Advertisment

യുഎസ് ഓപ്പണിൽനിന്ന് നദാൽ പിൻമാറി; ഫെഡററും നദാലുമില്ലാതെ യുഎസ് ഓപ്പൺ  

New Update

ഫ്ലഷിങ് മെഡോസിലെ താരപ്പോരിൽനിന്നു സ്പെയിനിന്റെ റാഫേൽ നദാൽകൂടി പിൻമാറ്റം പ്രഖ്യാപിച്ചതോടെ ഇത്തവണത്തെ യുഎസ് ഓപ്പൺ ടെന്നിസ് പുരുഷവിഭാഗം മത്സരങ്ങളുടെ പകിട്ടു കുറഞ്ഞു. കോവിഡ് സുരക്ഷാ മുൻകരുതലെന്ന നിലയ്ക്കാണു മുപ്പത്തിനാലുകാരനായ നിലവിലെ ചാംപ്യന്റെ പിൻമാറ്റം.

Advertisment

publive-image

ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഈ വർഷം കോർട്ടിലേക്കില്ലെന്നു പ്രഖ്യാപിച്ച സ്വിസ് താരം റോജർ ഫെഡററുടെ അസാന്നിധ്യം കൂടിയാകുമ്പോൾ, പുരുഷ ടെന്നിസിലെ ത്രിമൂർത്തികളിൽ ബാക്കിയാവുന്നതു ലോക ഒന്നാം നമ്പർ സെർബിയയുടെ നൊവാക് ജോക്കോവിച്ച് മാത്രം. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 14 വരെയാണു യുഎസ് ഓപ്പൺ.

20 ഗ്രാൻസ്ലാം കിരീടങ്ങളുമായി റോജർ ഫെഡററുടെ റെക്കോർഡിന് ഒപ്പമെത്താനുള്ള സുവർണാവസരമാണു സകലരെയും അമ്പരപ്പിച്ച തീരുമാനത്തോടെ നദാൽ വേണ്ടെന്നു വച്ചത്. കഴിഞ്ഞ 13 ഗ്രാൻസ്ലാം കിരീടങ്ങൾ പങ്കിട്ടെടുത്ത ഫെഡറർ – നദാൽ– ജോക്കോവിച്ച് ‘ബിഗ് ത്രീ’യിൽ ഒരാൾ മാത്രം കളത്തിൽ ബാക്കി. 1999നു ശേഷം ഫെഡററും നദാലും ഒരുമിച്ച് ഇല്ലാതെ വരുന്ന ആദ്യ യുഎസ് ഓപ്പണാണിത്.

ജൂണിൽ അഡ്രിയ ടൂർ പ്രദർശന മത്സരത്തിനിടെ കോവിഡ് ബാധിച്ചശേഷം രോഗമുക്തനായി എത്തുന്ന മുപ്പത്തിനാലുകാരൻ ജോക്കോവിച്ചിനു നദാലിന്റെ 4 യുഎസ് ഓപ്പൺ കിരീടമെന്ന നേട്ടത്തിനൊപ്പമെത്താൻ ഇതു സുവർണാവസരമായി. കഴിഞ്ഞ തവണത്തെ 2–ാം സ്ഥാനക്കാരൻ ഡാനിൽ മെദ്‌മദേവ്, ഡൊമിനിക് തീയം, സ്റ്റെഫാനോസ് സിറ്റ്സിപാസ്, അലക്സാണ്ടർ സ്വരേവ്, എന്നീ മുൻനിര താരങ്ങൾ സംഘാടകർ ഇന്നലെ പുറത്തുവിട്ട സിംഗിൾസ് പട്ടികയിലുണ്ട്.

കോവിഡ് മൂലം ഓസ്ട്രേലിയൻ താരം നിക്ക് കിർഗിയോസ്, വ്യക്തിപരമായ കാരണങ്ങളാൽ മുൻ ചാംപ്യനായ സ്വിസ് താരം സ്റ്റാൻ വാവ്റിങ്ക, ഒന്നാം നമ്പർ വനിതാ താരം ആഷ്‌ലി ബാർട്ടി, അനസ്താസിയ പാവ്‌ല്യുചെങ്കോവ എന്നിവരും യുഎസ് ഓപ്പണിന് ഇല്ലെന്നു മുൻപേ വ്യക്തമാക്കിയിരുന്നു.

us open rafael nadal
Advertisment