Advertisment

ലൈറ്റ് ഇന്‍ ലൈഫ് സ്വിറ്റ്സര്‍ലന്‍ഡിന്റെ ആറംഗ പ്രതിനിധി സംഘം അസാം, മേഘാലയ എന്നിവിടങ്ങളിലെ സംഘടനയുടെ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

author-image
ഷിജി ചീരംവേലില്‍
Updated On
New Update

സ്വിറ്റ്സര്‍ലന്‍ഡ്:  2019 ജനുവരി 16 മുതല്‍ രണ്ടാഴ്ചക്കാലം ലൈറ്റ് ഇന്‍ ലൈഫിന്‍റെ ആറംഗ പ്രതിനിധി സംഘം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ അസാം, മേഘാലയ എന്നിവിടങ്ങളിലെ സംഘടനയുടെ പദ്ധതി പ്രദേശങ്ങള്‍ നേരിട്ടുസന്ദര്‍ശിക്കുകയും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

Advertisment

publive-image

കഴിഞ്ഞ നാല് വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകളും ഗ്രാമവാസികളുമായുള്ള ഒത്തുചേരലും അവരുടെ സ്നേഹാദരങ്ങളും വിവരണങ്ങള്‍ക്കപ്പുറം ആഹ്ലാദകരമായിരുന്നു. ഷാജി - ലാലി എടത്തല, മാത്യു - ലില്ലി തെക്കോട്ടില്‍, സണ്ണി - ലീലാമ്മ ചിറ്റേഴത്ത് എന്നിവരായിരുന്നു പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്.

ഈ യാത്രയിലെ ആദ്യത്തെ പരിപാടിയില്‍ ആസാമിലെ പാന്‍ബറി എന്ന ഗോത്ര വര്‍ഗ്ഗ ഗ്രാമത്തില്‍ ഒരു പുതിയ സ്കൂള്‍ സമുച്ചയത്തിന്റെ ആദ്യഭാഗ ഉദ്ഘാടനം ലൈറ്റ് ഇന്‍ ലൈഫ് പ്രസിഡന്റ് ഷാജി എടത്തല നിര്‍വഹിച്ചു.

170 ഓളം കുട്ടികള്‍ ഇപ്പോള്‍ ഇവിടെ പഠിക്കുന്നു. ഈ പദ്ധതിക്കായി 52 ലക്ഷം രൂപയാണ് ലൈറ്റ് ഇന്‍ ലൈഫ് നല്‍കിയത്. ഈ മേഖലയില്‍ വിദ്യാഭ്യാസ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന എം എസ് എഫ് എസ് സൊസൈറ്റിയുടെ ഭാഗമായ ഫേസ് (FAsCE) ഇന്ത്യയുമായി സഹകരിച്ചാണ് ലൈറ്റ് ഇന്‍ ലൈഫിന്റെ പ്രവര്‍ത്തനം.

publive-image

മേഘാലയയിലെ ആദിവാസി മേഖലയായ സോമാന്‍പാറയില്‍ ലൈറ്റ് ഇന്‍ ലൈഫിന്റെ സഹായത്തോടെ നിര്‍മ്മിച്ച സ്കൂളിന്റെ ഒന്നാംഘട്ടത്തിന്റെ പ്രവര്‍ത്തനം കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടമായ സ്കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ഉദ്ഘാടനം ലൈറ്റ് ഇന്‍ ലൈഫിന്റെ പ്രതിനിധികളുടെയും നൂറുകണക്കിന് വരുന്ന ഗ്രാമവാസികളുടെയും സാന്നിധ്യത്തില്‍ സ്ഥലം ആര്‍ച്ച് ബിഷപ്പ് റൈറ്റ്. റവ. ആന്‍ഡ്രൂ മാറക്കും ഷാജി എടത്തലയും കൂടി നിര്‍വഹിച്ചു.

550 കുട്ടികള്‍ക്ക് പഠിക്കാന്‍ സൌകര്യമുള്ള സ്കൂളില്‍ ഇപ്പോള്‍ പത്താം ക്ലാസ് വരെയാണ് ഉള്ളത്. അടുത്ത വര്‍ഷങ്ങളില്‍ പ്ലസ് ടു വരെയുള്ള ക്ലാസുകള്‍ ആരംഭിക്കും. ഇതുകൂടാതെ പത്ത് ലക്ഷം രൂപ മുടക്കി പ്രദേശ വാസികള്‍ക്ക് ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും നിര്‍മ്മിച്ച് നല്‍കുവാന്‍ ലൈറ്റ് ഇന്‍ ലൈഫിന് സാധിച്ചു.

publive-image

ഇവിടെ നിന്നും മറ്റൊരു ഡിസ്പെന്‍സറിയിലോ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ എത്തണമെങ്കില്‍ 35 കിലോമീറ്റര്‍ വരെ യാത്ര ചെയ്യേണ്ടി വരുന്ന അവസ്ഥ ആണ് നിലവില്‍ ഉള്ളത്.

വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഗോത്ര വംശജരായ, തീര്‍ത്തും നിര്‍ധനരായ കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടിയുള്ള ഒരു പുതിയ പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ചിരുന്നു. ഗതാഗത സൗകര്യങ്ങള്‍ വിരളമായ ഗോത്ര ഗ്രാമങ്ങളില്‍ നിന്നും സ്കൂളില്‍ എത്തുക തികച്ചും ദുഷ്കരമാണ്.

publive-image

അങ്ങനെ വരുന്ന കുട്ടികള്‍ക്ക് ഒരു വര്‍ഷം താമസസൌകര്യത്തോടുകൂടി പഠിക്കുവാനും ആവശ്യമായ പഠനോപകരണങ്ങള്‍, യൂണിഫോം, ഭക്ഷണം എന്നിവയും ലഭ്യമാക്കാന്‍ വേണ്ടി CHF 300 ന്റെ ഒരു പ്രോജക്ടും ദിവസവും സ്കൂളില്‍ വന്നു പഠിക്കുന്ന കുട്ടികള്‍ക്ക് താമസ സൗകര്യം ഒഴികെ മറ്റെല്ലാ സൌകര്യങ്ങളും ലഭ്യമാക്കാനുമായി CHF 150 ന്റെ മറ്റൊരു പ്രോജക്ടുമാണ് കഴിഞ്ഞ വര്‍ഷം ആരംഭിച്ചത്.

"ലൈറ്റ് ഫോര്‍ ചൈല്‍ഡ്" (Light 4 Child) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലെ ആദ്യത്തെ 100 കുട്ടികള്‍ക്ക് ഈ മാസം മുതല്‍ സഹായം ലഭിച്ചു തുടങ്ങി. ഇതിലേക്കായി 15 ലക്ഷം രൂപയുടെ ചെക്ക് ജനുവരി 23 ന് ഗോഹട്ടിയില്‍ വച്ച് നടന്ന ലളിതമായ ചടങ്ങില്‍ ലൈറ്റ് ഇന്‍ ലൈഫ് പ്രസിഡന്റ് ഷാജി എടത്തല ഫേസ് ഇന്ത്യയുടെ ഡയരക്ടര്‍ റവ. ഡോ. സജി ജോര്‍ജ്ജിന്റെ സാന്നിധ്യത്തില്‍ പ്രൊവിന്‍ഷ്യല്‍ ജനറല്‍ റവ. ഡോ. ജോര്‍ജ്ജ് പന്തന്‍മാക്കലിന് കൈമാറിയിരുന്നു.

publive-image

പ്രളയദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസമായി "പുനര്‍ജ്ജനി"

ഇക്കഴിഞ്ഞ വര്‍ഷത്തെ പ്രളയ ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ഇടുക്കി ജില്ലയിലെ 7 കുടുംബങ്ങള്‍ക്ക് സ്വന്തമായി സ്ഥലവും പുതിയ വീടും നല്‍കി പുനരധിവസിപ്പിക്കാനുള്ള "പുനര്‍ജ്ജനി" പദ്ധതി മുന്‍ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പദ്ധതി ഉത്ഘാടനം ചെയ്തു. ലൈറ്റ് ഇന്‍ ലൈഫിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച അദ്ദേഹം, ഇതുപോലുള്ള പദ്ധതികള്‍ പ്രവാസികള്‍ മാതൃക ആക്കേണ്ടതാണെന്ന് പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.

ലൈറ്റ് ഇന്‍ ലൈഫിനോടൊപ്പം മറ്റ്‌ പ്രവാസി സംഘടനകളും സുമനസുകളും കൈകോര്‍ക്കുന്ന പുനര്‍ജ്ജനി പദ്ധതി ജൂലൈ മാസത്തോടെ പൂര്‍ത്തിയാക്കാനാവും എന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍. ഇതോടൊപ്പം ഇടുക്കി ജില്ലയില്‍ മറ്റ്‌ നാല് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള സാമ്പത്തിക സഹായവും കൈമാറി.

പ്രളയത്തില്‍ കിടപ്പാടം പോലും നഷ്ടപ്പെട്ട നിരാലംബരായ മാളയിലെ കൊടുവത്തുകുന്ന് വൈന്തോട് ശാന്തമ്മയ്ക്ക് ഒരു വീട് നിര്‍മ്മിച്ചു കൊടുക്കുവാന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്‍ഡോ - സ്വിസ് സ്പോര്‍ട്സ് ക്ലബ്ബുമായി സഹകരിച്ചതാണ് ലൈറ്റ് ഇന്‍ ലൈഫിന്റെ ഈ വര്‍ഷത്തെ മറ്റൊരു സദ്‌വാര്‍ത്ത. ഇതിലേക്ക് മൂന്ന്‍ ലക്ഷം രൂപയാണ് ലൈറ്റ് ഇന്‍ ലൈഫ് നല്‍കിയത്. ഫെബ്രുവരി 10 ന് മാളയില്‍ വച്ച് വര്‍ഗീസ്‌ എടാട്ടുകാരന്‍റെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിച്ചു.

Advertisment