Advertisment

ജനാധിപത്യം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഭരണത്തെ പുറത്താക്കാന്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട്‌ രേഖപ്പെടുത്തണമെന്ന്‌ പി.ടി. തോമസ്‌ എം.എല്‍.എ

New Update

തൊടുപുഴ : രാജ്യത്ത്‌ നൂറ്റാണ്ടുകളായി വളര്‍ന്നുവരുന്ന ജനാധിപത്യ മതേതരത്വ സംവിധാനങ്ങള്‍ അട്ടിമറിക്കുവാനുള്ള നീക്കങ്ങളാണ്‌ ഇപ്പോള്‍ ഭരണത്തില്‍ ഉള്ളവരുടെ സഹായത്തോടെ നടക്കുന്നതെന്ന്‌ പി.ടി. തോമസ്‌ എം.എല്‍.എ. പറഞ്ഞു. ഇതിന്‌ എതിരാണ്‌ ഭാരതത്തിലെ ജനങ്ങളെന്ന്‌ ബോദ്ധ്യപ്പെടുത്തി കൊണ്ട്‌ വോട്ടവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി പ്രസ്‌ ക്ലബ്ബിന്റെ നേതാവ്‌ - നിലപാട്‌ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവര്‍ത്തനങ്ങളാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. അധികാരവും ശക്തിയും ഉപയോഗിച്ച്‌ എന്ത്‌ കഴിക്കണമെന്നുവരെ നിര്‍ദ്ദേശിക്കുന്ന നിലപാടുകളെ മുളയിലെ നുള്ളികളയുവാന്‍ ദേശീയതലത്തില്‍ അഭിപ്രായം ഉയരണം. ദേശതാല്‍പ്പര്യം മുന്നില്‍കണ്ട്‌ വോട്ടവകാശം വിനിയോഗിക്കണം.

സത്യസന്ധതയോടെ ജനങ്ങളെ സമീപിക്കുവാനും സത്യസന്ധത കാണിക്കുവാനും ഭരണാധികാരികള്‍ തയ്യാറാകണം. എന്നാല്‍ കേരളത്തില്‍ സര്‍ക്കാര്‍ ആയിരം ദിനങ്ങള്‍ പിന്നിട്ടപ്പോഴേക്കും ആയിരം തെറ്റുകള്‍ സംഭവിച്ചിരിക്കുകയാണ്‌. രണ്ടായിരം ദിനങ്ങള്‍ പിന്നിടുമ്പോള്‍ രണ്ടായിരം വലിയ തെറ്റുകള്‍ ഉണ്ടാകുന്ന അവസ്ഥയാണിപ്പോള്‍. ഒടുവിലത്തെ ഉദാഹരണമാണ്‌ സംസ്ഥാനം നേരിട്ട പ്രളയം.

ഇക്കാര്യത്തില്‍ അമിക്കസ്‌ക്യൂറി നിലപാടിനെ ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രി ജനാധിപത്യ സംവിധാനത്തെയാണ്‌ ചോദ്യം ചെയ്യുന്നത്‌. ഇക്കാര്യത്തില്‍ എത്രമാത്രം ലാഘവത്തോടെയാണ്‌ മുഖ്യമന്ത്രി അഭിപ്രായം പറയുന്നത്‌. പ്രളയമുന്നറിയിപ്പ്‌ വിദഗ്‌ധര്‍ നല്‍കിയിട്ടും അതിനെ അവഗണിക്കുകയും മുന്‍കരുതല്‍ ഇല്ലാതെ ഡാമുകള്‍ തുറന്ന്‌ വിടുകയും ചെയ്‌തത്‌ ഒരിക്കലും ന്യായീകരിക്കാനാവില്ല.

എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി.ക്കെതിരെ പറഞ്ഞ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം സംസ്ഥാനത്തിന്‌ തന്നെ അപമാനമായിരിക്കുകയാണ്‌. ഇടുക്കിയില്‍ ഇപ്രാവശ്യം വ്യാജപ്രചരണങ്ങള്‍ക്കുള്ള മറുപടിയായിരിക്കും വോട്ടെടുപ്പില്‍ പ്രതിഫലിക്കുക.

ഇടുക്കി പാര്‍ലമെന്റ്‌ മണ്‌ഡലത്തിലെ ഏഴ്‌ നിയമസഭാ മണ്‌ഡലങ്ങളിലും യുഡിഎഫ്‌ മേല്‍ക്കൈ നേടുന്ന പ്രവര്‍ത്തനങ്ങളാണ്‌ നടന്നുവരുന്നതെന്നും പി.ടി. തോമസ്‌ പറഞ്ഞു. പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ അഷറഫ്‌ വട്ടപ്പാറ സ്വാഗതവും സെക്രട്ടറി എം. എന്‍. സുരേഷ്‌ നന്ദിയും പറഞ്ഞു.

Advertisment