Advertisment

ജനതാകര്‍ഫ്യൂ മുതല്‍ രാജ്യം കൊവിഡിനെതിരായ പോരാട്ടത്തിലെന്ന് പ്രധാനമന്ത്രി; സ്ഥിതി മെച്ചപ്പെട്ടെങ്കിലും വൈറസ് നമ്മുടെ ഇടയിലുണ്ടെന്ന് ഓര്‍ക്കണം; കൊവിഡ് ഭീതി മാറിയെന്ന മട്ടില്‍ പലരും പെരുമാറുന്നു; വാക്‌സിന്‍ ലഭ്യമാകും വരെ പോരാട്ടം തുടരണമെന്നും പ്രധാനമന്ത്രി; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി; വീഡിയോ

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ജനതാകര്‍ഫ്യൂ മുതല്‍ രാജ്യം കൊവിഡിനെതിരായ പോരാട്ടത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ മരണ നിരക്ക് കുറവാണ്. പരിശോധനകളുടെ എണ്ണം തുടക്കം മുതൽ കൂട്ടാൻ കഴിഞ്ഞു. കൊവിഡ് മുന്നണി പോരാളികളുടെ ശ്രമഫലമായി സ്ഥിതി നിയന്ത്രിക്കാനായി. ജാഗ്രതയില്ലാതെ പുറത്തിറങ്ങുന്നവർ മറ്റുള്ളവർക്ക് ഭീഷണിയാകും.

സ്ഥിതി മെച്ചപ്പെട്ടെങ്കിലും വൈറസ് നമ്മുടെ ഇടയിലുണ്ടെന്ന് ഓര്‍ക്കണം. കൊവിഡ് ഭീതി മാറിയെന്ന മട്ടില്‍ പലരും പെരുമാറുന്നു. വാക്‌സിന്‍ ലഭ്യമാകും വരെ പോരാട്ടം തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മരുന്ന് വരുമ്പോൾ ഓരോരുത്തർക്കും ഇത് എത്തിക്കാനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞു.

ഇപ്പോൾ എല്ലാവരും വീടുകളിൽനിന്ന് പുറത്തിറങ്ങുന്നു. ഉത്സവകാലത്ത് കോവിഡിനെതിരെ അതീവ ജാഗ്രത വേണം. കടകമ്പോളങ്ങളിൽ തിരക്കേറാൻ സാധ്യത കൂടുതലാണ്. അതിനാൽ പുറത്തിറങ്ങുമ്പോൾ എല്ലാവരും ശ്രദ്ധിക്കണം. ലോക്ഡൗണിനുശേഷം ഇത് ഏഴാംതവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

കഴിഞ്ഞ ഏഴ്–എട്ട് മാസങ്ങളിൽ ഒരോ ഇന്ത്യക്കാരനും സഹകരിച്ചതിനാൽ രാജ്യം ഇന്ന് മെച്ചപ്പെട്ട നിലയിലാണ്. ഇത് നശിപ്പിക്കാൻ അനുവദിക്കരുത്. സ്ഥിതിഗതികള്‍ കൈവിട്ടുപോകാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ പത്തു ലക്ഷം പേരില്‍ 5,500 പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിക്കുന്നത്. അമേരിക്കയും ബ്രസീലും പോലെയുള്ള രാജ്യങ്ങളില്‍ ഇത് 25,000-ത്തോളമാണ്. രാജ്യത്തെ പത്തുലക്ഷം പേരില്‍ 83 പേരാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്. എന്നാല്‍, യു.എസ്, ബ്രസീല്‍, സ്പെയിന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ അത് 600-ന് മുകളിലാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വാക്സീൻ തയാറായാലുടൻ എല്ലാ ഇന്ത്യക്കാർക്കും പെട്ടെന്ന് ലഭ്യമാക്കാൻ ശ്രമിക്കും. ഇന്ത്യയിൽ 90 ലക്ഷത്തോളം കോവിഡ് രോഗികൾക്കുള്ള കിടക്കകൾ സജ്ജമാണ്. 12,000 ക്വാറന്റീൻ സെന്ററുകൾ, 2000ത്തോളം കോവിഡ് പരിശോധനാ ലാബുകൾ എന്നിവയുണ്ട്. പത്ത് കോടിയോളം ആളുകളിൽ പരിശോധന അടുത്തുതന്നെ പൂർത്തിയാകും.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സാവധാനം പൂർവസ്ഥിതിയിലേക്ക് മടങ്ങിവരികയാണ്. ഇന്ത്യയിലെ പോസിറ്റിവിറ്റി നിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. ചെറിയ അശ്രദ്ധ പോലും നേട്ടങ്ങളും സന്തോഷവും ഇല്ലാതാക്കും.അതിനാൽ എല്ലാവരും കൊവിഡ് പ്രോട്ടോക്കോൾ കൃതൃമായി പാലിക്കണം. പുറത്തിറങ്ങുമ്പോൾ അന്യരിൽ നിന്നും ആറടി അകലം പാലിക്കണം. മാസ്ക് ധരിക്കണം. മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇതിനായുള്ള ബോധവത്കരണം നടത്തണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Advertisment