Advertisment

ഒളിച്ചോടിയെന്നു പ്രചരിപ്പിച്ച ചിദംബരം എഐസിസി ആസ്ഥാനത്ത് ! ഒളിവില്‍ പോയതല്ല, നിയമത്തിന്‍റെ സംരക്ഷണം തേടുന്ന തിരക്കിലായിരുന്നെന്നും ചിദംബരം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: താന്‍ ഒളിച്ചോടിയിട്ടില്ലെന്നും ഐ.എന്‍.എക്സ്. മീഡിയ കേസുമായി ബന്ധപ്പെട്ട് താനോ കുടുംബാംഗങ്ങളോ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ കുറ്റപത്രമില്ലെന്നും മുന്‍ മന്ത്രി പി. ചിദംബരം.

താന്‍ ഒളിവിലാണെന്നുള്ള വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതമാണ്. താന്‍ ഒളിച്ചോടിയിട്ടില്ല. ഇന്നു മുഴുവന്‍ കോടതി നടപടികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചെയ്യുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നിയമത്തില്‍നിന്ന് ഒളിച്ചോടുന്നതിനു പകരം നിയമത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ഇടക്കാല ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജി ഉടന്‍ ഫയലില്‍ സ്വീകരിക്കണമെന്ന് തന്‍റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. അതുവരെ സിബിഐയുടെ ഭാഗത്തുനിന്ന് മറിച്ചൊരു നീക്കവും ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ചിദംബരം ഒളിവില്‍ പോയതായുള്ള വാര്‍ത്തകള്‍ക്കിടയിലാണ് തന്റെ ഭാഗം വിശദീകരിച്ച് അദ്ദേഹം എഐസിസി ആസ്ഥാനത്ത് നാടകീയമായി വാര്‍ത്താസമ്മേളനം നടത്തിയത്.

നിയമത്തെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ അന്വേഷണ ഏജന്‍സിയായ സിബിഐ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുന്നതിന് വെള്ളിയാഴ്ച വരെ കാത്തിരിക്കണം. വെള്ളിയാഴ്ചയും അതിനു ശേഷവും തനിക്ക് നീതി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ചിദംബരം പറഞ്ഞു.

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് രമണ കേസ് നേരത്തെ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് വിട്ടു.

എന്നാല്‍ ചീഫ് ജസ്റ്റിസ് ഇത് തിരികെ രമണയുടെ ബെഞ്ചിലേയ്ക്ക് മടക്കി. തുടര്‍ന്ന് ഉച്ച കഴിഞ്ഞാണ് കേസ് സംബന്ധിച്ച് അഭിഭാഷകരുടെ ചോദ്യത്തിന് മറുപടിയായി കേസ് ചൊവ്വാഴ്ച പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് രമണ വ്യക്തമാക്കിയത്. പിന്നീട് ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് കോടതി രജിസ്ട്രാര്‍ വ്യക്തമാക്കുകയായിരുന്നു.

 

p chidambaram
Advertisment