Advertisment

കൊവിഡ് ഭീഷണിയെ മറികടന്ന് കുവൈറ്റിലെ മലയാളി സമൂഹം ഓണാഘോഷങ്ങളിലേക്ക് കടക്കുമ്പോള്‍, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നഴ്‌സ് സമൂഹം മുന്നോട്ട്; ഇത്തവണയും കുടുംബത്തിനൊപ്പം ഓണം ആഘോഷിക്കാനാകാത്തതിന്റെ ദുഖത്തില്‍ ഓരോ മലയാളി നഴ്‌സുമാരും; അലവന്‍സ് കിട്ടാത്തതിന്റെ സങ്കടം വേറെ !

New Update

publive-image

Advertisment

കൊവിഡ് വ്യാപനത്തെ അതിജീവിച്ച്, വൈറസ് വകഭേദത്തിന്റെ ഭീഷണികളെ മറികടന്ന് നഷ്ടപ്പെട്ടതൊക്കെയും വീണ്ടെടുക്കാനുള്ള തത്രപ്പാടിലാണ് കുവൈറ്റിലെ മലയാളി സമൂഹം. 2.39 ശതമാനം മാത്രമാണ് നിലവില്‍ കുവൈറ്റിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗമുക്തി നിരക്ക് 98 ശതമാനം കടന്നതോടെ ഇത്തവണത്തെ തിരുവോണം പ്രവാസി മനസുകളില്‍ പ്രതീക്ഷകളുടെ പൂത്തിരി കത്തിക്കുന്നു.

ദുരിതങ്ങളുടെ പെരുമഴക്കാലം പെയ്‌തൊഴിഞ്ഞെന്ന ആശ്വാസം ഓരോ മുഖങ്ങളിലും പ്രകടം. കൊവിഡ് ഭീഷണിയില്‍ കഴിഞ്ഞ വര്‍ഷത്തെ ഓണാഘോഷം കാര്യമായി നടന്നില്ലെങ്കിലും, ഇത്തവണ വീടുകളില്‍ മാത്രമായെങ്കിലും ആഘോഷം കെങ്കേമമാക്കാനാണ് ഓരോരുത്തരുടെയും ശ്രമം.

മാവേലി നാട്ടില്‍ നിന്ന് മരുഭൂമിയിലേക്ക് മാറിത്താമസിക്കുന്നവര്‍ക്ക് മറക്കാനാകാത്ത നിമിഷമാണ് ഓണക്കാലം. കൊവിഡ് മഹാമാരിയില്‍ നിന്നുള്ള അതിജീവനം ഓര്‍മയില്‍ സൂക്ഷിച്ച് ഇത്തവണ ഓണം ആഘോഷിക്കുമ്പോള്‍ എല്ലാവരുടെയും മനസില്‍ അവശേഷിക്കുന്നത് ആരോഗ്യപ്രവര്‍ത്തകരോടുള്ള കടപ്പാട് മാത്രം.

കൊവിഡ് ഭീഷണി പൂര്‍ണമായും ഒഴിഞ്ഞില്ലെങ്കിലും, രോഗവ്യാപനത്തെ പിടിച്ചുകെട്ടി കുവൈറ്റിന് തിരിച്ചുവരവിന്റെ പാതയിലെത്താനായത് മലയാളികളടക്കമുള്ള നഴ്‌സുമാരുടെ നിസ്വാര്‍ത്ഥമായ സേവനം കൊണ്ട് മാത്രമാണ്.

കൊവിഡ് കാലത്ത് വീട്ടിലിരുന്ന്‌ മലയാളി ഓണം ആഘോഷിക്കുമ്പോള്‍, വീട്ടില്‍ ചെല്ലാനോ, ആഘോഷങ്ങളുടെ ഭാഗമാകാനോ കൊവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം നഴ്‌സുമാര്‍ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറച്ച് പേര്‍ക്കെങ്കിലും ഇത്തവണ അവധി ലഭിച്ചത് മാത്രമാണ് ഏക വ്യത്യാസം. എങ്കിലും, അവധി ലഭിക്കാതെ ഇപ്പോഴും കൊവിഡ് പ്രതിരോധ പ്രവര്‍ത്തവുമായി മുന്നോട്ട് പോകുന്ന നഴ്‌സുമാര്‍ നിരവധിയാണ്.

നിരവധി പേര്‍ക്കാണ് രോഗികളെ പരിചരിക്കുന്നതിനിടെ കൊവിഡ് ബാധിച്ചത്. ഒരുപാട് പേരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച മൂന്ന് മലയാളി നഴ്‌സുമാര്‍ കുവൈറ്റില്‍ കൊവിഡ് മഹാമാരിയോട് കീഴടങ്ങി യാത്രയായി. കടുത്ത ജോലിഭാരം മൂലം 2600-ല്‍ അധികം നഴ്‌സുമാര്‍ കുവൈറ്റില്‍ നിന്ന് രാജിവച്ചു. പിന്നീട് ആയിരത്തോളം പാകിസ്ഥാനി നഴ്‌സുമാരെയാണ് പകരം കുവൈറ്റില്‍ നിയമിച്ചത്.

ഇത്തവണയെങ്കിലും നാട്ടില്‍ ഓണം ആഘോഷിക്കാമെന്ന ആഗ്രഹം നടപ്പാകാത്തതാണ് ഏറ്റവും വലിയ ദുഖമെന്ന് നഴ്‌സ് സമൂഹം പറയുന്നു. ഇതിനൊപ്പം, കൊവിഡ് അലവന്‍സ് കിട്ടാത്തതും ഇവരെ പ്രതിസന്ധിയിലാക്കുന്നു. അലവന്‍സ് കിട്ടുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.

മലയാളിയായ സിബി ജോര്‍ജ് കുവൈറ്റില്‍ ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേറ്റ് ഒരു വര്‍ഷം പിന്നിടുകയാണ്. ഈ കാലയളവില്‍ കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. എല്ലാ വിഷയങ്ങളിലും തങ്ങളോടൊപ്പം നില്‍ക്കുന്ന സ്ഥാനപതിയുടെ ഇടപെടല്‍ അലവന്‍സ് കിട്ടുന്ന കാര്യത്തിലും ഉണ്ടാകുമെന്നാണ് നഴ്‌സുമാരുടെ പ്രതീക്ഷ.

Advertisment