Advertisment

ഡല്‍ഹിയിലെ മലയാളി നഴ്‌സിന്റെ മരണം; കയ്യുറകളും മാസ്‌ക്കുകളും ഉള്‍പ്പെടെ ഉപയോഗിച്ച പിപിഇ കിറ്റുകള്‍ വീണ്ടും ഉപയോഗിക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ചിരുന്നു; ഡോക്ടര്‍മാര്‍ക്ക് പുതിയ പിപിഇ കിറ്റുകള്‍ നല്‍കിയപ്പോള്‍ നഴ്‌സുമാരോട് ആവശ്യപ്പെട്ടത് ഉപയോഗിച്ച പിപിഇ വീണ്ടും ഉപയോഗിക്കാന്‍; ഗുരുതര ആരോപണം

New Update

ഡൽഹി: ഡല്‍ഹിയില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചതിനു പിന്നാലെ പുതിയ വെളിപ്പെടുത്തലുകളുമായി സഹപ്രവർത്തകർ. കയ്യുറകളും മാസ്കുകളും ഉൾപ്പെടെ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ) പുനരുപയോഗിക്കാൻ ആശുപത്രി അധികൃതർ തങ്ങളെ നിർബന്ധിച്ചിരുന്നെന്ന് മരിച്ച അംബികയുടെ സഹപ്രവർത്തകർ ആരോപിച്ചു.ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്‌.

Advertisment

publive-image

കൽറ ഹോസ്പിറ്റലിലെ നഴ്‌സായ അംബിക പി.കെ, ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ വച്ച് മരിച്ചത്. മേയ് 21നാണ് അംബികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ആദ്യത്തെ നഴ്‌സാണ് അംബിക.

“ഡോക്ടർമാർക്ക് പുതിയ പിപിഇ നൽകിയപ്പോൾ, നഴ്സുമാരോട് ഉപയോഗിച്ച പിപിഇ വീണ്ടും ഉപയോഗിക്കാൻ ആവശ്യപ്പെട്ടു. എതിർപ്പ് ഉന്നയിച്ചപ്പോൾ, ഇത് കോവിഡ് -19 പ്രത്യേക ആശുപത്രിയല്ലാത്തതിനാൽ, ഞങ്ങൾക്ക് വലിയ അപകടസാധ്യതയില്ലെന്നും പിപിഇ വീണ്ടും ഉപയോഗിക്കാമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.” കൽറ ഹോസ്പിറ്റലിലെ ഒരു മുതിർന്ന നഴ്സിങ് സ്റ്റാഫ് പറഞ്ഞു.

എന്നാൽ ആശുപത്രി ഉടമ ഡോ. ആർ.എൻ.കൽറ ഈ ആരോപണങ്ങൾ നിഷേധിക്കുകയും, ജീവനക്കാർക്ക് മാസ്കും കയ്യുറകളും അടക്കം എല്ലാ സുരക്ഷാ സംവിധാനങ്ങളും പ്രദാനം ചെയ്തിരുന്നുവെന്ന് അവകാശപ്പെട്ടു.

“ആരിൽ നിന്നും എനിക്ക് ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ല. എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ, ഞാൻ അന്വേഷിച്ച് കർശന നടപടിയെടുക്കും,” ഡോ.കൽറ പറഞ്ഞു. നഴ്സ് ഇൻ ചാർജുമാരായ എസ്.വിൽസൺ, അനിത സോണി എന്നിവരുമായും സംസാരിച്ചു. “പിപിഇ, കയ്യുറകൾ, സാനിറ്റൈസറുകൾ എന്നിവ ബൾക്കായി ലഭ്യമാണ്,” അനിത സോണി പറഞ്ഞു.

ആശുപത്രിയിലെ തന്റെ അവസാന ദിനം, പുതിയ പിപിഇ കിറ്റുകളും മാസ്കുകളും ലഭിക്കാത്തതിനെ തുടർന്ന് അംബിക ഒരു നഴ്സ് ഇൻ ചാർജുമായി തർക്കത്തിൽ​ ഏർപ്പെട്ടിരുന്നുവെന്ന്, അംബികയുമായി അടുപ്പമുള്ള മറ്റൊരു നഴ്സ് ആരോപിച്ചു. അംബികയ്‌ക്കൊപ്പം ഐസിയുവിൽ ജോലി ചെയ്തിരുന്ന മറ്റൊരു മുതിർന്ന നഴ്‌സ് ഇത് സ്ഥിരീകരിച്ചു.

മേയ് 18 വരെ അംബിക ആശുപത്രിയിൽ ജോലി ചെയ്തിരുന്നെന്നും, സുഖമില്ലാത്തതിനാൽ രാത്രി ഷിഫ്റ്റിനു പകരം രാവിലത്തെ ഷിഫ്റ്റിലായിരുന്നു ജോലി ചെയ്തിരുന്നതെന്നും അംബികയുടെ സഹപ്രവർത്തകയും സുഹൃത്തുമായ മറ്റൊരു നഴ്സ് പറഞ്ഞു.

“രാത്രിയിൽ അവൾക്ക് പനിയും തൊണ്ടവേദനയും ശരീരവേദനയും ഉണ്ടായിരുന്നു, അതിനാൽ ഞങ്ങൾ അവളോട് വിശ്രമിക്കാൻ പറഞ്ഞു. മേയ് 19 ന് അവൾക്ക് തീരെ വയ്യാതായി, മേയ് 21 ന് അവൾക്ക് ശ്വസിക്കാൻ പ്രയാസമുണ്ടായിരുന്നു, അതിനാൽ അവളെ സഫ്ദർജങ് ആശുപത്രിയിലേക്ക് കൊണ്ടുപോയി,” നഴ്സ് പറഞ്ഞു. മേയ് 24ന് ഉച്ച കഴിഞ്ഞാണ് അംബിക മരിച്ചത്.

അംബികയുടെ ഭർത്താവ് മലേഷ്യയിലും മകൻ കേരളത്തിലുമായിരുന്നു. 16 വയസുള്ള മകളും അംബികയും ഡൽഹിയിലായിരുന്നു. പത്ത് വർഷത്തിലധികമായി അവർ കൽറ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു.

ആശുപത്രി അധികൃതർ ഉപയോഗിച്ച പിപിഇ കിറ്റുകളാണ് നൽകുന്നതെന്ന് അംബിക പരാതി പറഞ്ഞിരുന്നതായി 22കാരനായ മകൻ നിഖിൽ പറഞ്ഞു.

“എന്റെ അമ്മയുടെ അവസ്ഥ വളരെ വേഗം വഷളായി. എത്രയും പെട്ടെന്ന് എങ്ങനെയാണ് ഇവിടെ എത്തുക എന്നെനിക്ക് അറിയില്ലായിരുന്നു. ഉപയോഗിച്ച പിപിഇ കിറ്റുകൾ പുനരുപയോഗം ചെയ്യാൻ ആശുപത്രി അധികൃതർ നിർബന്ധിക്കുന്നുവെന്നും മാസുകകൾക്ക് പണം ഈടാക്കുന്നുവെന്നും അമ്മ പറഞ്ഞിരുന്നു. ഞാൻ പ്രകോപിതനായി, ജോലിക്ക് പോകേണ്ടെന്നും വീട്ടിൽ തന്നെ തുടരാനും ഞാൻ അമ്മയോട് പറഞ്ഞു, പക്ഷേ അമ്മ എന്റെ വാക്കു കേട്ടില്ല, ജോലി തുടർന്നു, ഇപ്പോൾ അമ്മ പോയി.”

അംബികയുടെ മരണത്തെ കുറിച്ച് പത്തനംതിട്ട എംപി ആന്റോ ആന്റണി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും കത്തയച്ചു. പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ അംബികയുടെ കുടുംബത്തിന് 50 ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ നൽകണമെന്ന് അഭ്യർത്ഥിച്ചു. സ്വകാര്യ ആശുപത്രികൾ തങ്ങളുടെ ജീവനക്കാർക്ക് N95 മാസ്കുകൾ ഉൾപ്പെടെ ഒരു തരത്തിലുള്ള സംരക്ഷണ സാമഗ്രികളും നൽകുന്നില്ലെന്ന് കത്തിൽ എംപി ആരോപിച്ചു.

കേജ്‌രിവാളിന് അയച്ച കത്തിൽ, അംബികയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആന്റണി അഭ്യർത്ഥിച്ചു, അംബികയുടെ അകാല മരണം ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ സുരക്ഷയെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

covid 19 ppe kit
Advertisment