Advertisment

യോഗിക്ക് ഹിന്ദുത്വം തന്നെ മുഖമുദ്ര ! യുപി പ്രിയങ്കയെ ഏല്‍പ്പിച്ച് രാഹുല്‍ ദക്ഷിണേന്ത്യയില്‍ കണ്ണുവയ്ക്കുന്നു - യുപി രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങള്‍

author-image
സുജിത് വള്ളൂര്‍ 
Updated On
New Update

ഡല്‍ഹി: രാജ്യത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഉത്തര്‍പ്രദേശിന് സവിശേഷ സ്ഥാനമുണ്ട്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞര്‍ക്കിടയില്‍ 'യുപി പിടിച്ചാല്‍ ഇന്ത്യ പിടിച്ചു' എന്ന ഒരു മുദ്രാവാക്യംപോലും ആകസ്മികമായല്ല കടന്നുവന്നത്. രാജ്യത്തെ 540 ലോക്‌സഭാ സീറ്റുകളില്‍ ഏകദേശം 14 ശതമാനത്തോളം യുപിയില്‍നിന്നുമാണ്. ഇതുതന്നെ വ്യക്തമാക്കുന്നു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ യുപിയുടെ പ്രാധാന്യം.

Advertisment

publive-image

മണ്ഡല്‍ വേഴ്‌സസ് കമണ്ഡല്‍ 

ഉത്തരേന്ത്യയില്‍ ഏറെ പ്രചാരം ലഭിച്ച ഒരു പ്രയോഗമാണ് മണ്ഡല്‍ - കമണ്ഡല്‍ രാഷ്ട്രീയം.ദളിത്, പിന്നോക്ക സംവരണത്തെ സൂചിപ്പിക്കുന്ന മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും രാഷ്ട്രീയവുംബിജെപിയും സംഘപരിവാര്‍ സംഘടനകളും പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയവുമാണ് ഈ പ്രയോഗം കൊണ്ടുദ്ധേശിക്കുന്നത്. ഈ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ബലാബലമാണ് ഇത്തവണ യുപില്‍ നടക്കുന്നത്. ഇതില്‍ ആര് വാഴും ആരു വീഴും എന്നതിനനുസരിച്ചിരിക്കും ഇന്ത്യയുടെ ഭാവി.

publive-image

പുതുക്കി ഇറക്കുന്ന ഹിന്ദുത്വ കാര്‍ഡ് 

ഏപ്രില്‍ 11 മുതല്‍ ആരംഭിക്കുന്ന ഏഴ് ഘട്ടങ്ങളിയായാണ് യുപി തെരഞ്ഞെടുപ്പ്്. യുപിയിലെ ബിജെപിയുടെ സ്വന്തം സ്റ്റാര്‍ ക്യാംപെനറയാ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രചാരണം ആരംഭിച്ചത് തന്നെ സഹരന്‍പൂരിലെ ഷങ്കുമ്പരി ക്ഷേത്രാങ്കണത്തില്‍നിന്നാണ്.

ഉത്തരേന്ത്യന്‍ ഹിന്ദുക്കളുടെ ഇടയില്‍ വലിയ സ്വാധീനമുള്ള ഒന്നാണ് ഈ ക്ഷേത്രം. ജാതി സമവാക്യങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഹിന്ദുത്വ കാര്‍ഡ് ഈ പൊതു തെരഞ്ഞെടുപ്പില്‍ എത്ര കണ്ട് ചിലവാകും എന്നത് അപ്രവചനാതീതം.

publive-image

ഉത്തര്‍ പ്രദേശിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കൈരാനയില്‍നിന്നുള്ള ഹിന്ദുക്കളുടെ പലായനത്തെക്കുറിച്ച് യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശം ഇതിനകം യുപി രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചുകഴിഞ്ഞു. യുപി മുഖ്യമന്ത്രിയുടെ പ്രസ്ഥാപന തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ളതാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

അടുത്ത കാലത്ത് നടന്ന രാജസ്ഥാന്‍, മധ്യപ്രദേശ് ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളില്‍ യോഗി ഉയര്‍ത്തിയ 'അലി തും രഖേ രഹോ, ഹമാരേ പാസ് ബജ്രഗ്ബലി ഹേ' (പ്രതിപക്ഷം മുസ്ലീങ്ങളുടെ പിന്തുണകൊണ്ടു സന്തോഷിക്കട്ടെ നമുക്ക് പിന്തുണ ഹനുമാന്‍ സ്വാമിയാണ്) എന്ന മുദ്രാവാക്യം യുപിയില്‍ ബിജെപി നടത്താന്‍ പോകുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ദിശ വ്യക്തമാക്കും.

publive-image

പ്രതിപക്ഷത്തിനും തുറുപ്പുചീട്ട് ജാതി കാര്‍ഡ് 

പ്രാദേശിക പാര്‍ട്ടികളുടെ മുന്നാം മുന്നണിയായ മഹാഗത്ബന്ധന്‍ സഖ്യമാണ് യുപിയില്‍ ബിജെപിയുടെ പ്രധാന എതിരാളികള്‍. യുപിയില്‍ പ്രബലരായ എസ്പിയും ബിഎസ്പിയും പരസ്പരം സീറ്റുകള്‍ പങ്കുവച്ചാണ് മത്സരം. ഇവരോടൊപ്പം അജിത് സിങ്ങിന്റെ ആര്‍എല്‍ഡി കൂടി ചേരുന്നുണ്ട്. ദളിത്-ഒബിസി- മുസ്ലീം സഖ്യമാണ് മഹാഗത്ബന്ധന്റെ വജ്രായുധം.

പ്രശസ്തമായ മുസ്ലീം ആത്മീയ കേന്ദ്രം ദാരുല്‍ഉലൂം സ്ഥിതിചെയ്യുന്ന ദിയോബാദില്‍നിന്നാണ് മൂന്നാം മുന്നണി സഖ്യത്തിന്റെ പൊതു തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് ഈ സഖ്യത്തിന്റെ ശ്രമം. കേന്ദ്രത്തിലും സംസ്ഥാനത്തും നടക്കുന്ന ബിജെപി ഭരണത്തില്‍ ദളിത്- ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണെന്നാണ് മൂന്നാം മുന്നിണി ആരോപിക്കുന്നത്.

publive-image

ബിജെപി ഭരണം അവസാനിപ്പിക്കാന്‍ ഒരു വോട്ട് എന്നാണ് ഈ പാര്‍ട്ടികളുടെ മുദ്രാവാക്യം.സംസ്ഥാനത്ത് ശക്തിക്ഷയിച്ച കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് എസ്പി - ബിഎസ്പി സഖ്യവുമായി ചേര്‍ന്ന് മത്സരിക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നെങ്കിലും അത് ആദ്യ ഘട്ടത്തില്‍ തന്നെ പാളിയിരുന്നു. പിന്നീട് യുപിയില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തന്റെ സഹോദരി പ്രിയങ്കയെ നിയോഗിച്ചിട്ടുണ്ട്.

പ്രിയങ്കയുടെ പ്രതിച്ഛായയിലൂടെ സഹരണ്‍പൂര്‍, കാണ്‍പൂര്‍, ഉന്നാവോ, ബരബാങ്കി, പട്രൗന, അലഹബാദ്, റായ്ബറേലി, അമേഠി തുടങ്ങിയ ലോക്‌സഭാ സീറ്റുകള്‍ പിടിച്ചടക്കാനാണ് കോണ്‍ഗ്രസ് ശ്രമം.വാരണസിയില്‍ പ്രിയങ്കയുടെ ഗംഗാ യാത്രയടക്കമുള്ള സംഭവങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. യുപിയില്‍ കുറവുവരുന്ന സീറ്റുകള്‍ ദക്ഷിണേന്ത്യയില്‍നിന്നു നേടാനാണ് കോണ്‍ഗ്രസ് പുതിയ നീക്കങ്ങള്‍ നടത്തുന്നത്.

Advertisment