരുത്തിയ ഭേദഗതി വ്യവസ്ഥകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ നിയമങ്ങളും സുരക്ഷവ്യവസ്ഥകളും പാലിക്കുന്നതോടൊപ്പം സൗദിയില്‍ തങ്ങുന്ന വേളയില്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ കൈവശം കരുതണമെന്നും നിഷ്കര്‍ഷയുണ്ട്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളിലെ താമസരേഖയുള്ള വിദേശ പൗരന്മാര്‍ക്ക് സൗദിയിലേക്ക് ഓണ്‍ലൈന്‍ ഇ-ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന മന്ത്രാലയ തീരുമാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഇത്തരം രാജ്യങ്ങളില്‍ ഫസ്റ്റ് ക്ലാസ് വിസയുള്ളവരുടെ കുടുംബാംഗങ്ങള്‍ക്കും വീട്ടുജോലിക്കാര്‍ക്കും ഒപ്പം വിസ ലഭിക്കും. അപേക്ഷകര്‍ നിലകൊള്ളുന്ന രാജ്യങ്ങളിലെ താമസരേഖക്ക് മൂന്ന് മാസത്തില്‍ കുറയാത്ത കാലാവധി ഉണ്ടായിരിക്കണമെന്ന വ്യവസ്‌ഥയുണ്ട്. സൗദി വിനോദസഞ്ചാര മേഖല ലോകരാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രാപ്യമാക്കുകയും വിസ നടപടികള്‍ ലഘൂകരിക്കുകയും ചെയ്യുന്ന പുതിയ ഭേദഗതി ഉത്തരവില്‍ ടൂറിസം മന്ത്രി അഹ്‌മദ്‌ അല്‍ ഖത്തീബ് ഒപ്പുവെച്ചു. ഭേദഗതി പ്രകാരം യു.എസ്, ബ്രിട്ടന്‍, ഷെങ്കന്‍ കരാറില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ടൂറിസ്റ്റ്, ബിസിനസ് വിസകളില്‍ ഒരിക്കല്‍ സൗദിയിലെത്തിയവര്‍ക്ക് പിന്നീട് ഓണ്‍ അറൈവല്‍ വിസ ലഭിക്കും.

ഇതിനിടെ ഉംറ വിസയില്‍ സൗദിയില്‍ എത്തുന്നവര്‍ക്ക് ഇഷ്ടമുള്ള വിമാനത്താവളം തിരഞ്ഞെടുക്കാമെന്ന തീരുമാനം ഹജ്ജ്-ഉംറ മന്ത്രാലയം ആവര്‍ത്തിച്ചു. ഇവര്‍ക്ക് ജിദ്ദ, മക്ക, മദീന കൂടാതെയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും അനുമതിയുണ്ട്. എന്നാല്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനില്‍നിന്ന് ഇനിയും അറിയിപ്പ് ലഭിക്കാത്തതിനാല്‍ എയര്‍ ട്രാവല്‍ ഗ്രൂപ്പുകള്‍ ജിദ്ദയും മദീനയും ഒഴികെയുള്ള വിമാനത്താവളങ്ങളിലേക്ക് ഉംറ തീര്‍ഥാടകര്‍ക്ക് ടിക്കറ്റ് നല്‍കാത്ത സാഹചര്യം നിലനില്‍ക്കുകയാണ്

Advertisment