Advertisment

ഗള്‍ഫ് പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത ! 26 മുതല്‍ ഖത്തറില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള വിമാന സര്‍വീസ് ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നു

New Update

publive-image

Advertisment

ദോഹ: മേയ് 26 മുതല്‍ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ് തയ്യാറെടുക്കുന്നു. ഖത്തര്‍ എയര്‍വേയ്‌സിന്റെ വെബ്‌സൈറ്റില്‍ മേയ് 26 മുതലുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

മേയ് 26ന് കൊച്ചിയിലേക്കാണ് ആദ്യ സര്‍വീസ്. മേയ് 26, 28, 30, 31 തീയതികളിലും 31 ശേഷം ഇന്ത്യയിലേക്കും തിരിച്ചും സാധാരണ നിലയിലുള്ള സര്‍വീസ് തുടരുമെന്നാണ് വെബ്‌സൈറ്റ് ബുക്കിംഗ് സൂചിപ്പിക്കുന്നത്.

publive-image

കൊച്ചിയിലേക്ക് മേയ് 26ന് ഇക്കോണമി ക്ലാസില്‍ 4,435 റിയാല്‍ (നിലവിലെ വിനിമയ നിരക്ക് പ്രകാരം ഇന്ത്യന്‍ രൂപ 91,361), ബിസിനസ് ക്ലാസില്‍ 7,695 റിയാല്‍ (1,58,517 രൂപ) എന്നിങ്ങനെയാണ് നിരക്ക്. കൊച്ചിയിലേക്ക് മേയ് 26നുള്ള വിമാനത്തിലേക്ക് മാത്രമാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്.

ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മേയ് 31 ന് തുടങ്ങുന്ന സര്‍വീസുകളിലേക്കുള്ള ബുക്കിങും ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ ഒന്ന് മുതല്‍ എല്ലാ ഇന്ത്യന്‍ നഗരങ്ങളിലേക്കുമുള്ള ബുക്കിങും ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ മുതല്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് സര്‍വീസുള്ളത്.

കഴിഞ്ഞ ദിവസം ഖത്തര്‍ എയര്‍വേയ്‌സിന്റെ ട്വിറ്ററില്‍ യാത്രക്കാരന് നല്‍കിയ മറുപടിയില്‍ ഇന്ത്യയിലേക്ക് മേയ് 26 മുതല്‍ സര്‍വീസ് പുനരാരംഭിക്കാന്‍ തയാറെടുക്കുന്നതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ടിക്കറ്റ് ബുക്കിങ് എടുക്കുന്നത് സംബന്ധിച്ച് നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ദോഹയിലെ ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി.

കോവിഡ് 19 നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുന്നതില്‍ മേയ് അവസാനത്തോടെ ഇന്ത്യയിലേത് ഉള്‍പ്പെടെ 52 നഗരങ്ങളിലേക്കും ജൂണ്‍ അവസാനത്തോടെ 80 നഗരങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് മേയ് ആദ്യ വാരം ഖത്തര്‍ എയര്‍വേയ്‌സ് പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഇന്ത്യയില്‍ വിമാനങ്ങള്‍ക്ക് പ്രവേശന നിയന്ത്രണം തുടരുന്നതിനാല്‍ ഇന്ത്യന്‍ സിവില്‍ ഏവിയേഷന്റെ അനുമതി ലഭിക്കുന്നത് പ്രകാരം മാത്രമേ സര്‍വീസ് തുടങ്ങാനാകൂ.

Advertisment