Advertisment

ചിന്നിചിതറുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വീട്ടിലേക്ക് വിളിച്ചു...ഭാര്യയോട് സംസാരിച്ചു...ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശബ്ദം കേട്ടു...പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു...പിന്നീട് ആ വിളി എത്തിയില്ല..കുഞ്ഞിനെ ഒരു നോക്ക് കാണാന്‍ കഴിയാതെ രാജ്യത്തിന് വേണ്ടി ധീരജവാന്‍ ഓര്‍മ്മയായി...പഞ്ചാബിലെ ഗ്രാമത്തില്‍ നിന്ന് രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ ചേര്‍ന്ന ധീരജവാന്‍ സുഖ്ജീന്ദര്‍ സിങ്ങിന്റെ ഓര്‍മ്മയില്‍ കുടുംബം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

സി.ആര്‍.പി.എഫിലെ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു സുഖ്ജീന്ദര്‍ സിങ്. പുല്‍വാമയില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് സുഖ്ജീന്ദര്‍ വീട്ടിലേക്ക് ഫോണില്‍ വിളിച്ചിരുന്നു.

Advertisment

publive-image

മാതാപിതാക്കളോടും സഹോദരനോടും ഭാര്യയോടും പിന്നെ ഏഴു മാസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞുമോനോടും സുഖ്ജീന്ദര്‍ സംസാരിച്ചു. താന്‍ സേനയ്‌ക്കൊപ്പം കശ്മീരിലേക്കു പോകുകയാണെന്നും ക്യാമ്പില്‍ എത്തിയ ശേഷം വൈകീട്ട് വിളിക്കാമെന്നും പറഞ്ഞു ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു.

പക്ഷെ, സുഖ്ജീന്ദറിന്റെ കുടുംബത്തെ കാത്തിരുന്നത് ഒരു ദുരന്ത വാര്‍ത്തയായിരുന്നു. കുഞ്ഞുമകനെ ഒരു നോക്ക് കൂടി കാണാന്‍ കഴിയാതെ ആ ധീരജവാന്‍ ഓര്‍മ്മയായി.

publive-image

പഞ്ചാബിലെ ഗാന്ധിവിന്ദ് ഗ്രാമത്തില്‍ നിന്ന് രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ സ്വയം സമര്‍പ്പിച്ച് സൈന്യത്തിനൊപ്പം ചേര്‍ന്ന ധീരനായിരുന്നു സുഖ്ജീന്ദര്‍ സിങ്. ഇന്നലെ വൈകീട്ട് ആറു മണിയോടെ ആ വാര്‍ത്ത സുഖ്ജീന്ദര്‍ സിങിന്റെ പിതാവ് ഗുര്‍മെസ് സിങിനെ തേടിയെത്തി. ആ കുടുംബത്തിന് താങ്ങാനാവുന്നതിലുമപ്പുറമായിരുന്നു ആ ദുരന്ത വാര്‍ത്ത.

publive-image

വിവാഹത്തിന് ശേഷം ഏഴു വര്‍ഷത്തെ കാത്തിരിപ്പിനും പ്രാര്‍ഥനകള്‍ക്കും ഒടുവില്‍ സുഖ്ജീന്ദര്‍ സിങിന് ദൈവം കനിഞ്ഞുനല്‍കിയ ഏഴു മാസം പ്രായമുള്ള കുഞ്ഞുമകന്‍ അപ്പോഴും ഒന്നുമറിഞ്ഞിട്ടുണ്ടായിരുന്നില്ല. കുഞ്ഞുമകനെ ഒരു നോക്ക് കൂടി കാണാന്‍ കഴിയാതെ ആ ധീരജവാന്‍ ഓര്‍മ്മയായി

സി.ആര്‍.പി.എഫിന്റെ 76 ബാറ്റാലിയനിലെ അംഗമായിരുന്നു സുഖ്ജീന്ദര്‍. 2003 ലാണ് 19 ാമത്തെ വയസില്‍ സുഖ്ജീന്ദര്‍ സി.ആര്‍.പി.എഫിന്റെ ഭാഗമായത്. എട്ട് മാസം മുമ്പായിരുന്നു ഹെഡ് കോണ്‍സ്റ്റബിള്‍ പദവി സുഖ്ജീന്ദറിനെ തേടിയെത്തിയത്. ഒരു കുടുംബത്തിന്റെ ഏക അത്താണി ആയിരുന്നു സുഖ്ജീന്ദര്‍ സിങ്.

Advertisment