Advertisment

കേരളത്തിലേക്ക് മടങ്ങിയെത്തിയ പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ കേരള മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കേരളത്തിലേക്ക് മടങ്ങിയെത്തിയ പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ കേരള മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ: ജോസ് അബ്രഹാമാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയ പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള അഭ്യർത്ഥനയുമായി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.

വിമാനത്താവളത്തിൽ ഇറങ്ങിയ സമയം മുതൽ ആരംഭിക്കുന്ന പ്രവാസികളുടെ ആശങ്കകളിലേക്ക് ബഹുമാനപ്പെട്ട  മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധ വേണമെന്ന് പ്രവാസി ലീഗൽ നിവേദനത്തിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. വിമാനതാവളങ്ങളിൽ നിന്ന് ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത ക്രമീകരണങ്ങളെക്കുറിച്ച് വ്യക്തത ആവശ്യമാണെന്നും ഇടുങ്ങിയ ബസുകളിൽ മണിക്കൂറുകളോളം യാത്ര ചെയ്തിട്ടും ക്വാറന്റൈൻ കേന്ദ്രങ്ങൾ കൃത്യസമയത്ത് അനുവദിക്കാത്തതിന്റെ പ്രശ്നങ്ങളും, സംസ്ഥാനത്തെ ക്വാറൻറൈനുമായി ബന്ധപ്പെട്ട് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരിൽ നിന്ന് പ്രതീക്ഷിക്കുന്ന സഹായത്തിന്റെ അഭാവവും നിവേദനത്തിൽ വിശദമാക്കിയിട്ടുണ്ട്.

കൂടാതെ, നിവേദനത്തിൽ വിവിധ സ്ഥലങ്ങളിലെ കോവിഡ് കെയർ സെന്ററുകളുടെ മോശം അവസ്ഥയെക്കുറിച്ചും,പല കെയർ സെന്ററുകളും അടിസ്ഥാന ഭക്ഷണം കൃത്യസമയത്ത് നൽകുന്നില്ലെന്ന പരാതിയും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോവിഡ് കെയർ സെന്ററുകളിലെ രോഗികളുടെ പരിചരണത്തിലുണ്ടാകുന്ന വീഴ്ചകൾ മൂലം ഗർഭിണികൾ, പ്രായമായവർ, പ്രമേഹ രോഗികൾ എന്നിവർക്ക് ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങളും നിവേദനത്തിൽ പരാമർശിച്ചിട്ടുണ്ട്.

മടങ്ങി വരുന്ന പ്രവാസികളോട് കൂടുതൽ അനുകമ്പയോടെ പെരുമാറാൻ, സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകാനും, ക്വാറന്റൈയ്ൻ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവാസികൾക്കും, സർക്കാർ നിർദ്ദേശിച്ചിട്ടുള്ള ക്രമീകരണങ്ങളൊരുക്കാവാനായി ബന്ധപ്പെട്ട വകുപ്പുകൾക്കും പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കാനും മുഖ്യമന്ത്രിയോട് നിവേദനത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

സർക്കാരിന്റെ അടിയന്തിരമായ നടപടികൾ വഴി ക്വാറന്റൈയ്ൻ ക്രമീകരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള അവ്യക്തത പ്രവാസികളുടെ മനസ്സിൽ നിന്ന് ഒഴിവാക്കാനാകുമെന്നും വരുമാനനഷ്ടവും വൈറസ് പിടിപെട്ടിട്ടുണ്ടോ എന്ന ഭയവും കാരണം ഇതിനകം കടുത്ത വിഷമം അനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസം പകരാൻ നിവേദനത്തിൽ ആവശ്യപ്പെട്ട നടപടികൾ കേരള സർക്കാർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

Advertisment