ഇന്ത്യയില്‍ മതേതരത്വ സർക്കാർ രൂപീകരിക്കാൻ എല്ലാ മതേതര കക്ഷികളും ഒന്നിക്കണം – നിലപാട് ആവര്‍ത്തിച്ച് പ്രകാശ് കാരാട്ട്. ഇന്ത്യ ഇന്നുവരെ കാണാത്ത അപകടകരമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, January 11, 2019

കുവൈറ്റ് : ഇന്ത്യ ഇന്ന് വരെ കാണാത്ത അപകടകരമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.

രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമമാണ് ആർ.എസ്.എസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും കാരാട്ട് പറഞ്ഞു. കുവൈത്തിൽ കല കുവൈറ്റിന്റെ നാൽപതാം വാർഷിക ആഘോഷ സമാപന നമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാരാട്ട്.

ഭരണഘടനയെ അപ്രസക്തമാക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് . ആർ.എസ്.എസ് താൽപര്യങ്ങൾ ഭരണഘടനാ സിരാ കേന്ദ്രങ്ങളിലേയ്ക്ക് നുഴഞ്ഞ് കയറുകയാണ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി മാറ്റുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും കാരാട്ട് ആരോപിച്ചു.

നൂറ് ദിവസത്തിനുള്ളിൽ നടക്കാനിരിക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ നിലവിലെ കേന്ദ്ര സർക്കാരിനെ താഴെയിറക്കി മതേതരത്വ സർക്കാർ രൂപീകരിക്കാൻ എല്ലാ മതേതര കക്ഷികളും ഒന്നിച്ച്‌ നിൽക്കണമെന്നും കാരാട്ട് ആവശ്യപെട്ടു .

കലയുടെ നാല്പതാം വാർഷികാഘോഷ ഉത്ഘാടനം പ്രകാശ്കാരാട്ട് നിർവഹിച്ചു . നാഗനാഥൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജി തോമസ് സ്വാഗത൦ പറഞ്ഞു .

ടി വി ഹികമത്, ജെ സജി, എൻ അജിത്കുമാർ, രമേശ് കണ്ണപുരം, ബി ഇ സി കുവൈറ്റ് മാനേജർ മാത്യു വര്ഗീസ്, എബി വരിക്കാട്, ഷെരിഫ് താമരശ്ശേരി, രമ അജിത്, പ്രസീത് കരുണാകരൻ, എം.ഡി മുസാഫിർ, അനിൽകുമാർ എന്നിവർ സംസാരിച്ചു.

ആദ്യകാല പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.

×