Advertisment

അബുദാബി മലയാളീ സമാജം നാടകോത്സവം: 'ഭൂപടം മാറ്റി വരക്കുമ്പോള്‍' നാടകം അരങ്ങേറി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  അബുദാബി മലയാളീ സമാജം 22 മത് നാടകോത്സവത്തിന്‍റെ ഏഴാം ദിവസമായ 18-11-18 ഞായറാഴ്ച എ.ശാന്തകുമാര്‍ രചിച്ച് ഷൈജു അന്തിക്കാട് സംവിധാനം നിര്‍വഹിച്ച് യുവകലാ സാഹിതി അവതരിപ്പിച്ച “ഭൂപടം മാറ്റി വരക്കുമ്പോള്‍ “ എന്ന നാടകം അരങ്ങേറി.

Advertisment

ദൈവകല്‍പ്പനയാല്‍ ഭൂമി കടലെടുത്തു പോയാലും ഭൂപടങ്ങള്‍ മാഞ്ഞുപോയാലും മനുഷ്യനത് മാറ്റിപ്പണിഞ്ഞുകൊണ്ടേയിരിക്കും...ഭൂപടങ്ങള്‍ മാറ്റി വരച്ചു കൊണ്ടേയിരിക്കും.

publive-image

നമ്മുടെ ഗ്രാമങ്ങളെ നന്മ പൂക്കുന്ന വയലുകളാക്കി നിര്‍ത്തിയിരിക്കുന്നത് ഈ കൂട്ടുചേരലാണ്. എല്ലാ ഗ്രാമങ്ങളിലും പച്ചപിടിച്ചുനിന്ന അതിര്‍ത്തികളില്ലാത്ത ഈ ഒത്തുചേരലുകള്‍ മാനവികത പൂക്കുന്ന പൂങ്കാവനങ്ങളാക്കി മാറ്റിയിരുന്നു.

ഗ്രാമീണ കലാസമിതികള്‍ ഗ്രാമങ്ങളുടെ ആത്മാവായിരുന്നു. നടുനിവര്‍ത്താന്‍മാത്രം പാതിരാവുകളില്‍ വീട്ടിലെത്തിയിരുന്ന യുവാക്കള്‍ ഉറക്കമൊഴിഞ്ഞത് ഗ്രാമത്തിനുവേണ്ടിയായിരുന്നു. ഒരു കലാസമിതി തകരുമ്പോള്‍ ഒരു ഗ്രാമം ഇല്ലാതാകുന്നു.

ഈ രാഷ്ട്രീയ പ്രശ്നമാണ് കൈകാര്യം ചെയ്യുന്നത്. സ്വപ്ന ആര്‍ട്സ് ക്ലബ്ബിന്‍റെ ഭാരവാഹികളായ സതീശനില്‍നിന്നാണ് നാടകം ആരംഭിക്കുന്നത്. ക്ലബ്ബ് പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴിഞ്ഞു കൊടുക്കാന്‍ ഉടമ ആവശ്യപ്പെട്ടിരിക്കുന്നു.

പഴയ കൂട്ടായ്മയില്‍ അവശേഷിക്കുന്നത് സതീശന്‍ മാത്രം. കൂടെ മാനസിക പിന്തുണയുമായി ഗള്‍ഫിലുള്ള ശരീഫും. പഴയ തബലയും, വയലിനും നാടകങ്ങളിലെ വേഷങ്ങളും രംഗോപകരങ്ങളും നിറഞ്ഞ കബ്ബ് മുറിയില്‍ സതീശന്‍ അവസാന രാത്രി ചെലവഴിക്കുകയാണ്.

publive-image

ഓര്‍മ്മകള്‍ ഓടിയെത്തുന്നു. അതിലൂടെ പ്രക്ശുബ്ധമായിരുന്ന കാലവും. ഷെരീഫിന്‍റെ ഫോണില്‍നിന്നാണ് തുടക്കം. പിന്നെ പഴയ നാടകങ്ങളിലെ കഥാപാത്രങ്ങള്‍, പഴയ കൂട്ടായ്മയിലെ അംഗങ്ങള്‍, പാട്ടുകള്‍, നാടകങ്ങള്‍, നൃത്തങ്ങള്‍, എല്ലാം ഓര്‍മകളായി അരങ്ങില്‍ തെളിയുന്നു.

സതീശന്‍റെ നായികയും ജീവിതത്തില്‍ പ്രണയിനിയുമായിരുന്ന മേരിയും കടന്നു വരുന്നു. ഒരു മലവെള്ളപ്പാച്ചിലിന്‍റെ ദൃശ്യാവിഷ്കാരവും നാടകം പങ്കുവെക്കുന്നുണ്ട്.

ഒടുവില്‍ ഒരു സംഘം കുട്ടികള്‍ വന്ന് ക്ലബ്ബ് മുറി കയ്യേറുന്നിടത്താണ് നാടകം അവസാനിക്കുന്നത്. സതീശന്‍റെ സ്വപ്നം പോലെയുള്ള ഈ രംഗം ചില പ്രതീക്ഷകളെ ബാക്കിയാക്കുന്നു. മലവെള്ളപ്പാച്ചിലില്‍ ഭൂപടങ്ങള്‍ തന്നെ മാറ്റി വരയ്ക്കപ്പെടുന്നു. പക്ഷെ ചില ഓര്‍മ്മകളെയും നന്മയെക്കുറിച്ചുള്ള പ്രതീക്ഷകളെയും മാറ്റിമറിക്കാന്‍ ഒരു മലവെള്ളത്തിനുമാകില്ല എന്ന സൂചന ബാക്കി വെക്കുന്നു നാടകം.

എ. ശാന്തകുമാറിന്‍റെ രചനക്ക് ശക്തവും കൃത്യതയുമുള്ള രംഗ ഭാഷ്യമൊരുക്കിയത് ഷൈജു അന്തിക്കാടാണ്. ഓര്‍മകളും യാഥാര്‍ഥ്യവും ഇടകലരുന്ന അവതരണത്തെ ഒട്ടുംതന്നെ ദുര്‍ഗ്രാഹ്യതയില്ലാതെ പറയാന്‍ ഷൈജുവിനായി.

നാടകോത്സവത്തിന്‍റെ ഫല പ്രഖ്യാപനം ഇന്ന്‍ 19-11-18(തിങ്കളാഴ്ച) രാത്രി 8 മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തില്‍ വെച്ച് ജൂറി അംഗങ്ങളായ ശ്രീ. പി.ടി. മനോജ്‌, ശ്രീമതി. ഷൈലജ ജല എന്നിവര്‍ പ്രഖ്യാപിക്കും. എല്ലാവരെയും മലയാളീ സമാജത്തിന്‍റെ അങ്കണത്തിലേക്ക് ക്ഷണിക്കുന്നു.

Advertisment