Advertisment

കാനഡ - കൊറോണ വ്യാപനം അടിയന്തിരാവസ്ഥയുടെ മുപ്പതാം നാൾ

New Update

കാനഡ: കൊറോണ വ്യാപനം അടിയന്തിരാവസ്ഥയുടെ മുപ്പതാം നാൾ

കാനഡയിൽ കൊറോണ വ്യാപനം തുടരുമ്പോൾ, നാം എങ്ങോട്ട് എന്നുള്ള ആശങ്ക പൊതുസമൂഹത്തിൽ ഒരു നിഴൽ പോലെ പിൻതുടരുന്നു.

Advertisment

കർശന നടപടികളുമായി ഫെഡറൽ സർക്കാരും വിവിധ പ്രവിശ്യകളും വ്യാപനം തടയുവാൻ ശ്രമിയ്ക്കുമ്പോൾ ജനങ്ങൾ എത്രത്തോളം അതുമായി സഹകരിയ്ക്കുന്നു എന്നത് വലിയൊരു ചോദ്യ ചിഹ്നം ആയി നിലനിൽക്കുന്നു.

publive-image

പ്രോഗ്രസ്സിവ് സോഷ്യലിസ്റ് രാജ്യം ആയ കാനഡയിൽ വ്യക്തികളുടെ സ്വാകാര്യ അവസ്ഥകൾ സർക്കാർ സ്ഥാപനങ്ങളും ആയും, പൊതു സമൂഹവും വ്യക്തികളായും ഒക്കെ ആയി, പങ്കു വയ്ക്കുന്നതിനും, വെളിപ്പെടുത്തുന്നതിനും ഒക്കെ വ്യക്തി സ്വാതന്ത്രവും, അതിനുള്ള അവകാശവും ഒക്കെ വ്യക്തികളിൽ തന്നെ നിക്ഷിപ്തമായിരിയ്ക്കുന്നു, മാനദണ്ഡങ്ങളിലും വ്യത്യാസം പുലർത്തുന്നു.

അതുകൊണ്ടു തന്നെ മാസ്ക്, കൈയ്യുറകൾ ധരിയ്ക്കുക, മറ്റു ചില ക്രമീകരണങ്ങൾ ഒക്കെ ചുരുക്കം ചില ആളുകൾ എങ്കിലും പാലിയ്ക്കുന്നില്ല എന്നതാണ് സത്യം.

കാനഡയിലെ ജനങ്ങൾ സാധാരണ ജീവിതത്തിൽ തന്നെ സാമൂഹിക അകലം പാലിയ്ക്കുന്നവർ ആണ്. ജനസംഖ്യയുടെ മൂന്നിൽ ഒന്ന് ഹസ്തദാനം, പരസ്പരം ആലിംഗനം ചെയ്തും ഉള്ള സംബോധനകൾ പാലിയ്ക്കാത്തവർ ആണ്.

ചില പ്രത്യേക വിഭാഗം ഒഴികെ ഉള്ളവർ അണു കുടുംബങ്ങളും, പ്രായപൂർത്തിയായ മക്കൾ സ്വന്തമായി മാറി താമസിയ്ക്കുന്നവരും ആണ്. ഇനി പബ്ലിക് ട്രാൻസിറ്റ് ബസ്സുകൾ, ട്രെയിനുകൾ ഉപയോഗിയ്ക്കുന്നവർ, അത്യാവശ്യ സർവീസുകളിൽ തൊഴിൽ ചെയ്യുന്നവർ, പുറം രാജ്യങ്ങളിൽ പലകാരണങ്ങളിൽ യാത്രകൾ ചെയ്യുന്നവർ എന്നിവർ ആണ് രോഗ വാഹകർ.

കേരളത്തിന്റേതിന് സമാനമായ ജനസംഖ്യയും, എന്നാൽ ഇന്ത്യയുടെ മൂന്നിരട്ടിയിലധികം വിസ്തൃതവും ആണെന്നുള്ള വസ്തുത നമുക്ക് കണക്കിലാക്കാതെ വയ്യ. ചുരുക്കി പറഞ്ഞാൽ സർക്കാർ പറയുന്ന നിബന്ധനകൾ പാലിച്ചു, സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ, ഇളവുകൾ കൈപ്പറ്റി സ്വയം വീടുകളിൽ ഇരിയ്ക്കാതെ, അമിതമായ പണക്കൊതി, മറ്റു പല വ്യക്തി നേട്ടങ്ങൾക്കും വേണ്ടി പുറത്തിറങ്ങിയും അല്ലാതെയും ഒക്കെ വരുത്തി വയ്ക്കുന്ന വിനയാണ് ഈ മുപ്പതു ദിവസത്തെ കൊറോണ വ്യാപന നിരക്കിലെ വർദ്ധനവ് എന്ന് നിസ്സസംശയം പറയാം.

കാനഡയിലെ ആദ്യ കോവിഡ് ബാധ കണ്ടു പിടിയ്ക്കുന്നതു 25 ജനുവരി 2020-ൽ ആണ്. അതിനു ശേഷം അത് മാർച്ച് 20 കഴിയുമ്പോൾ 1000 നു മുകളിൽ രോഗ ബാധിതർ കാനഡയിൽ ഉണ്ടാവുകയും ഒന്റാറിയോ പ്രവിശ്യയിലെ മഹാ നഗരം ആയ ടൊറന്റോ ഉൾപ്പടെ മാർച്ചു 24 നു അടിയന്തിരാവസ്ഥ പ്രഖ്യാപിയ്ക്കുകയുണ്ടായി.

അത്യാവശ്യ സർവിസുകളുടെ ഒരു ലിസ്റ്റ് പ്രഖ്യാപിയ്ക്കുകയും അതനുസരിച്ചു നിരവധി വാണിജ്യ, വ്യവസായ, കയറ്റുമതി സ്ഥാപങ്ങളും, യാത്രാ സർവീസുകളും കർശന നിബന്ധനകളിലൂടെ പ്രവർത്തനം ചുരുക്കുകയും, അടച്ചു പൂട്ടുകയും ഒക്കെ ചെയ്തു.

സ്‌കൂളുകൾ അനിശ്ചിത കാലത്തേയ്ക്ക് അടച്ചു പൂട്ടി. ഇന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു ഒരു മാസം തികയുമ്പോൾ കാനഡയുടെ സ്ഥിതി വളരെ പരിതാപകരം തന്നെ.

മാർച്ച് 26 നു 4000 കോവിഡ് ബാധിതർ ഉണ്ടായിരുന്ന കാനഡയിൽ ഇന്നത് 42110 പോസിറ്റീവ് കേസുകളും, 2150 മരണവും എന്ന നിലയിലേയ്ക്ക് ഉയർന്നിരിയ്ക്കുന്നു. സർക്കാർ പട്ടാളത്തിന്റെ കൂടെ സഹായത്താൽ ആരോഗ്യ രംഗത്ത് കഠിന പ്രവർത്തനം തുടരുമ്പോൾ, വിവിധ സാമ്പത്തീക സഹായങ്ങൾ പൊതു ജനങ്ങൾക്ക് നൽകി വരുമ്പോൾ, പൊതു ജനം എത്രത്തോളം ഈ നിയമങ്ങൾ പാലിച്ചു സ്വന്തം വീടുകളിൽ കഴിയുന്നു എന്നത് വിലയിരുത്തേണ്ടി ഇരിയ്ക്കുന്നു.

സർക്കാർ സംവിധാനങ്ങൾ വഴി വീടും, അഡ്രസ്സും ഇല്ലാത്തവർക്ക് വരെ സഹായ പദ്ധതികൾ ദിനംപ്രതി സർക്കാർ നൽകിവരുന്ന സാഹചര്യത്തിൽ , അത്യാഗ്രഹികൾ ആയ ചിലർ സർക്കാരിന്റെ സഹായം പറ്റി , രേഖകൾ ഇല്ലാതെ "ക്യാഷ് ജോബ്" കൂടി ചെയ്തു പണക്കാർ ആകുവാൻ ശ്രമിയ്ക്കുന്ന ദയനീയ അവസ്ഥ ഇപ്പോഴും നിലനിൽക്കുന്നു.

മരണം മുന്നിൽ കൊറോണ രൂപത്തിൽ ഓടി കളിയ്ക്കുമ്പോഴും പണത്തോടുള്ള ഈ അമിതാവേശം മൂലം നിരത്തുകൾ, ചില സ്ഥാപനങ്ങൾ എന്നിവ ഇപ്പോഴും സജീവം ആണ്.

ഇതുപോലെ സ്വയം ശ്രദ്ധിയ്ക്കാത്തവർ, നിയമം ലംഘിക്കുന്നവർ , രോഗ വാഹകർ ആകുന്നു എന്നത് കൊണ്ട് അത് സമൂഹത്തിനു തന്നെ ഭീഷണിയും ആകുന്നുണ്ട്. കടുത്ത സർക്കാർ നിയന്ത്രണങ്ങൾക്കിടയിൽ , പൊതു ജനത്തിന്റെ അശ്രദ്ധ മൂലം രോഗ വ്യാപനം ഉണ്ടാകുന്നതിന്റെ ഒരു കാരണം മാത്രമാണ് ഇത്.

പ്രവിശ്യകൾ തരം തിരിച്ചു രോഗവ്യാപനവും, കെടുതിയും കണക്കാക്കിയാൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനം കുബക്ക് ആണ്. ഫ്രഞ്ച് വംശജരും, അറബ് വംശജരും ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനം ആണ് കുബക്ക്. ഫ്രഞ്ച് ഭാഷ ഒന്നാം ഭാഷയും, നിയമപരമായും, ജീവിത രീതിയിലും, ഘടനയിലും, വ്യക്തി സ്വാതന്ത്ര്യത്തിലും ഒക്കെ വ്യത്യസ്തമായ പ്രദേശം.

അടിയന്തിരാവസ്ഥ ഉൾപ്പടെ, അതിർത്തികൾ അടച്ചും, രാജ്യാന്തര യാത്രകൾ വിലക്കിയും, അത്യാവശ്യ സർവീസുകൾ മാത്രം അനുവദിച്ചും, കാനഡയിൽ കർശന നിയന്ത്രണങ്ങൾ 30 ദിവസം പിന്നിടുന്നു.

സസ്കാചിവാൻ പ്രവിശ്യയിൽ ഇളവുകൾ അടുത്ത വാരം പ്രഖ്യാപിയ്ക്കുവാൻ ഇരിയ്ക്കേ മറ്റു പ്രവിശ്യകളിൽ അതാതു പ്രവിശ്യകളിലെ കൊറോണ വ്യാപനത്തിന്റെ തോത് അനുസരിച്ചു ഇളവുകൾ പ്രഖ്യാപിയ്ക്കുവാൻ അനുവാദം നൽകി കഴിഞ്ഞു.

കാനഡയിൽ ഇതുവരെ 44,364 പോസിറ്റീവ് കേസുകളും 15,963 രോഗം മാറിയവരും 2,350 മരണവും ആണ് സ്ഥിരീകരിച്ചിട്ടുള്ളത്.

22,616 പോസിറ്റീവ് കേസുകളും 4,724 രോഗം മാറിയവരും 1,340 മരണവും ആണ് കുബക്കിൽ ഉള്ളത്.

ഇനി കാനഡയിലെ ഏറ്റവും ജനസംഖ്യയും ടൊറന്റോ എന്ന വലിയ നഗരവും ഉള്ള ഒന്റാറിയോ സംസ്ഥാനം എടുത്താൽ 13,995 പോസിറ്റീവ് കേസുകളും 7,509 രോഗം മാറിയവരും 811 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

അതി വ്യാപനം ഇല്ല എങ്കിലും തൊട്ടു പിന്നിലായി , എണ്ണയുടെ നഗരം ആയ ആൽബർട്ടയും, പൂക്കളുടെ നഗരം ആയ ബ്രിട്ടീഷ് കൊളംബിയയും ഉണ്ട്.

ഈ നഗരങ്ങളിലെ എല്ലാം രോഗ വ്യാപനത്തിനും, മരണത്തിനും ഒക്കെ സമാന സ്വഭാവങ്ങൾ ഉണ്ട്. കൂടുതൽ മരണവും സംഭവിച്ചിരിയ്ക്കുന്നതു ലോങ്ങ് ടൈം കെയർ സെന്ററുകൾ, ഭിന്ന ശേഷിക്കാർ, ഓട്ടിസം പോലുള്ള ക്ലേശം അനുഭവിയ്ക്കുന്ന പരസഹായത്തോടെ ദിനങ്ങൾ തള്ളി നീക്കുന്നവർ, ഹോംലെസ്സ് ആളുകൾ എന്നിവർക്കാണ്. അതും 40 വയസ്സിനു മുകളിൽ പ്രായം ഉള്ളവരിൽ.

ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരിലും രോഗ ബാധ കണ്ടു വരുന്നു. സാമൂഹിക അകലം പാലിയ്ക്കൽ, മാസ്കുകൾ, കൈയുറകൾ, മറ്റു സുരക്ഷാ മാർഗ്ഗങ്ങൾ , സെല്ഫ് കോറന്റിൻ ഒക്കെ സർക്കാർ നിരന്തരം വിവിധ മാധ്യമങ്ങളിലൂടെയും, കൂട്ടം കൂടുന്നവർക്കു പിഴ ചുമത്തിയും ഒക്കെ കർശനമായി നടപ്പിലാക്കി വരുന്നു എങ്കിലും , അത് അടിയന്തിരാവസ്ഥയുടെ മുപ്പതാം നാളിലും കൊറോണ വ്യാപന നിരക്കിലോ മരണത്തിന്റെ കാര്യത്തിലോ ഗ്രാഫിനെ ക്രമമായി താഴേയ്ക്ക് വളയ്ക്കുവാൻ സാധിച്ചിട്ടില്ല എന്നത് ഒരു സത്യം ആണ്.

അതിർത്തികൾ അടച്ചും, യാത്രാ ലംഘനവും, സ്ഥാപനങ്ങൾ അടച്ചും ഒക്കെ സർക്കാരിന്റെ കഠിന പ്രയത്നത്തിൽ ജനങ്ങൾ സ്വയം സന്നദ്ധരായി പൂർണ്ണമായും സഹകരിയ്ക്കാത്തിടത്തോളം കാനഡ എന്ന് നമ്മ വിശേഷിപ്പിയ്ക്കുന്ന സ്വർഗ്ഗ രാജ്യം എത്രകാലം നമുക്ക് ഇതുപോലെ കാണുവാൻ കഴിയും എന്ന് ഇപ്പോൾ പ്രവചനാതീതമാണ്.

ചെറിയ ചെറിയ സന്തോഷങ്ങൾക്കു വേണ്ടി വിലകൊടുക്കേണ്ടി വരുന്നത് വലിയ ഒരു സമൂഹത്തിന്റെ ജീവനും, ആരോഗ്യത്തിനു നേരെ ഉള്ള വെല്ലുവിളിയും ആണ്. സ്വയം സുരക്ഷിതരായി ഇരുന്നുകൊണ്ട് മറ്റുള്ളവരെ സുരക്ഷിതമാക്കുന്നതിലൂടെ ഒരു രാജ്യം തന്നെ സുരക്ഷിതം ആകുമെന്ന് അടിവരയിടുന്നു.

Advertisment