Advertisment

ഇരിക്കൂര്‍ കൊയ്യൊഴിഞ്ഞ വയോധികനായ കെസി ജോസഫിനെ യുഡിഎഫ് കണ്‍വീനറാക്കാനൊരുങ്ങി ഉമ്മന്‍ ചാണ്ടി ! പുതിയ നീക്കം തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കടത്തിവെട്ടാന്‍ ! പാര്‍ട്ടി പഴയ തെറ്റുകള്‍ നൂറ്റൊന്നാവര്‍ത്തിക്കരുതെന്ന് പ്രവര്‍ത്തകരുടെ മുന്നറിയിപ്പ് !

New Update

publive-image

Advertisment

കോട്ടയം: വൃദ്ധ നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ പ്രവര്‍ത്തക വികാരം ഉയരുമ്പോഴും കെസി ജോസഫിനെ യുഡിഎഫ് കണ്‍വീനറാക്കാന്‍ നിര്‍ദ്ദേശവുമായി ഉമ്മന്‍ ചാണ്ടി രംഗത്ത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേതൃ പദവികളിലൊന്നില്‍ അര്‍ഹമായ പരിഗണന നല്‍കണമെന്ന ആവശ്യം ഉയരുമ്പോഴാണ് കെസി ജോസഫിനുവേണ്ടിയുള്ള കരുനീക്കങ്ങളുമായി ഉമ്മന്‍ ചാണ്ടിതന്നെ രംഗത്തുവന്നിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.

പാര്‍ട്ടിക്കും മുന്നണിക്കും ഈര്‍ജസ്വലത പകരാന്‍ കഴിയുന്ന നേതൃത്വമാണ് ഇനി വേണ്ടതെന്ന പൊതുവികാരമാണ് തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ഉയരുന്നത്. അതിനിടയിലാണ് പ്രവര്‍ത്തകരെ ഒന്നാകെ നിരാശരാക്കുന്ന നേതാക്കളുടെ പേരുകളുമായി നേതൃത്വം മുന്നിട്ടിറങ്ങുന്നത്.

40 വര്‍ഷത്തിലേറെ ഇരിക്കൂറില്‍ ജനപ്രതിനിധി ആയിരുന്നിട്ടും ആ നാടിനുവേണ്ടി ഒന്നും ചെയ്തില്ലെന്ന ആക്ഷേപങ്ങള്‍ പരിധി ലംഘിക്കുമെന്ന ഘട്ടം വന്നപ്പോഴായിരുന്നു കെസി ജോസഫിന് ഇത്തവണ സീറ്റ് നിഷേധിച്ചത്.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഇദ്ദേഹത്തെ ഇരിക്കൂറില്‍ നിന്നും മാറ്റണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴും താനില്ലെങ്കില്‍ ഇരിക്കൂറില്‍ പരാജയപ്പെടുമെന്ന് നേതാക്കളെ ഭീഷണിപ്പെടുത്തിയായിരുന്നു കെസി സീറ്റ് തരപ്പെടുത്തിയത്. എല്ലാ വിവാദ നീക്കങ്ങളെയും മറികടന്ന് റിക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരുന്നു ഇവിടെ സജീവ് ജോസഫിന്‍റെ ജയം.

എന്തായാലും ഇത്തവണ രണ്ടും കല്‍പിച്ച് പാര്‍ട്ടി കെസിയെ മാറ്റി സജീവ് ജോസഫിനെ ഇരിക്കൂറില്‍ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ എല്ലാം കൈവിട്ടുപോയെന്ന പ്രതീതി ഉണ്ടാക്കുന്ന തരത്തില്‍ വ്യാപക പൊട്ടിത്തെറികളും വിവാദങ്ങളുമായിരുന്നു ഉയര്‍ന്നത്.

അതിനിടെ റിബലിനെ മുന്നില്‍ നിര്‍ത്തി എ, ഐ ഗ്രൂപ്പുകളെ തമ്മില്‍ തല്ലിച്ച് ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായി വീണ്ടും അവതരിക്കാനുള്ള നീക്കവുമായി 'പൂരിപ്പിച്ച നാമനിര്‍ദ്ദേശ പത്രികയുമായി' കെസി അവസാന ദിവസവും ഇരിക്കൂറിലെത്തിയിരുന്നു. കെസിയുടെ കള്ളി വെളിച്ചത്തായതോടെ  ആ നീക്കവും പാളി.

കോട്ടയത്ത് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കാന്‍ പിജെ ജോസഫിനൊപ്പം കരുക്കള്‍ നീക്കിയ കെസി ജോസഫ് അങ്ങനെ ഒഴിവുവന്ന ചങ്ങനാശേരി, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി സീറ്റുകളിലൊന്നില്‍ മത്സരിക്കാനും ശ്രമം നടത്തിയെങ്കിലും കാര്യം കഴിഞ്ഞപ്പോള്‍ പിജെ ജോസഫ് കാലുമാറിയതോടെയാണ് പുറത്തായത്.

ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകള്‍ ജോസഫ് പിടിച്ചെടുത്ത് രണ്ടിടത്തും  ഓരോ മോശം സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചു. അതോടെ റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെ രണ്ട് സീറ്റുകളും എല്‍ഡിഎഫ് പിടിച്ചെടുത്തു. കാഞ്ഞിരപ്പള്ളിയില്‍ കെസിയേക്കാള്‍ മോശം സ്ഥാനാര്‍ഥിയായി ഗ്രൂപ്പ് പിന്‍ബലത്തില്‍ ജോസഫ് വാഴയ്ക്കന്‍ രംഗത്തുവന്നതോടെ അവിടെ ഡോ. എന്‍ ജയരാജിന്‍റെ ഭൂരിപക്ഷം റിക്കാര്‍ഡിട്ടു.

ഈ സാഹചര്യത്തില്‍ 'എംഎല്‍എ - മന്ത്രി' മോഹം ഇല്ലാതായതോടെയാണ് മുന്നണി നേതൃത്വം പിടിച്ചെടുത്ത് പുതിയ കര്‍മ്മപഥം കണ്ടെത്താനുള്ള നീക്കവുമായി കെസിയുടെ കരുനീക്കം.

പ്രതിപക്ഷ നേതൃസ്ഥാനമോ അതല്ലെങ്കില്‍ യുഡിഎഫ് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനമോ, എ ഗ്രൂപ്പില്‍നിന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കണമെന്ന് അഭിപ്രായം ഉയരുമ്പോഴാണ് തിരുവഞ്ചൂരിനെ കടത്തിവെട്ടിയുള്ള കെസി ജോസഫിന്‍റെ നീക്കം.

കെസിയെ നേതൃത്വത്തിലേയ്ക്ക് കൊണ്ടവരികയെന്നാല്‍ പാര്‍ട്ടി പഴയ തെറ്റുകള്‍ നൂറ്റൊന്ന് ആവര്‍ത്തിക്കുകയാണെന്ന സന്ദേശമാണ് നല്‍കുകയെന്ന അഭിപ്രായമാണ് കോണ്‍ഗ്രസില്‍ ഉയരുന്നത്.

 

kottayam news
Advertisment