Advertisment

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് കശ്മീരില്‍ യുദ്ധസമാന സാഹചര്യം... പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതിയെ തിരികെ വിളിച്ചു....സൈന്യം അതീവ ജാഗ്രതയില്‍...ജമ്മുവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ശ്രീനഗര്‍: കശ്മീരിലും പാകിസ്താന്‍ അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അതിര്‍ത്തിയില്‍ സൈന്യം അതീവ ജാഗ്രതയിലാണ്.

Advertisment

ഇന്ത്യന്‍ സൈന്യത്തിനെതിരെ ജെയ്‌ഷെ മുഹമ്മദ് നടത്തുന്ന ആക്രമങ്ങള്‍ക്ക് അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണങ്ങളിലൂടെ ഇന്ത്യ തിരിച്ചടി നല്‍കിയിട്ടുണ്ട്. സമാനമായ സൈനിക ഓപ്പറേഷന്‍ ഇന്ത്യ ഇപ്പോള്‍ നടത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിനാല്‍ അന്താരാഷ്ട്ര ശ്രദ്ധയും ഇപ്പോള്‍ കശ്മീര്‍ അതിര്‍ത്തിയിലാണ്.

publive-image

പുല്‍വാമ ആക്രമണത്തിന് ഏത് രീതിയിലുള്ള തിരിച്ചടി നല്‍കണമെന്നത് സംബന്ധിച്ച് ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. പാകിസ്താന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തിയ ഇന്ത്യ പുല്‍വാമ സംഭവത്തില്‍ തങ്ങളുടെ ശക്തമായ പ്രതിഷേധം ആ രാജ്യത്തെ അറിയിച്ചു. പാകിസ്താന്‍ കേന്ദ്രീകരിച്ച് ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ക്കെതിരെ നടപടി വേണമെന്നും ഇതിന് രാഷ്ട്രീയ തലത്തിലുള്ള ഇടപെടലുണ്ടാവണമെന്നും ഇന്ത്യ പാകിസ്താന്‍ സ്ഥാനപതിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതിയോട് അടിയന്തരമായി ദില്ലിയില്‍ എത്തിച്ചേരാനും ആവശ്യപ്പെട്ടിട്ടുണ്ട്. പുല്‍വാമ ആക്രമണം അന്താരാഷ്ട്രവേദികളില്‍ ഉന്നയിച്ച് പാകിസ്താനെ അന്താരാഷ്ട്ര വേദികളില്‍ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.

വര്‍ഗ്ഗീയകലാപത്തിനുള്ള സാധ്യത കണക്കിലെടുത്ത് ജമ്മുവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ കശ്മീരില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളും വിച്ഛേദിച്ചിരിക്കുകയാണ്.

മുന്‍കരുതലെന്ന നിലയില്‍ ശ്രീനഗറിലും ഇന്റര്‍നെറ്റ് സേവനം പരിമിതപ്പെടുത്തി. തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ്വരയില്‍നിന്നുള്ള വാഹനവ്യൂഹത്തിന്റെ നീക്കം താല്‍കാലികമായി നിര്‍ത്തി വച്ചു. ഇന്നലെ പുല്‍വാമയില്‍ സൈനികവ്യൂഹത്തിന് നേരെ സ്‌ഫോടകവസ്തുകള്‍ അടങ്ങിയ കാര്‍ ഇടിച്ചു കയറ്റിയതിന് പിന്നാലെ സൈനികര്‍ക്ക് നേരെ വെടിവയ്പ്പ് ഉണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് അക്രമണത്തിന് പിന്നാലെ പുല്‍വാമയ്ക്ക് ചുറ്റുമുള്ള പതിനഞ്ചോളം ഗ്രാമങ്ങള്‍ ഇന്നലെ സൈന്യം വളഞ്ഞു.

Advertisment