ഹയർ സെക്കൻഡറി പ്ലസ് വൺ ഏകജാലകം -ഓൺലൈൻ അപേക്ഷ മെയ് 10 മുതൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, May 9, 2019

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 10 മുതൽ ഓൺലൈനായി സ്വീകരിക്കും. മുൻവർഷങ്ങളിലെപ്പോലെ രണ്ടുഘട്ടമായാണ് മുഖ്യ അലോട്ട്‌മെന്റ് നടത്തുക. മുഖ്യ അലോട്ട്‌മെന്റിൽ പ്രവേശനം ലഭിച്ചവർക്ക് സ്കൂളും വിഷയവും മാറാനുള്ള അവസരം നൽകിയശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ തുടങ്ങും. ഭിന്നശേഷിക്കാർക്കും കായികതാരങ്ങൾക്കും പ്രത്യേകം അലോട്ട്‌മെന്റ് ഉണ്ടാകും.

ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും കാര്യങ്ങൾ 

യോഗ്യത– SSLC (കേരള സിലബസ്), CBSE, ICSE, THSLC, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും എസ്എസ്എൽസിക്ക് തുല്യമായ പരീക്ഷ പാസാകണം.

അനാവശ്യ ധൃതി ഒഴിവാക്കുക: അപേക്ഷ സമർപ്പണത്തിന് നാലുലക്ഷത്തിലേറെ പേർ തിക്കും തിരക്കും കൂട്ടുമ്പോൾ ആദ്യദിനങ്ങളിൽ ഏകജാലക സംവിധാനത്തിന്റെ സെർവറുകൾ തകരാറിലായേക്കാം. ആദ്യദിനം അപേക്ഷ സമർപ്പിച്ചതുകൊണ്ട് പ്രവേശനത്തിന് മുൻഗണന ലഭിക്കാനില്ല. അനാവശ്യ ധൃതി ഒഴിവാക്കുക.

അഭിരുചി പ്രധാനം– ഉപരിപഠനത്തിനുള്ള കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ വിദ്യാർഥിയുടെ അഭിരുചിക്ക് തന്നെയാവണം പ്രഥമ പരിഗണന.

ഓൺലൈൻ അപേക്ഷ– ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനു ശേഷം അപേക്ഷയുടെ നാലുപേജ് പ്രിന്റൗട്ടിൽ വിദ്യാർഥിയും രക്ഷിതാവും ഒപ്പുവച്ച് അനുബന്ധ സർടിഫിക്കറ്റുകളുടെയും രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലയിലെ ഏതെങ്കിലും ഗവ. എയ്ഡഡ് സ്കൂൾ പ്രിൻസിപ്പലിന് നിശ്ചിത ഫീസ് സഹിതം യഥാസമയം സമർപ്പിക്കണം. ആവശ്യമായത്ര ഓപ്ഷനുകൾ, സ്കൂൾ കോഡ്, സബ്ജക്ട് കോംബിനേഷൻ കോഡ് എന്നിവയുടെ മുൻഗണനാക്രമം ജാഗ്രതയോടെ നിശ്ചയിക്കുകയും ഓൺലൈനായി രേഖപ്പെടുത്തുകയും വേണം.

ഏറ്റവും താൽപര്യമുള്ള സ്കൂൾ – കോംബിനേഷൻ കോഡ് ഒന്നാമത് എന്ന നിലയിൽ അവരോഹണ ക്രമത്തിൽ വേണം ലിസ്റ്റ് തയാറാക്കാൻ. അപേക്ഷകന് ഒന്നാമത്തെ ഓപ്ഷൻ നൽകിയ സ്കൂളിലേക്കു പ്രവേശനം ലഭിച്ചാൽ സ്വാഭാവികമായി രണ്ടു മുതൽ താഴോട്ടുള്ള എല്ലാ ഓപ്ഷനുകളും റദ്ദാക്കപ്പെടും. ആദ്യ പ്രവേശനം ലഭിച്ച ശേഷമുള്ള സ്കൂൾ കോംബിനേഷൻ ട്രാൻസ്ഫറിന്റെ അവസരത്തിൽപോലും ഇക്കൂട്ടർക്കു മാറ്റം സാധ്യമല്ല.

ഒന്നിലധികം ജില്ലകളിലേക്ക്– മാതൃജില്ലയ്ക്കു പുറമെ മറ്റേതു ജില്ലയിലേക്ക് അപേക്ഷിക്കുമ്പോഴും അപേക്ഷാ ഫീസ് ഡിമാൻഡ് ഡ്രാഫ്റ്റ് ആയി സമർപ്പിക്കണം. ജില്ലാ കോഓർഡിനേറ്റർമാർ പ്രവർത്തിക്കുന്ന സ്കൂൾ പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് എടുത്ത് മോഡ് ഓഫ് പേമെന്റ് എന്ന കോളത്തിൽ ഡിഡി നമ്പർ രേഖപ്പെടുത്തിവേണം അപേക്ഷ പൂരിപ്പിക്കാൻ. അപേക്ഷയുടെ പ്രിന്റൗട്ട് ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം ജില്ലാ കോഓർഡിനേറ്റർക്ക് അയച്ചു കൊടുക്കണം.

കമ്മ്യൂണിറ്റി ക്വോട്ട, മാനേജ്മെന്റ് ക്വോട്ട– എയ്ഡഡ് സ്കൂളുകളിൽ മാത്രമുള്ള മാനേജ്മെന്റ് ക്വോട്ട, കമ്മ്യൂണിറ്റി ക്വോട്ട പ്രവേശനത്തിനുള്ള അപേക്ഷകൾ അതതു സ്കൂളുകളിൽനിന്നു വാങ്ങി അവിടെത്തന്നെ പൂരിപ്പിച്ചു നൽകണം. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണവും പ്രവേശനവും പ്രസ്തുത സ്കൂളുകളിൽത്തന്നെയാണ് നടക്കുന്നത്.

സ്പോർട്സ് ക്വോട്ട– ഓൺലൈൻ കേന്ദ്രീകൃത അലോട്മെന്റ് സംവിധാനമാണ് ഈ വർഷവും നടപ്പാക്കുന്നത്. ഒന്നാംഘട്ടത്തിൽ വിദ്യാർഥികൾ അവരുടെ സ്പോർട്സ് മികവു തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ജില്ലാ സ്പോർട്സ് കൗൺസിലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. തുടർന്നു തങ്ങളുടെ മികവിനനുസൃതമായി ലഭിക്കുന്ന സ്കോർ കാർഡ് കരസ്ഥമാക്കണം. ജില്ലാ സ്പോർട്സ് കൗൺസിൽ നൽകുന്ന സ്കോർ കാർഡ് നമ്പർ സഹിതം സ്പോർട്സ് ക്വോട്ടാ ലിങ്കിലൂടെ വേണം അപേക്ഷ നൽകാൻ. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ഫീസും വെരിഫിക്കേഷനായി സ്കൂൾ പ്രിൻസിപ്പലിനു സമർപ്പിക്കണം. ഇക്കൂട്ടർക്ക് ഏകജാലകത്തിലേക്ക് വേറെ അപേക്ഷ നൽകാവുന്നതാണ്.

ബോണസ് പോയിന്റുകൾ– വിദ്യാർഥിയുടെ എല്ലാ പാഠ്യേതര പ്രവർത്തനങ്ങളുടെയും സർട്ടിഫിക്കറ്റുകൾ പ്രവേശനം നേടുന്നതിൽ സ്വാധീനം ചെലുത്തുന്നതിനാൽ ഇവയുടെ വിശദാംശങ്ങൾ ഓൺലൈൻ അപേക്ഷയിൽ ടിക്ക് മാർക്ക് ചെയ്യുന്നതിനും പ്രസ്തുത സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം.

ട്രയൽ അലോട്മെന്റ്– അവസാന തിയതി വരെ ലഭ്യമായ എല്ലാ അപേക്ഷകളും പരിഗണിച്ചു തയാറാക്കുന്ന ഒരു സാധ്യതാ പ്രവേശനപ്പട്ടികയാണ് ട്രയൽ അലോട്മെന്റ്. മെയ് 20ന് ഇതു പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് റാങ്ക് പട്ടിക പരിശോധിക്കുന്നതിനും അവസാനവട്ട തിരുത്തലുകൾ വരുത്തുന്നതിനും ഈ അവസരം വിനിയോഗിക്കാം. സ്കൂൾ കോംബിനേഷൻ ഉൾപ്പെടെ ക്രമീകരിക്കുവാനും ഈ ഘട്ടത്തിലും അവസരം ലഭിക്കും. അപേക്ഷ സമർപ്പണ വേളയിൽ ലഭിച്ച അക്നോളജ്മെന്റ് സ്ലിപ്പിലെ നമ്പർ ഉപയോഗിച്ച് വെബ്സൈറ്റിലേക്കു പ്രവേശിക്കാവുന്നതാണ്.

തെറ്റ് തിരുത്തൽ– തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്മെന്റ് റദ്ദാക്കുകയും അങ്ങനെയുള്ളവരുടെ പ്രവേശന സാധ്യത ഇല്ലാതാവുകയും ചെയ്യും. അതിനാൽ അപേക്ഷാ വിവരങ്ങളുടെ കൃത്യത ഓൺലൈനായി ഉറപ്പു വരുത്തേണ്ടത് വിദ്യാർഥിയുടെയും രക്ഷിതാവിന്റെയും ചുമതലയാണ്. സ്കൂൾതല വെരിഫിക്കേഷനു ശേഷം അപേക്ഷയിലെ വിവരങ്ങൾ ഓൺലൈനായി പരിശോധിക്കുന്നതിനും തിരുത്തൽ അപേക്ഷ സമർപ്പിക്കുന്നതിനും വിദ്യാർഥികൾക്ക് അവസരമുണ്ട്. അപേക്ഷ സമർപ്പിച്ച സ്കൂളിലെ പ്രിൻസിപ്പലിനാണ് നിശ്ചിത ഫോറത്തിൽ തിരുത്തൽ അപേക്ഷ സമർപ്പിക്കേണ്ടത്.

ഹെൽപ് ഡെസ്കുകൾ– അപേക്ഷ ഓൺലൈൻ സമർപ്പണം, അപേക്ഷയിലെ വിവരങ്ങൾ പരിശോധിക്കൽ തുടങ്ങി വിദ്യാർഥികളുടെ എല്ലാ സംശയങ്ങളും പരിഹരിക്കുന്നതിന് സ്കൂൾതലത്തിൽ അധ്യാപകരും രക്ഷകർതൃസമിതികളും ഉൾപ്പെടുന്ന ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കും

 

  • പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായി മെയ് 10 മുതൽ ഓണ്‍ലൈനായി അപേക്ഷിക്കാം
  • അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി മെയ് 16 ആണ്
  • അപേക്ഷാ വിവരങ്ങളിലെ തെറ്റുകൾ തിരുത്താൻ നിശ്ചിത മാതൃകയിൽ അപേക്ഷിക്കാം
  • ‌ട്രയൽ അലോട്ട്മെന്റ് മെയ് 20ന് നടക്കും
  • ആദ്യ അലോട്ട്മെന്റ് മെയ് 24ന്
  • മുഖ്യ അലോട്ട്മെന്റുകൾ പൂർത്തിയാകുന്നത് മെയ് 31ന്
  • ക്ലാസ് തുടങ്ങുന്നത് ജൂൺ 3ന്
×