Advertisment

അയർലണ്ടിലെ ഏറ്റവും വലിയ ഓണാഘോഷം കോർക്ക് മലയാളികൾ ആഘോഷിച്ചു

author-image
ന്യൂസ് ബ്യൂറോ, അയര്‍ലണ്ട്
Updated On
New Update

കോർക്ക്:  കോർക്കിലെ പ്രമുഖ മലയാളീ സംഘടനകളായ കോർക്ക് പ്രവാസി മലയാളി അസോസിയേഷനും, വേൾഡ് മലയാളി കൗൺസിലും സംയുക്തമായി സെപ്റ്റംബർ 14 ശനിയാഴ്ച്ച ഓണമാഘോഷിച്ചു. മാവേലിയുടെ നാട്ടിൽ മാനവരെല്ലാരും ഒന്നുപോലെയെന്ന ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ടു കോർക്കിലെ മലയാളികൾ ഒന്നായി ഒരു മനസ്സോടെ ഓണത്തെ ഒരു ഉത്സവമാക്കി മാറ്റി.

Advertisment

publive-image

അയർലണ്ടിൽ ഇന്നേവരെ നടന്നിട്ടുള്ളതിൽ വച്ചേറ്റവും വലിയ ഓണാഘോഷം ജനപങ്കാളിത്തംകൊണ്ടും, പരിപാടികളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധയാകർഷിച്ചു. ഓണക്കളികൾക്കും വടംവലിമത്സരത്തിനും പുറമെ, കോർക്കിൽ ആദ്യമായി അരങ്ങേറിയ ചെണ്ടമേളം കാണികളുടെ പ്രശംസ പിടിച്ചുപറ്റി. സ്വാദിഷ്ടമായ ഓണസദ്യ ആസ്വദിക്കുവാനും വിളമ്പുവാനും വൈദീകരടക്കമുള്ള ജനങ്ങൾ ഒത്തൊരുമയോടെ പരസ്പരം സഹകരിക്കുകയും, സഹായിക്കുകയും ചെയ്തത് വേറിട്ട കാഴ്ചയായി.

തുടർന്ന് നടന്ന പൊതുസമ്മേളനം മാവേലിയും, വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ ശ്രീ ജയ്‌സൺ ജോസഫും, കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീ ബിനു തോമസും ചേർന്ന് നിലവിളക്ക് കൊളുത്തി നിർവ്വഹിച്ചു. ഇക്കഴിഞ്ഞ ജൂണിൽ മരണമടഞ്ഞ കോർക്ക് നിവാസി ലിജു വർഗ്ഗീസിനു യോഗം ആദരാജ്ഞലികൾ അർപ്പിച്ചു.

publive-image

തുടർന്ന് നടന്ന ഗാനമേളയും ഉയർന്ന നിലവാരത്തിലുള്ള കലാപരിപാടികളുടെ വ്യത്യസ്തമാർന്ന അവതരണവും ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി. കോർക്കിലെ പ്രവാസി സമൂഹത്തിൽനിന്നും ലീവിങ് സർട്ടിഫിക്കറ്റ് (Leaving Certificate) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സിബിൾ സിറിയക്ക്, മിലൻ റോയ്, സാറ ബിജു, ഷാരോൺ ഷാജു, റ്റീന റ്റോണി എന്നിവരെ അനുമോദിക്കുകയും അവർക്ക് ഷീൽഡുകൾ വിതരണം ചെയ്യുകയും ചെയ്തു.

കോർക്കിൽ നിന്നും സ്ഥലം മാറി പോകുന്ന എബി കുര്യൻ, മനോജ് വർഗ്ഗീസ്, സാജൻ ചെറിയാൻ എന്നിവർക്കും കുടുംബങ്ങൾക്കും കോർക്കിലെ സമൂഹം നന്ദിയോടെ യാത്രയയപ്പ് നൽകുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.

publive-image

അത്തപ്പൂക്കളമത്സരത്തിൽ, ഈസ്റ്റ് കോർക്കും വടംവലി മത്സരം പുരുഷവിഭാഗത്തിൽ വിൽട്ടൻ ബോയ്സും, സ്ത്രീകളുടെ വിഭാഗത്തിൽ ബ്ലൂമിങ് ഗേൾസും ജേതാക്കളായി. വിജയികൾക്കുള്ള ട്രോഫിയും കാഷ് പ്രൈസും ഓണാഘോഷ കമ്മിറ്റി കൺവീനർമാരായ ശ്രീ ലിജോ ജോസഫും ബിനു തോമസും ചേർന്ന് വിതരണം ചെയ്തു.

publive-image

ഓണക്കളികളുടെ സമ്മാനദാനം കോർക്ക് പ്രവാസിയെ പ്രതിനിധീകരിച്ചു സഞ്ജിത് ജോൺ, അജേഷ് ജോൺ, സാജോഷ് ജോയ്, സാജൻ, ജെനിഷ് ജെയിംസ്, സുരേഷ് കൃഷ്ണൻ എന്നിവരും വേൾഡ് മലയാളിയെ പ്രതിനിധീകരിച്ചു ഗ്ലോബൽ ചെയർമാൻ ഷാജു, ജയ്സൻ ജോസഫ്, ജോണ്സണ് ചാൾസ്, ലിജോ ജോസഫ്, ജോമോൻ, റ്റുബിഷ് തുടങ്ങിയവർ നിർവഹിച്ചു.

ആഘോഷത്തിൽ ജനങ്ങളുടെ സഹായസഹകരണങ്ങൾ മറക്കാനാവില്ലെന്നും, പരിപാടിയിൽ കാണികൾ മാത്രമായി മാറി നിൽക്കാതെ എല്ലാവരുംതന്നെ സഹായിക്കാൻ മുന്നോട്ടു വന്നുവെന്നതിൽ സന്തോഷമുണ്ടെന്നും ഓണാഘോഷകമ്മിറ്റിയംഗങ്ങളായ ജോസ് പി കുര്യൻ, മധു മാത്യു, എബി തോമസ്, റോയ് കൊച്ചാക്കൻ എന്നിവർ അറിയിച്ചു.

publive-image

അയർലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓണാഘോഷം വൻവിജയമാക്കി തീർത്തിന് കോർക്കിലെ ജനങ്ങളോടും, കൂടാതെ പരിപാടിയുമായി സഹകരിച്ച്‌ സദ്യ ഒരുക്കിയ റോയൽ കാറ്റേഴ്‌സ്, ശബ്ദവും വെളിച്ചവും നൽകിയവർ, സ്പോൺസർമാരായ സ്പൈസ്ടൗൺ, അപ്പാച്ചെ പിസ്സ, റ്റുബിഷ് കാർ വാലറ്റിങ് സർവിസ്,

ഇന്ത്യൻ ആഗ്ര റെസ്റ്റോറന്റ്, സെ.മേരീസ് ഷോട്ടോകാൻ കരാട്ടെ ക്ലബ്ബ്, യുറേഷ്യ ട്രാവൽസ്, കോണ്ഫിഡന്റ് ട്രാവൽസ് അയർലൻഡ് എന്നിവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതോടൊപ്പം, പരിപാടി ഭംഗിയായി നടത്താൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്നും ജനറൽ കൺവീനർമാരായ ലിജോ ജോസഫും ബിനു തോമസും അറിയിച്ചു.

പരിപാടിയുടെ വീഡിയോകൾക്ക് യൂട്യൂബ് ലിങ്ക് സന്ദർശിക്കുക: https://www.youtube.com/user/jatsonooroth

Advertisment