Advertisment

റഫാല്‍: പുതിയ വിവാദത്തിന് തുടക്കമിട്ട് സുപ്രീംകോടതി വിധിയിലുള്ള പരാമര്‍ശം; റഫാല്‍ വിധിയില്‍ കോടതി പരാമര്‍ശിച്ചത് സിഎജി റിപ്പോര്‍ട്ടിലില്ല

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: റഫാല്‍ വിധിയില്‍ സുപ്രീംകോടതി പരാമര്‍ശിച്ചത് ഇല്ലാതെ സിഎജി റിപ്പോര്‍ട്ട്. റഫാല്‍ യുദ്ധ വിമാനങ്ങളുടെ വില കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) പരിശോധിച്ചെന്നും അതിന്റെ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കു (പിഎസി) നല്‍കിയെന്നുമുള്ള കോടതി വിധിയിലുള്ള പരാമര്‍ശമാണ് സിഎജി റിപ്പോര്‍ട്ടിലില്ലാത്തത്.

Advertisment

publive-image

കേസിനു കാരണമായ റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാകുന്നതേയുള്ളുവെന്ന് സിഎജി വൃത്തങ്ങള്‍ പറഞ്ഞു. റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തൊട്ടു മുന്‍പ് നല്‍കാനാണ് ആലോചിക്കുന്നത്. സിഎജി പാര്‍ലമെന്റിനാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. പാര്‍ലമെന്റാണ് പിഎസിയുടെ പരിശോധനയ്ക്കു വിടുന്നത്.

സാധാരണ ഗതിയില്‍, സിഎജിയുടെ റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കും മുന്‍പ്, സര്‍ക്കാരിന് നിലപാടു വ്യക്തമാക്കാന്‍ അവസരം നല്‍കാറുണ്ട്. എക്‌സിറ്റ് മീറ്റിങ് എന്നു വിളിക്കപ്പെടുന്ന ഈ യോഗത്തിന്റെ തീയതിപോലും റഫാല്‍ കാര്യത്തില്‍ തീരുമാനിച്ചിട്ടില്ലെന്ന് സിഎജി വൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍, സിഎജിയുടെ റിപ്പോര്‍ട്ട് പിഎഎസി പരിശോധിച്ചെന്നും, റിപ്പോര്‍ട്ടിന്റെ ചെറിയൊരു ഭാഗമാണ് പാര്‍ലമെന്റിനു നല്‍കിയതെന്നുമാണ് വിധിന്യായത്തില്‍ പറയുന്നത്. റഫാല്‍ വിഷയത്തില്‍ ഏതെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചതായി പാര്‍ലമെന്റ് രേഖകകളില്ല. റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പിഎസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

സിഎജി റിപ്പോര്‍ട്ട് തയ്യാറായെന്നോ അതു പിഎസിക്കു ലഭിച്ചെന്നോ കേസിന്റെ വാദത്തിനിടെ സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടില്ല. എന്നാല്‍, പല കാര്യങ്ങളും സര്‍ക്കാര്‍ രഹസ്യരേഖയായി കോടതിക്കു കൈമാറുകയും ചെയ്തു. അതില്‍ സിഎജി റിപ്പോര്‍ട്ടും പിഎസിയും പരാമര്‍ശിച്ചിട്ടുണ്ടാവാമെന്ന സംശയമാണ് ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണും അരുണ്‍ ഷൂറിയും മറ്റും ഉന്നയിക്കുന്നത്. ഇല്ലാത്ത റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് വിധിയെന്നും അവര്‍ ആരോപിക്കുന്നു.

അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് ഡിഫന്‍സിന്റെ മാതൃസ്ഥാപനമാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നതാണ് വിധിയിലെ വസ്തുതാപരമായ മറ്റൊരു പിഴവായി ചൂണ്ടിക്കാട്ടപ്പെടുന്നത്. പത്രവാര്‍ത്തകളുടെയും മറ്റും അടിസ്ഥാനത്തിലാണ് ഈ പരാമര്‍ശമെന്നാണ് വിധിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

വിമാനം വാങ്ങല്‍ പ്രക്രിയയെയും വിലയെയും കുറിച്ച് വായുസേനാ ഉദ്യോഗസ്ഥരില്‍ നിന്നു വിവരങ്ങള്‍ കോടതി ചോദിച്ചറിഞ്ഞെന്നു വിധിയിലുള്ള പരാമര്‍ശത്തെയും ഹര്‍ജിക്കാര്‍ ചോദ്യം ചെയ്യുന്നു. കോടതിയില്‍ അത്തരം കാര്യങ്ങളൊന്നും വായുസേനാ ഉദ്യോഗസ്ഥരോടു ചോദിച്ചില്ലെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. വിധികളില്‍ വസ്തുതാപരമായ പിഴവുണ്ടായാല്‍ അതു തിരുത്താന്‍ പുനഃപരിശോധനാ ഹര്‍ജിയാണ് മാര്‍ഗം.

Advertisment