Advertisment

യുഎസ് പ്രതിരോധ സെക്രട്ടറിയെ നീക്കം ചെയ്യാൻ ബൈഡൻ ആലോചിക്കുന്നില്ലെന്നു വൈറ്റ് ഹൗസ്

New Update
gfygfytewesrdfghjk

ന്യൂയോർക്ക്: യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ കാര്യം പ്രസിഡന്റ് ബൈഡൻ പോലും അറിഞ്ഞില്ല എന്ന വിവാദത്തിന്റെ പേരിൽ സെക്രട്ടറിക്കെതിരെ നടപടി എടുക്കാൻ പ്രസിഡന്റ് ഉദ്ദേശിക്കുന്നില്ലെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി. 

Advertisment

ഓസ്റ്റിനെ ഡിസ്‌മിസ്‌ ചെയ്യണമെന്ന ആവശ്യം ബൈഡൻ തള്ളിയതായി നാഷനൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി അറിയിച്ചു. 

ശസ്ത്രക്രിയയെ തുടർന്നുണ്ടായ പ്രശ്നങ്ങളുടെ പേരിലാണ് ഓസ്റ്റിൻ  (70)രഹസ്യമായി ആശുപത്രിയിൽ പ്രവേശിച്ചത്. "ഓസ്റ്റിന്റെ ആരോഗ്യവും രോഗമുക്തിയുമാണ് പ്രസിഡന്റിന് ഏറ്റവും പ്രധാനം. എത്രയും വേഗം അദ്ദേഹം പെന്റഗണിൽ തിരിച്ചെത്താൻ പ്രസിഡന്റ് കാത്തിരിക്കുന്നു," കിർബി പറഞ്ഞു. 

പുതുവത്സര ദിനത്തിൽ വാൾട്ടർ റീഡ് ആർമി മെഡിക്കൽ സെന്ററിൽ പ്രവേശിച്ച ഓസ്റ്റിൻ ചുമതലകൾ ഡെപ്യൂട്ടി സെക്രട്ടറി കാത്‌ലീൻ ഹിക്‌സിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ ആശുപത്രിയിലാണെന്ന വിവരം ബൈഡനോ പോർട്ടോ റിക്കോയിൽ ഒഴിവുകാലം ചെലവഴിച്ചിരുന്ന ഹിക്‌സോ ഉടൻ  അറിഞ്ഞില്ല. 

വ്യാഴാഴ്ച അദ്ദേഹത്തെ ആശുപത്രിയിലാക്കിയ വിവരം വെള്ളിയാഴ്ചയാണ് പുറത്തു വന്നത്. വെള്ളിയാഴ്ച ആശുപത്രിയിൽ നിന്ന് അദ്ദേഹം വീണ്ടും ചുമതലേറ്റതായി വൈറ്റ് ഹൗസും പെന്റഗണും പറഞ്ഞു. 

"അദ്ദേഹം സാധാരണ കൈകാര്യം ചെയ്യാറുള്ള ചുമതലകൾ എല്ലാം നിറവേറ്റുന്നുണ്ട്," കിർബി പറഞ്ഞു. "ആശുപത്രി കിടക്കയിൽ നിന്നു തന്നെ ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വ പാടവം തെളിയിച്ചു കൊണ്ട് തുടർന്നും ചുമതലകൾ വഹിക്കും." 

ഡിസംബർ 22നു ഓസ്റ്റിൻ വാൾട്ടർ റീഡിൽ അജ്ഞാതമായ ഏതോ ശസ്ത്രക്രിയക്കു വിധേയനായി. പിറ്റേന്നു ആശുപത്രി വിടുകയും ചെയ്തു. എന്നാൽ ജനുവരി 1നു വൈകിട്ട് കഠിനമായ വേദന ഉണ്ടായെന്നു പെന്റഗൺ വക്താവ് പാറ്റ്  റൈഡർ  തിങ്കളാഴ്ച പറഞ്ഞു. ഉടൻ തന്നെ വാൾട്ടർ റീഡ് ഐ സി യുവിൽ പ്രവേശിപ്പിച്ചു.  

ഓസ്റ്റിന്റെ ചീഫ് ഓഫിനു സ്റ്റാഫ് ഫ്ലൂ ബാധിച്ചതിനാൽ ഇക്കാര്യങ്ങൾ കൃത്യമായി അറിയിക്കാൻ അദ്ദേഹം വിട്ടുപോയെന്നു റൈഡർ വിശദീകരിച്ചു. "ആവശ്യമായ രീതിയിൽ കാര്യങ്ങൾ മെച്ചപ്പെടുത്തും. അതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്." 

എന്നാൽ ഡിസംബർ 22നു ശസ്ത്രക്രിയ നടത്തിയ കാര്യവും ഓസ്റ്റിൻ പ്രസിഡന്റിനെ അറിയിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. 

രണ്ടു പ്രാവശ്യമായി നാലു ദിവസം ഓസ്റ്റിൻ ആശുപത്രിയിൽ കഴിഞ്ഞ കാര്യം അറിയിക്കാൻ ഇത്രയും വൈകിയത് അതിക്രമം ആണെന്നു പെന്റഗൺ പ്രസ് അസോസിയേഷൻ പ്രതിരോധ വകുപ്പിനയച്ച കത്തിൽ ചൂണ്ടിക്കാട്ടി. 

എന്തായിരുന്നു ശസ്ത്രക്രിയ എന്നു പെന്റഗൺ ഇപ്പോഴും പറഞ്ഞിട്ടില്ല. ഓസ്റ്റിൻ എന്നാണ് പെന്റഗണിൽ എത്തുക എന്നും. 

വിശദ വിവരങ്ങൾ പുറത്തു വിടണം എന്നു യുഎസ് ഹൗസ് സൈനിക സമിതി ചെയർമാൻ മൈക്ക് റോജേഴ്‌സ് (റിപ്പബ്ലിക്കൻ-അലാസ്‌ക), റാങ്കിങ് മെമ്പർ ആദം സ്മിത്ത് (ഡെമോക്രാറ്റ്-വാഷിംഗ്‌ടൺ) എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 

"പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടേണ്ടതുണ്ട്," അവർ പറഞ്ഞു. "എന്തു ശസ്ത്രക്രിയയാണ് നടത്തിയത്. എന്തായിരുന്നു അതിൽ നിന്നുണ്ടായ പ്രശ്നങ്ങൾ. സെക്രട്ടറിയുടെ ഇപ്പോഴത്തെ ആരോഗ്യ നില എന്താണ്. എപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ചുമതലകൾ കൈമാറിയത്. പ്രസിഡന്റിനെയും കോൺഗ്രസിനെയും അറിയിക്കാൻ വൈകിയത് എന്തുകൊണ്ടാണ്.

"സുതാര്യത അതിപ്രധാനമാണ്. സെക്രട്ടറി ഓസ്റ്റിൻ ഇക്കാര്യങ്ങൾ വിശദീകരിക്കാൻ ബാധ്യസ്ഥനാണ്." 

ഓസ്റ്റിനെ ഉടൻ നീക്കം ചെയ്യണമെന്നു ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ പല റിപ്പബ്ലിക്കൻ നേതാക്കളും ആവശ്യപ്പെട്ടു. "അനുചിതമായ,  ചുമതലകൾ അവഗണിച്ചു കൊണ്ടുള്ള പെരുമാറ്റം" ആണ് അവർ ആരോപിക്കുന്നത്. 

ഈ സംഭവവികാസത്തിൽ നിന്നു പാഠം പഠിക്കാൻ ബൈഡൻ ഭരണകൂടം തീരുമാനിച്ചിട്ടുണ്ടെന്നു കിർബി പറഞ്ഞു. 

joe bidden Lloyd Austin
Advertisment