Advertisment

താന്‍ മുഖ്യമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ച് ഉറങ്ങാന്‍ കിടന്ന ഉദ്ധവ് താക്കറെ നേരം വെളുത്തപ്പോള്‍ കേള്‍ക്കുന്നത് ഫട്‌നാവിന് മുഖ്യമന്ത്രിയായെന്ന വാര്‍ത്ത ! ; നേരം ഒന്ന് ഇരുട്ടിവെളുത്തപ്പോഴേക്കും കണ്ടതെല്ലാം സ്വപ്‌നമോ യാഥാര്‍ത്ഥ്യമോ എന്ന് തിരിച്ചറിയാനാകാതെ ഉദ്ധവ് ; ഇന്ദ്രദേവന്റെ സിംഹാസനം തന്നാലും ഇനി ബിജെപിക്കൊപ്പമില്ലെന്ന് തുറന്നടിച്ച് സേന ; വഴിപിരിഞ്ഞ് പവാറുമാരും എൻസിപിയും

New Update

മുംബൈ : ഒറ്റ രാത്രിയിലാണു മഹാരാഷ്ട്രയിലെ രാഷ്ട്രീയം മാറിമറിഞ്ഞത്. എൻസിപി നേതാവ് അജിത് പവാർ ചുവടുമാറിയപ്പോൾ, നിശബ്ദരായി രംഗം വീക്ഷിച്ച ബിജെപി അധികാരത്തിലേക്ക്. ബിജെപിയിലെ ദേവേന്ദ്ര ഫഡ്നാവിസ് രണ്ടാം തവണയും മുഖ്യമന്ത്രി. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ സഹോദരപുത്രന്‍ അജിത് പവാർ ഉപമുഖ്യമന്ത്രിയും. എൻസിപി– ശിവസേന– കോൺഗ്രസ് സഖ്യം സർക്കാർ രൂപീകരിക്കുമെന്നും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്നും ഏകദേശം ഉറപ്പായെന്നു പറഞ്ഞിട്ടു നേരം ഇരുട്ടിവെളുത്തപ്പോഴേക്കും കാര്യങ്ങൾ കീഴ്‍മേൽ മറിഞ്ഞിരുന്നു.

Advertisment

publive-image

എൻസിപി– ശിവസേന– കോൺഗ്രസ് സഖ്യം സർക്കാർ രൂപീകരിക്കുമെന്നാണു നേതാക്കൾ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. സഖ്യസര്‍ക്കാരിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും എന്നുമായിരുന്നു സൂചന.

ശനിയാഴ്ച പുലര്‍ച്ചെ 5.47ന് സംസ്ഥാനത്തു രാഷ്ട്രപതിഭരണം പിന്‍വലിച്ചു. രാവിലെ എട്ടു മണിയോടെ ഫഡ്നാവിസും അജിത് പവാറും രാജ്ഭവനിൽ ഗവർണർ മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു. സർക്കാരുണ്ടാക്കാൻ കഠിനമായി പണിയെടുത്ത ശിവസേന മാത്രമല്ല, എൻസിപിയും കോൺഗ്രസും വിവരമറിഞ്ഞു ഞെട്ടി.

ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ എൻസിപിയുടെ നേതൃത്വം കയ്യടക്കുമെന്ന ഭയമാണ് അജിത് പവാറിന്റെ തിരക്കിട്ട നീക്കത്തിനു പിന്നിലെന്നു സംസാരമുണ്ട്. പവാറിന്റെ പിൻഗാമിയായി താൻ വരുമെന്നാണ് അജിത് കരുതിയിരുന്നത്. എന്നാൽ 2009ൽ പാർലമെന്ററി രാഷ്ട്രീയത്തിൽ സുലെ ഇറങ്ങിയതോടെയാണ് അജിത്തിന്റെ മനസ്സിൽ ഭയം ഉരുണ്ടുകൂടിയത്. പവാറിന്റെ മൂത്ത സഹോദരൻ അനന്തറാവുവിന്റെ മകനാണ് അജിത്.

പവാറിനെപ്പോലെ മഹാരാഷ്ട്രയിലെ സഹകരണ മേഖലയിൽ പിടിമുറുക്കിയാണ് അജിത്തും രാഷ്ട്രീയത്തിൽ സജീവമായത്. എൻസിപി അധ്യക്ഷനായി ഭാവിയിൽ നിയമിക്കപ്പെടുമെന്നാണ് അജിത് മനക്കോട്ട കെട്ടിയത്. സുപ്രിയയും അജിത്തും പരസ്യമായി എതിർപ്പുകളോ അതൃപ്തിയോ പ്രകടിപ്പിച്ചുമില്ല. പവാറിന്റെ അടുത്ത ബന്ധു രോഹിത് പവാർ കൂടി പൊതുമണ്ഡലത്തിൽ എത്തിയതോടെ മൂന്നാം തലമുറയുടെ രംഗപ്രവേശമായി. രോഹിത്തിനു പാർട്ടിവേദികളിൽ കൂടുതൽ സ്വീകാര്യതയും കിട്ടി.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രോഹിത് തീരുമാനിച്ചത് അജിത്തിന് ഇഷ്ടപ്പെട്ടില്ല. തന്നെ മറികടന്ന് പവാർ കുടുംബത്തിലെ ഇളമുറക്കാർ വരുമെന്ന ആശങ്കയാണു മറുപാളയത്തിലേക്ക് ഓടിക്കയറാൻ അജിത്തിനെ പ്രേരിപ്പിച്ചത്. യുപിഎ ഭരണകാലത്ത് സുപ്രിയ സുലെയെ കേന്ദ്രത്തിലും അജിത്ത് പവാറിനെ സംസ്ഥാനത്തും പാർട്ടി ചുമതല ഏൽപ്പിച്ചിരുന്നു. എന്നാൽ കേന്ദ്രത്തിൽ അധികാരം നഷ്ടപ്പെട്ടതോടെ സുപ്രിയ പാർട്ടിയുടെ പ്രധാന തീരുമാനങ്ങളിലെല്ലാം ഇടപെടന്നതായി അജിത്തിന് തോന്നി.

ബിജെപി എംപി സുനിൽ താത്ക്കറെ ആണ് അജിത്തിനെ ബിജെപിയിലേക്ക് അടുപ്പിക്കാനുള്ള ചർച്ചയ്ക്കു ചുക്കാൻ പിടിച്ചത് എന്നാണു റിപ്പോർട്ട്. പാർട്ടി എംഎൽഎമാരെ കൂടെ നിർത്താൻ ശരദ് പവാർ സമാന്തരമായി ശിവസേനയുമായും ചർച്ചകൾ നടത്തി. അജിത്തിനെ എൻസിപിയിൽനിന്ന് പുറത്താക്കുമെന്നാണു വിവരം

ഇന്ദ്രദേവന്റെ സിംഹാസനം നൽകാമെന്നു പറഞ്ഞാലും ഇനി ബിജെപിയുമായി സഖ്യമില്ലെന്നു സഞ്ജയ് റാവുത്ത് പറഞ്ഞു. യുപിഎ– ശിവസേന സഖ്യം അധികാരത്തിലെത്തുമ്പോൾ മുഖ്യമന്ത്രി ശിവസേനയിൽ നിന്നായിരിക്കുമെന്നും മുഖ്യമന്ത്രിപദം 5 വർഷം സേനയ്ക്കു നൽകുന്നതിൽ ഇരുകക്ഷികൾക്കും എതിർപ്പില്ലെന്നും റാവുത്ത് പറഞ്ഞു

മുഖ്യമന്ത്രിസ്ഥാനം അവസാനഘട്ടത്തിൽ സേനയുമായി പങ്കിടാൻ ബിജെപി ഒരുക്കമായിരുന്നല്ലോയെന്ന കേന്ദ്രമന്ത്രി രാംദാസ് അഠാവ്‍ലെയുടെ പ്രസ്താവന മുൻനിർത്തി മാധ്യമപ്രവർത്തകർ ചോദ്യം എറിഞ്ഞപ്പോൾ ഓഫറുകളുടെ കാലം അവസാനിച്ചെന്നായിരുന്നു റാവുത്തിന്റെ മറുപടി. ശിവസേന മേധാവി ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകണമെന്നാണു ജനങ്ങളുടെ ആഗ്രഹം. അത് നടപ്പിലാകുക തന്നെ ചെയ്യും– സഞ്ജയ് റാവുത്ത് പറഞ്ഞു. മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭാവി ശിവസേനയാണ് തീരുമാനിക്കുകയെന്നും റാവുത്ത് പറഞ്ഞു.

Advertisment