Advertisment

ഇറ്റലിയിൽ നിന്നെത്തി ഗൾഫ് സമൂഹത്തിന്റെ മനംകവർന്ന ആത്മീയാചാര്യൻ ! ഗൾഫിലെത്തിയപ്പോൾ അറബി പഠിച്ച് അറബിക്കിൽ പുസ്തകങ്ങളെഴുതി ആദ്യമായി ബഹ്‌റൈൻ പൗരത്വം ലഭിക്കുന്ന ബിഷപ്പായി ! ഗൾഫ് ഭരണാധികാരികളുടെ മനംകവർന്ന ബിഷപ്പ് കാമിലോ ബാലിൻ വിടവാങ്ങുമ്പോൾ ഗൾഫിലെ മലയാളികൾക്കും ക്രൈസ്തവ സമൂഹത്തിനാകെയും അത് തീരാനഷ്ടമാകുകയാണ്

New Update

കുവൈറ്റ്:  അറബ് രാഷ്ട്രങ്ങൾക്ക് ഏറ്റവും പ്രിയങ്കരനായ ക്രിസ്തീയ നേതാവിനെയാണ് ബിഷപ് കാമിലോ ബാലിനിലൂടെ നഷ്ടമാകുന്നത്. അറബ് സംസാരിക്കുന്ന അറബിക്കിൽ പുസ്തകം എഴുതുന്ന ശക്തനായ ക്രൈസ്തവ നേതൃത്വമായിരുന്നു കഴിഞ്ഞ ഒന്നര ദശാബ്ദക്കാലം നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാരിയായിരുന്ന ബിഷപ്പ് മാർ കാമിലോ ബാലിൻ.

Advertisment

publive-image

ജന്മനാടായ ഇറ്റലിയിലെ ആശുപത്രിയിൽ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു ഗൾഫിലെ ജനപ്രിയ ബിഷപ്പിന്റെ വിടവാങ്ങൽ. കഴിഞ്ഞ ഏതാനും നാളുകളായി ജെമേലി ഹോസ്പിറ്റലിൽ ശ്വാസകോശ അർബുദത്തിന് ചികിത്സയിലായിരുന്നു.

മാസങ്ങൾക്ക് മുമ്പ് സൗദി അറേബ്യയിൽ വച്ച് രോഗം കലശലാകുകയും ഇവിടെ നിന്ന് സ്വന്തം നാടായ ഇറ്റലിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുകയുമായിരുന്നു.

76 കാരനായ അദ്ദേഹം വീണ്ടും ഗൾഫിലേക്ക് മടങ്ങിവരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും വിധി അതിനനുവദിച്ചില്ല. അദ്ദേഹം നിത്യതയിലേക്ക് പുനർജനിക്കുകയായിരുന്നു.

ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാരിയേറ്റിന്റെ തലവനെന്ന നിലയ്ക്കപ്പുറം ഗൾഫ് സമൂഹത്തിനൊന്നാകെ പ്രിയങ്കരനായ വ്യക്തിത്വമായി മാറാൻ കഴിഞ്ഞ 15 വർഷങ്ങൾ കൊണ്ട് അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.

publive-image

2005 ജൂലൈ 14 നായിരുന്നു അദ്ദേഹം നോർത്തേൺ അറേബ്യ വികാരിയേറ്റിലേക്ക് ചുമതലയിലെത്തുന്നത്. എഴുത്തുകാരനും വിദ്യാഭ്യാസ വിദഗ്ദ്ധനുമെന്ന നിലയിൽ അതിനോടകം തന്നെ ശ്രദ്ധേയനായിരുന്നു.

ഇതിനിടെ അറബിക് ഭാഷയിൽ പ്രാവീണ്യം നേടി ആ ഭാഷയിൽ പുസ്തകവും രചിച്ചു. 'The ways of the spirit', 'History of the church' എന്നിവയായിരുന്നു അദ്ദേഹത്തിൻറെ അറബിക് കൃതികൾ.

അദ്ദേഹത്തിൻറെ കഴിവുകളെ മാനിച്ച് ബഹ്‌റൈൻ സർക്കാർ അദ്ദേഹത്തിന് പൗരത്വം നൽകി ആദരിച്ചിരുന്നു.

മലയാളികളോട് ഏറ്റവും താല്പര്യം പ്രകടിപ്പിച്ചിരുന്ന മാർ കാമിലോ ബാലിൻ തിരുമേനി അവരുടെ കുടുംബ കൂട്ടായ്മ യോഗങ്ങളിൽ വരെ പങ്കെടുക്കുകയും മലയാളി കുടുംബങ്ങളുമായി പോലും മികച്ച സൗഹൃദത്തിലാകുകയും ചെയ്തു.

എസ് എം സി എയുടെ ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചതും ബിഷപ്പ് കാമിലോ ബാലിൻ തിരുമേനിയായിരുന്നു.

ക്രിസ്ത്യൻ സഭകളിലെ എല്ലാ റീത്തുകൾക്കും അവരവരുടെ അതേ റീത്തുകളിൽ അറബ് ലോകത്ത് ആരാധന ചടങ്ങുകൾ നടത്തുന്നതിനും മതബോധനം നടത്തുന്നതിനുമുള്ള അവസരം അനുവദിച്ചു നൽകി.

പ്രവാസി മലയാളികളുടെ ഭാവി തലമുറകളെ ഇത്തരത്തിൽ ആത്മീയ തലത്തിലേക്ക് ആനയിച്ചതിൽ കാമിലോ ബാലിൻ തിരുമേനിയുടെ ഇടപെടലുകൾക്ക് വലിയ പങ്കുണ്ടായിരുന്നു.

കർദ്ദിനാൾ മാർ വർക്കി വിതയത്തിലിന്റെ ക്ഷണം സ്വീകരിച്ച് 2007 ൽ അദ്ദേഹം സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെത്തുകയും സഭാ സിനഡിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

publive-image

അതിനുശേഷവും രണ്ടുതവണ ആയുർവേദ ചികിത്സയ്ക്കായി അദ്ദേഹം കേരളം സന്ദർശിച്ചു. അതിലൊന്ന് ചങ്ങനാശേരി സി വി എൻ കളരിയിലും പിന്നീടൊരിക്കൽ കാഞ്ഞിരപ്പള്ളിയിലെ ആയുർവേദ കേന്ദ്രത്തിലുമായിരുന്നു അദ്ദേഹം ചികിത്സ തേടിയത്.

മാർ വർക്കി വിതയത്തിൽ പിതാവിനും പുറമെ നിലവിലെ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, മാർ ക്ലിമ്മീസ് കത്തോലിക്കാ ബാവ എന്നിവരുമായും അടുത്ത സൗഹൃദമാണ് മാർ ബാലിൻ തിരുമേനിക്കുണ്ടായിരുന്നത്.

മാർ ആലഞ്ചേരി പിതാവിനെ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ ബിഷപ്പുമാരെ കുവൈറ്റിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും കൊണ്ടുവരാനും അവർക്ക് ആതിഥ്യമരുളാനും അദ്ദേഹത്തിന് കഴിഞ്ഞു.

1944 ജൂൺ 24 ന് ഇറ്റലിയിലെ പദുവയിലായിരുന്നു മാർ കാമിലോ ബാലിന്റെ ജനനം. 1969 മാർച്ച് 30 നായിരുന്നു പൗരോഹിത്യം സ്വീകരിക്കുന്നത്. മാർ കാമിലോ ബാലിന്റെ വിയോഗം ക്രൈസ്തവ സഭകൾക്ക് മാത്രമല്ല, ഗൾഫിലെ ക്രൈസ്തവ സമൂഹത്തിനും തീരാ നഷ്ടം തന്നെയാണെന്ന് പറയാതെ വയ്യ.

Advertisment