പട്ടാളത്തൊപ്പി ധരിച്ച് കളിച്ച സംഭവം; ഇന്ത്യന്‍ ടീമിനെതിരെ നടപടിയാവശ്യപ്പെട്ട് പാക്കിസ്ഥാന്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, March 9, 2019

സൈന്യത്തിന്റെ മാതൃകയിലുള്ള തൊപ്പിയുമായി കളിച്ച ഇന്ത്യന്‍ ടീമിനെതിരെ നടപടിയാവശ്യപ്പെട്ട് പാക്കിസ്ഥാന്‍. കളിയെ രാഷ്ട്രീയവത്കരിക്കുന്നുവെന്ന് ആരോപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് (ഐസിസി) പാക്കിസ്ഥാന്‍ പരാതി നല്‍കി. ഐസിസി ഇക്കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്ന് പാകിസ്ഥാന്‍ വിദേശ കാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി ആവശ്യപ്പെട്ടു.ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ റാഞ്ചിയില്‍ നടന്ന ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ ടീമംഗങ്ങള്‍ സൈനികരുടേത് പോലുള്ള തൊപ്പിയുമായാണ് കളിക്കാനിറങ്ങിയിരുന്നത്.

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ്. ജവാന്‍മാരോടുള്ള ആദരസൂചകമായാണ് ഇന്ത്യന്‍ താരങ്ങള്‍ പട്ടാളത്തൊപ്പി ധരിച്ച് കളിച്ചത്. മത്സരത്തിലെ പ്രതിഫലം ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. നടപടി ആവശ്യപ്പെട്ട് ഐസിസി ക്ക് പരാതി നല്‍കാനും പ്രതിഷേധം അറിയിക്കാനും പാക് വിദേശകാര്യ മന്ത്രി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ ആവശ്യവുമായി പാക് വാര്‍ത്താ വിതരണമന്ത്രിയും പിന്നീട്‌ രംഗത്തെത്തി. ഇത് ക്രിക്കറ്റല്ലെന്നും കളിയെ രാഷ്ട്രീയവത്കരിച്ചെന്നുമാണ് ഫവാദ് ട്വിറ്ററിലൂടെ പ്രതികരിച്ചത്. ഇന്ത്യന്‍ താരങ്ങള്‍ പട്ടാളത്തൊപ്പി ധരിക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം കാശ്മീരിലെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പാക് താരങ്ങള്‍ കറുത്ത ആം ബാന്‍ഡണിഞ്ഞ് കളിക്കാനിറങ്ങുമെന്നും ഫവാദ് ചൗധരി പറഞ്ഞു.

 

×