‘കല(ആർട്ട്‌) കുവൈറ്റ് – സാംബശിവൻ പുരസ്കാരം’ ഫാ. ഡേവിസ് ചിറമേലിന്

ഗള്‍ഫ് ഡസ്ക്
Tuesday, April 16, 2019

കുവൈറ്റ്:  2018-ലെ “കല(ആർട്ട്‌) കുവൈറ്റ് – സാംബശിവൻ പുരസ്കാരം” സ്വയം വൃക്കദാനത്തിലൂടെ ഒരു യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയും കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ആക്സിഡന്റ് കെയര്‍ ട്രാന്‍സ്പോര്‍ട്ട് (ആക്ട്സ്) തുടങ്ങിയ സംഘടനകള്‍ ആരംഭിക്കുകവഴി മനുഷ്യസ്നേഹത്തിന്റെ പുണ്യം സഹജരിൽ നിറക്കുകയും ചെയ്ത ഫാ. ഡേവിസ് ചിറമേല്‍ന് നൽകുവാൻ കല (ആർട്ട്‌) കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചു. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുംമാണ് അവാർഡ്.

കഥാപ്രസംഗരംഗത്തെ അതികായൻ പ്രൊഫ: വി. സാംബശിവന്റെ സ്മരണക്കായി ‘കല(ആർട്ട്) കുവൈറ്റ്’, കലാ-സാഹിത്യ സാംസ്‌കാരിക സാമൂഹിക രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രശസ്ത വ്യക്തിത്വങ്ങൾക്കായാണ് ഈ അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. ജീവകാരുണ്ണ്യ രംഗത്തു മൂന്നു പതിറ്റാണ്ടിലധികമായി ഫാ. ഡേവിസ് ചിറമേല്‍ നൽകിവരുന്ന സമഗ്ര സംഭാവനകൾ മാനിച്ചാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന്ന് അർഹനാക്കിയത്.

അവാർഡ് വിവിവരം പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ കല(ആർട്ട്) കുവൈറ്റ് പ്രസിഡന്റ് മുകേഷ് വി. പി., വൈസ് പ്രസിഡന്റ്, സമീർ പി., ജനറൽ സെക്രട്ടറി പി. കെ. ശിവകുമാർ, ട്രെഷറർ കെ. ഹസ്സൻ കോയ, പ്രോഗ്രാം കൺവീനർ രാഗേഷ് പി. ഡി., മീഡിയ കൺവീനർ ജെയ്സൺ ജോസഫ് എന്നിവർ പങ്കെടുത്തു.

സഹജീവികളോട് കരുണ കാണിക്കണമെന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട്, അവയവദാനം മഹാദാനമെന്ന പ്രത്യാശാ സന്ദശം പകര്‍ന്നു ഫാ. ഡേവിസ് ചിറമേല്‍ നടത്തുന്ന ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ മാനവസേവനത്തിന്റെ ഉദാത്ത മാതൃകയാണ് ലോകത്തിന് കാട്ടിത്തന്നത്.

തൃശൂരിലെ പൂത്തറക്കല്‍ ഗ്രാമത്തെ സമ്പൂര്‍ണ അവയവദാന ഗ്രാമമാക്കാന്‍ മുന്നില്‍ നിന്നതിലൂടെ ശ്രദ്ധിക്കപ്പെട്ട പേരാണ് ഫാദര്‍ ഡേവിസ് ചിറമേല്‍. പിന്നീട്, കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന സന്നദ്ധസംഘടനയുടെ അമരക്കാരനായി. ദേശീയ അവയവദാന സംഘടനയുടെ (നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍) ബ്രാന്‍ഡ് അംബാസിഡറാകാനുള്ള അവസരവും ഫാദര്‍ ചിറമേലിനെ തേടിയെത്തുകയുണ്ടായി.

1960 ഡിസംബർ 30-ന് തൃശൂർ ആറനാട്ടുകരയിൽ ചാക്കുണ്ണി, കൊച്ചന്നാമ്മ ദമ്പതികളുടെ മകനായി ജനനം. ആറനാട്ടുകരെ തരകൻസ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് സെന്റ് മേരീസ് മൈനർ സെമിനാരി തൃശൂരും തുടർന്ന് ആലുവ പോന്റിഫിക്കൽ സെമിനാരിയിലും പഠിച്ചു.

മുൻ കാലങ്ങളിൽ പ്രശസ്ത എഴുത്തുകാരായ യു. എ. ഖാദർ, വൈശാഖൻ (സാഹിത്യ അക്കാദമി ചെയർമാൻ), അക്ബർ കക്കട്ടിൽ, കവിയും നാടകകൃത്തും ആയ കരിവെള്ളൂർ മുരളി, പ്രഭാഷകനും നിരൂപകനും ആയ ഡോ. എം. എൻ. കാരശ്ശേരി, നർത്തകിയും നടിയും ആയ ഡോ. താരാ കല്യാൺ, ഡോ. വസന്തകുമാർ സാംബശിവൻ എന്നിവർക്കാണ് കല(ആർട്) കുവൈറ്റ് സാംബശിവൻ പുരസ്ക്കാരം നൽകിയിട്ടുള്ളത്.

2019 മെയ്മാസം 3-ആം തിയ്യതി വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് കുവൈറ്റിലെ അബ്ബാസിയയിൽ പ്രവർത്തിക്കുന്ന ഓക്‌സ്‌ഫോർഡ്‌ പാകിസ്താനി ഇംഗ്ലീഷ് സ്കൂൾ ഹാളിൽ കലാ(ആർട്ട്) കുവൈറ്റ് സംഘടിപ്പിക്കുന്ന കേരളീയം-2019 ൽ വെച്ച് ഫാ. ഡേവിസ് ചിറമേല്‍ പുരസ്കാരം സ്വീകരിക്കും.

×