രാജസ്ഥാനെതിരെ പഞ്ചാബിന് തകര്‍പ്പന്‍ ജയം

സ്പോര്‍ട്സ് ഡസ്ക്
Tuesday, April 16, 2019

 

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ ജയം. 183 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍റെ പോരാട്ടം 168 ല്‍ അവസാനിച്ചു. 12 റണ്‍സിന്‍റെ ജയത്തോടെ പഞ്ചാബ് പോയിന്‍റ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന് പ്ലേ ഓഫ് സാധ്യതയും തുറന്നെടുത്തു.

പഞ്ചാബ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അനായാസം ബാറ്റുവീശിയ രാജസ്ഥാന്‍റെ മധ്യ നിരയാണ് മത്സരം കൈവിട്ടത്. 11 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 97 എന്ന നിലയില്‍ നിന്നാണ് രാജസ്ഥാന്‍റെ പോരാട്ടം 168 ല്‍ അവസാനിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കെ എല്‍ രാഹുലിന്റെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ രാഹുല്‍-ക്രിസ് ഗെയ്ല്‍ സഖ്യം 38 റണ്‍സടിച്ച് മികച്ച അടിത്തറയിട്ടെങ്കിലും ഗെയ്‌ലിനെ(30) സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ച് ജോഫ്ര ആര്‍ച്ചര്‍ രാജസ്ഥാന് ആദ്യ വിക്കറ്റ് സമ്മാനിച്ചു. മായങ്ക് അഗര്‍വാള്‍ 12 പന്തില്‍ 26 റണ്‍സെടുത്ത് മികച്ച തുടക്കമിട്ടെങ്കിലും ഇഷ് സോധിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അര്‍ധസെഞ്ചുറി നേടിയെങ്കിലും 47 പന്തിലാണ് കെ എല്‍ രാഹുല്‍ 52 റണ്‍സെടുത്തത്.

×