രാജരാജ ചോളന്റെ കാലത്താണ് പെണ്‍കുട്ടികളെ ക്ഷേത്രങ്ങളില്‍ അടിമകളാക്കി മാറ്റുന്ന ദേവദാസി സമ്പ്രദായം ഉണ്ടായത്‌ ; ‘ഇപ്പോഴുള്ള ക്ഷേത്രം വക ഭൂമികള്‍ ദളിതരുടേത്’; രാജരാജ ചോളനെതിരായ പരാമര്‍ശത്തില്‍ പാ രഞ്ജിത്തിനെതിരേ കേസെടുത്തു

ഫിലിം ഡസ്ക്
Wednesday, June 12, 2019

തഞ്ചാവൂര്‍: രാജരാജ ചോളന്‍ ഒന്നാമനെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ തമിഴ് ചലച്ചിത്ര സംവിധായകന്‍ പാ രഞ്ജിത്തിനെതിരേ പൊലീസ് കേസെടുത്തു. രഞ്ജിത്തിനെതിരേ സാമൂഹ്യ മാധ്യമങ്ങളിലും പുറത്തും ഹിന്ദുത്വവാദികളുടെ പ്രതിഷേധവും വെല്ലുവിളിയും നടക്കുന്നതിനിടെയാണ് അദ്ദേഹത്തിനെതിരേ കേസെടുത്തത്.

ഹിന്ദുമക്കള്‍ കക്ഷി നേതാവ് കാ ബാല നല്‍കിയ പരാതിയിലാണ് തിരുപ്പനന്താല്‍ പൊലീസ് കേസെടുത്തത്. മനഃപൂര്‍വം കലാപമുണ്ടാക്കാനുള്ള ശ്രമം (153), രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുക (153 (എ) (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

രാജരാജ ചോളന്റെ കാലത്താണ് ദളിതരുടെ ഭൂമിയുടെ മേലുള്ള അധികാരം ഇല്ലാതാക്കുകയും ദളിതന്റെ ഭൂമി പിടിച്ചെടുക്കുകയും വലിയ തോതില്‍ ദളിത് വിഭാഗങ്ങളെ അടിച്ചമര്‍ത്തിയതെന്നും രഞ്ജിത്ത് പറയുകയുണ്ടായി. ഇപ്പോഴുള്ള പല ക്ഷേത്രം വക ഭൂമികളും ദളിതരുടെതായിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. രാജരാജ ചോളന്റെ കാലത്താണ് പെണ്‍കുട്ടികളെ ക്ഷേത്രങ്ങളില്‍ അടിമകളാക്കി മാറ്റുന്ന ദേവദാസി സമ്പ്രദായം ഉണ്ടാകുന്നതെന്നും രഞ്ജിത്ത് വിമര്‍ശിച്ചിരുന്നു.

ഈ പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതിനെതിരെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം രൂപപ്പെട്ടത്.

×