Advertisment

യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഫൈറ്റ് എഗൈൻസ്റ്റ് കോവിഡ് 19 ഹെൽപ്പ് ലൈൻ തുടങ്ങി. 20-ൽ അധികം പേരുടെ ക്ലിനിക്കൽ ഗ്രൂപ്പ്, ഒരു ദിവസം വോളന്റിയേഴ്സായി ചേർന്നത് പത്ത് ഡോക്ടർമാർ

New Update

ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് മൂലമുള്ള സാംക്രമിക രോഗം സർവ്വ നാശകാരിയായി വിരാജിക്കുമ്പോൾ, യു കെയും നിയന്ത്രണങ്ങളുമായി പ്രതിരോധ ശ്രമത്തിലാണ്.

Advertisment

കഴിയുന്നവർ വീട്ടിലിരുന്ന് ജോലി ചെയ്യുക, അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കുക, പബ്ബുകളും, റസ്റ്റോറന്റുകളും, ക്ലബുകളും, സിനിമാശാലകളും പോലുള്ള പൊതു സ്ഥലങ്ങൾ ഒഴിവാക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക, രോഗപ്രതിരോധത്തിനുള്ള മുൻകരുതലുകൾ എടുക്കുക തുടങ്ങിയ നിയന്ത്രണങ്ങൾക്ക് പുറമെ, സ്റ്റാഫിന്റെ ദൗർലഭ്യം കൊണ്ട് ജി പി സർജറികൾ പ്രവർത്തിക്കാത്ത സാഹചര്യം പോലും നിലവിലുണ്ട്.

publive-image

ഈ ദുരവസ്ഥയെ അതിജീവിക്കാൻ യു കെയിലെ മലയാളി സമൂഹത്തെ സജ്ജമാക്കാൻ വേണ്ടി യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച പരസ്പര സഹായ സംരംഭം വിജയകരമായി തുടക്കമാകുകയാണ്.

യു കെയിലുള്ള ഏതൊരു മലയാളിക്കും, സൗജന്യമായി വിളിക്കാൻ സാധിക്കുന്ന (നെറ്റ്‌വർക്ക് നിരക്കുകൾ ബാധകം) ഹെൽപ്പ് ലൈൻ നമ്പറാണ് നൽകപ്പെട്ടിട്ടുള്ളത്.

ഈ നമ്പറിൽ വിളിക്കുന്ന ആൾ, തങ്ങളുടെ പേര്, ഫോൺ നമ്പർ, ആവശ്യസഹായത്തിന്റെ രൂപം, ആവശ്യമെങ്കിൽ സഹായം ആവശ്യമുള്ള സ്ഥലം എന്നിവ നൽകുകയും, അവ വോളന്റിയേഴ്സ് ഗ്രൂപ്പിന് കൈമാറുന്നതിന് സമ്മതിക്കുകയും ആണ് എങ്കിൽ മാത്രം ഈ വിവരങ്ങൾ മാത്രം എടുക്കുകയും, അനുബന്ധ വോളണ്ടിയർ ഗ്രൂപ്പിൽ ഈ വിവരം കൈമാറുകയും ചെയ്ത്, ആവശ്യക്കാരന്റെ ആശങ്ക അകറ്റുന്ന രീതിയാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഈ സംരംഭം ഇപ്പോൾ സ്വീകരിക്കുന്നത്.

ഡോക്ടർമാരും ക്ലിനിക്കൽ പ്രാക്ടീഷണർമാരും അടങ്ങുന്ന ക്ലിനിക്കൽ അഡ്‌വൈസ് ഗ്രൂപ്പ്, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്, ഹെൽത്ത് പ്രൊട്ടക്ഷൻ സ്കോട്ട്ലൻഡ് എന്നീ ഗവൺമെന്റ് ബോഡികളുടെ നിർദ്ദേശാനുസരണം തയ്യാറാക്കിയിട്ടുള്ള കോവിഡ് 19 മാനേജ്‌മെന്റിനുള്ള പ്രോട്ടോക്കോൾ അനുസരിച്ചുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളുമാണ് നൽകുന്നത്.

ഈ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുന്നത് ഡോക്ടർ സോജി അലക്സിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ ഒരു സംഘമായിരിക്കും. ഈ ഡോക്ടർമാർ ചികിത്സ നിശ്ചയിക്കുകയോ, മരുന്നുകൾ പ്രിസ്‌ക്രൈബ് ചെയ്യുകയോ ചെയ്യില്ല. ആരോഗ്യപരമായ ഉപദേശങ്ങൾ മാത്രമേ നൽകുകയുള്ളൂ.

ഇമോഷണൽ സപ്പോർട്ട് കൊടുക്കുന്ന വോളണ്ടിയർ ഗ്രൂപ്പും ഇതോടോപ്പമുണ്ട്. രോഗം സ്ഥിരീകരിച്ചവരോ, സംശയിക്കപ്പെടുന്നവരോ ആയ ആൾക്കാർക്ക് മാനസികമായി ധൈര്യം പകർന്നു കൊടുക്കുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഒരു കുടുംബത്തിലെ ഒരാൾക്ക് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ, അവരെല്ലാവരും അന്യസമ്പർക്കമില്ലാതെ ജീവിക്കേണ്ടി വരുന്ന സാഹചര്യത്തിൽ അവരുടെ ദൈനംദിനാവശ്യങ്ങൾ, മോർട്ട്ഗേജ് തുടങ്ങിയ സാമ്പത്തിക ബാധ്യതകൾ, സാമൂഹികവും, ആരോഗ്യപരവും, ആത്മീയവുമായ കാര്യങ്ങളിൽ അവർക്ക് ധൈര്യം പകർന്നു കൊടുക്കാനുള്ള വോളന്റിയേഴ്‌സിനെയാണ് ഇവിടെ ആവശ്യം.

നേഴ്‌സുമാർ, സോഷ്യൽ വർക്കേഴ്‌സ്, സാമൂഹ്യ പ്രവർത്തകർ, പുരോഹിതർ, മതപരമായ ഉപദേശം കൊടുക്കാൻ കഴിയുന്നവർ, ഫിനാൻഷ്യൽ കൺസൾട്ടന്റുമാർ എന്നിവർ അംഗങ്ങളായ വോളന്റിയേഴ്‌സ് ഗ്രൂപ്പാണിത്.

അവശ്യസഹായം അടിയന്തിരമായി എത്തിക്കാൻ കഴിയുന്നവരുടെ ഒരു വോളന്റിയേഴ്‌സ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ മൂലമോ, രോഗം ബാധിച്ചോ അന്യസമ്പർക്കമില്ലാതെ വീടുകളിൽ താമസിക്കേണ്ടി വരുന്നവരെ സഹായിക്കേണ്ടി വരുന്ന അവസരത്തിൽ അതിന് സന്നദ്ധരാകുന്നവരുടെ ഒരു വലിയ ടീമാണ് ഇത്.

ഇപ്രകാരമുള്ള വോളന്റിയർമാരുടെ ഗ്രൂപ്പുകളും, ഡോക്ടർ സോജി അലക്സിന്റെ നേതൃത്വത്തിലുള്ള ക്ലിനിക്കൽ ടീമിന്റെ ഗ്രൂപ്പും യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പരസ്പര സഹായ സംരംഭത്തിന്റെ പ്രവർത്തനത്തിനായി ഒരുങ്ങിക്കഴിഞ്ഞു.

02070626688 എന്ന ഹെൽപ്പ് ലൈൻ നമ്പർ മുഖേന ആർക്കും ഈ സംരംഭത്തിന്റെ പ്രയോജനം തേടാവുന്നതാണ്.

ഈ ഹെൽപ്പ് ലൈൻ മുഖേന ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ചികിത്സ നിർണ്ണയിക്കുകയോ, മരുന്നുകൾ പ്രിസ്‌ക്രൈബ് ചെയ്യുകയോ ചെയ്യില്ല. ആരോഗ്യപരമായ ഉപദേശങ്ങൾ മാത്രമേ നൽകുകയുള്ളൂ

സമയാസമയങ്ങളിൽ പ്രവർത്തന വിവരങ്ങൾ അറിയിക്കുന്നതിനായി ഫെയ്‌സ്ബുക്ക് ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട്. ഇനിയും ഈ സംരംഭത്തോട് ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക

Advertisment