Advertisment

പുത്തൻ കർമ്മപരിപാടികളിൽ ആകൃഷ്ടരായി നിരവധി അസോസിയേഷനുകൾ യുക്മയിലേക്ക്: ഈ വർഷത്തെ യുക്മ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

author-image
സജീഷ് ടോം (യുക്മ പി.ആർ.ഒ.)
Updated On
New Update

യു കെ:  കൂടുതൽ പ്രാദേശിക അസോസിയേഷനുകൾക്ക് യുക്മയിൽ പ്രവർത്തിക്കുന്നതിന് അവസരമൊരുക്കുന്നതിനായി, കഴിഞ്ഞ കാലയളവിലേതിന് സമാനമായി ഈ വർഷവും യുക്മ ദേശീയ നേതൃത്വം പ്രഖ്യാപിച്ച മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. അതനുസരിച്ചു ജൂലൈ ഒന്ന് തിങ്കളാഴ്ച മുതൽ ഓഗസ്റ്റ് മുപ്പത്തിയൊന്ന് ശനിയാഴ്ചവരെയുള്ള രണ്ടുമാസക്കാലം "യുക്മ മെമ്പർഷിപ്പ് ക്യാമ്പയിൻ - 2019" ആയി ആചരിക്കപ്പെടുമെന്ന് ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള അറിയിച്ചു.

Advertisment

യുക്മയിലേക്ക് കടന്നുവരാൻ താല്പര്യമുള്ള അസോസിയേഷനുകൾക്ക് തങ്ങളുടെ എക്സിക്യൂട്ടീവ് യോഗങ്ങൾ കൂടി ചർച്ചചെയ്ത് തീരുമാനമെടുക്കാനുള്ള സമയം ലഭ്യമാക്കുന്നതിനാണ് രണ്ടുമാസം ദൈർഘ്യമുള്ള മെമ്പർഷിപ് ക്യാമ്പയിൻ പ്രഖ്യാപിച്ചത്. യുക്മ ഭരണഘടന പ്രകാരം ദേശീയ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവർ ചേർന്നാണ് അംഗത്വ വിതരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത്.

publive-image

പുതുതായി അപേക്ഷ സമർപ്പിക്കുന്ന അസോസിയേഷനുകൾ യുക്മയുടെ ഏത് റീജിയൺ പരിധിയിൽ വരുന്നൂ എന്ന് നോക്കി, പ്രസ്തുത റീജിയണൽ പ്രസിഡന്റ്, റീജിയണിൽ നിന്നുള്ള ദേശീയ ഭാരവാഹികൾ, റീജിയണിലെ നാഷണൽ കമ്മറ്റി അംഗം എന്നിവരുടെ അഭിപ്രായം കൂടി അംഗത്വ വിതരണത്തിന് മുൻപ് പരിഗണിക്കുന്നതാണ്. നിലവിൽ യുക്മ അംഗ അസോസിയേഷനുകൾ ഉള്ള പ്രദേശങ്ങളിൽനിന്നും പുതിയ അംഗത്വ അപേക്ഷകൾ വരുന്ന സാഹചര്യങ്ങളിൽ, നിലവിലുള്ള അംഗ അസോസിയേഷനെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ടും, മുൻകൂട്ടി അറിയിച്ചുകൊണ്ടുമാകും അംഗത്വം വിതരണം ചെയ്യുക.

അംഗത്വ അപേക്ഷകൾക്കായി secretary.ukma@gmail.com എന്ന ഇ- മെയിൽ വിലാസത്തിൽ ബന്ധപ്പെടേണ്ടതാണെന്ന് ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു. നിലവിൽ നൂറ്റിഇരുപതോളം അസ്സോസിയേഷനുകളാണ് യുക്മയിൽ അംഗങ്ങളായുള്ളത്.

സാങ്കേതികത്വങ്ങളുടെ പേരുപറഞ്ഞു യു കെ യിലെ മലയാളി അസ്സോസിയേഷനുകൾക്ക് യുക്മയെന്ന ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തുന്ന സ്ഥിതിവിശേഷം ഉണ്ടാകുവാൻ പാടില്ലെന്ന് "മെമ്പർഷിപ്പ് ക്യാമ്പയി"നുമായി ബന്ധപ്പെട്ട ചർച്ചകൾ ഉപസംഹരിച്ചുകൊണ്ട് യുക്മ ദേശീയ നിർവാഹകസമിതി അഭിപ്രായപ്പെട്ടു.

നൂറ് പൗണ്ടാണ് യുക്മ അംഗത്വ ഫീസ്. ഇതിൽ അൻപത് പൗണ്ട് അതാത് റീജിയണൽ കമ്മറ്റികൾക്ക് ദേശീയ കമ്മറ്റി നൽകുന്നതായിരിക്കും. മുൻകാലങ്ങളിൽ അപേക്ഷ സമർപ്പിച്ചിട്ട് തീർപ്പു കല്പിക്കപ്പെടാതെ പോയിട്ടുള്ള അപേക്ഷകരും പുതുതായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. യുക്മ അംഗത്വ അപേക്ഷയുമായി ബന്ധപ്പെട്ട വിശദീകരങ്ങൾക്ക് ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള (07960357679), ജനറൽ സെക്രട്ടറി അലക്സ് വർഗീസ് (07985641921) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Advertisment