1.25 ലക്ഷത്തിന്റെ പേന, 1.10 ലക്ഷത്തിന്‍റെ റിസ്റ്റ് വാച്ച്, 2.15 ലക്ഷത്തിന്‍റെ വെള്ളി ഫലകം – ഒരു വര്‍ഷംകൊണ്ട് വിദേശത്തുനിന്ന് മോഡിക്ക് ലഭിച്ചത് 12.57 ലക്ഷത്തിന്‍റെ സമ്മാനങ്ങള്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, August 27, 2018

ഡല്‍ഹി : വെറും ഒരു വര്‍ഷത്തെ വിദേശ പര്യടനത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് 168 വസ്തുക്കളില്‍ നിന്നായി 12.57 ലക്ഷം രൂപ വിലമതിയ്ക്കുന്ന സമ്മാനങ്ങളാണ് ലഭിച്ചതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. വിദേശകാര്യ മന്ത്രാലയത്തിന്റെ ട്രഷറി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2017 ജൂലായ് മുതല്‍ 2018 ജൂണ്‍ വരെയുള്ള കാലയളവില്‍ മോദിയ്ക്കു വിദേശ രാജ്യങ്ങളില്‍ നിന്നും ലഭിച്ച 168 സമ്മാനങ്ങളുടെ മൂല്യമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ട്രഷറി പുറത്തുവിട്ട കണക്കുകളില്‍ സൂചിപ്പിക്കുന്നത്.

1.10 ലക്ഷം രൂപ വിലവരുന്ന മോണ്ട്ബ്ലാങ്ക് റിസ്റ്റ് വാച്ച്, 2.15 ലക്ഷം രൂപയുടെ വെള്ളി ഫലകം, 1.25 ലക്ഷത്തിന്റെ മോണ്ട്ബ്ലാങ്ക് പേനകള്‍ എന്നിവയെല്ലാം മോദിയ്ക്ക് ലഭിച്ച സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു.

മന്ത്രാലയത്തിന്റെ വെബ്സൈറ്റിലാണ് കണക്കുകള്‍ പരസ്യപ്പെടുത്തിയിട്ടുള്ളത്. ചിത്രങ്ങള്‍, പുസ്തകങ്ങള്‍, ബുള്ളറ്റ് ട്രെയിനിന്റെ മോഡല്‍ എന്നിവയും മോദിയ്ക്കു പല രാജ്യങ്ങളില്‍ നിന്നായി ലഭിച്ചിട്ടുണ്ട്.

നേപ്പാളില്‍ നിന്നുള്ള ക്ഷേത്രങ്ങളുടെ മാതൃകകള്‍, വെള്ളിപ്പാത്രങ്ങള്‍, കാര്‍പ്പെറ്റുകള്‍, കമ്പിളി വസ്ത്രങ്ങള്‍ എന്നിങ്ങനെ എണ്ണമറ്റ വസ്തുക്കളുടെ പട്ടിക മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇസ്രായേല്‍, ജര്‍മനി, ചൈന, ജോര്‍ദാന്‍, പലസ്തീന്‍, യു.എ.ഇ., റഷ്യ, ഒമാന്‍, സ്വീഡന്‍, യു.കെ., ഇന്തൊനീഷ്യ, മലേഷ്യ എന്നിവയടക്കം 20 രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചിട്ടുള്ളത്.

രാജ്യത്തു നിന്നും വിദേശരാജ്യങ്ങളില്‍ പോകുന്ന സര്‍ക്കാര്‍ പ്രതിനിധികള്‍ക്കു ലഭിക്കുന്ന ഉപഹാരങ്ങളുടെ മൂല്യം അയ്യായിരം രൂപയ്ക്കുമേലെയാണെങ്കില്‍ ട്രഷറിയില്‍ സൂക്ഷിക്കുകയും, അതില്‍ കുറവാണെങ്കില്‍ അതാതു വ്യക്തികള്‍ക്കു തന്നെ നല്‍കുകയുമാണ് പതിവ്.

×