Advertisment

മരിച്ച കര്‍ഷകരുടെ കണക്കില്ലെന്ന് പറഞ്ഞ കേന്ദ്രസര്‍ക്കാരിന് കണക്കു നല്‍കി രാഹുല്‍ ഗാന്ധി; മാപ്പു പറയാതെ രാജ്യസഭയിലെ 12 എംപമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് പ്രള്‍ഹാദ് ജോഷി

New Update

ഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ മരിച്ച കര്‍ഷകരുടെ കണക്കില്ലെന്ന് പറഞ്ഞ കേന്ദ്രസര്‍ക്കാരിന് കണക്കു നല്‍കി രാഹുല്‍ ഗാന്ധി. മാപ്പു പറയാതെ രാജ്യസഭയിലെ 12 എംപമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് പാര്‍ലമെന്‍ററികാര്യമന്ത്രി പ്രള്‍ഹാദ് ജോഷി വ്യക്തമാക്കി.

Advertisment

publive-image

പാര്‍ലമെന്‍റില്‍ മുടങ്ങാതെ എത്തണമെന്ന് ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ശന നിര്‍ദേശം നല്‍കി. ടിആര്‍എസ് ശൈത്യകാലസമ്മേളനം ബഹിഷ്ക്കരിക്കാന്‍ തീരുമാനിച്ചു.

പ്രതിഷേധത്തിനിടെ മരിച്ച കര്‍ഷകരുടെ കണക്കില്ലെന്നും അതിനാല്‍ നഷ്ടപരിഹാരം സംബന്ധിച്ച ചോദ്യത്തിന് പ്രസക്തിയില്ലെന്നും കേന്ദ്രകൃഷിമന്ത്രി പാര്‍ലമെന്‍റില്‍ മറുപടി നല്‍കിയിരുന്നു. ശൂന്യവേളയില്‍ വിഷയം ഉന്നയിച്ച രാഹുല്‍ ഗാന്ധി മരിച്ചവരുടെ കുടുംബത്തിന് അടിയന്തരമായി സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടു. മാപ്പു പറഞ്ഞതു കൊണ്ടുമാത്രം കാര്യമില്ലെന്ന് പറഞ്ഞ രാഹുല്‍ മരിച്ചവരുടെ കണക്കും സഭയില്‍ കാണിച്ചു.

മാപ്പുപറയാതെ എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍. സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ രാജ്യസഭ തടസപ്പെട്ടു. ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രതിപക്ഷനേതാക്കള്‍ പ്രതിഷേധിച്ചു.

തെലങ്കാനയിലെ കര്‍ഷകരുടെ നെല്ലുസംഭരണത്തിലെ പ്രശ്നവും എംപിമാരുടെ സസ്പെന്‍ഷനും ചൂണ്ടിക്കാട്ടിയാണ് സമ്മേളനം ബഹിഷ്ക്കരിക്കാന്‍ ടിആര്‍എസ് തീരുമാനിച്ചത്. പാര്‍ലമെന്‍റില്‍ മുടങ്ങാതെ എത്തണമെന്ന് ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

കുട്ടികളെപ്പോലും നിരന്തം വഴക്കുപറഞ്ഞാല്‍ അവര്‍ക്ക് ഇഷ്ടപ്പെടില്ല. സ്വയം മാറിയില്ലെങ്കില്‍ മാറ്റത്തിന് തയ്യാറെടുക്കണമെന്ന് എംപിമാരോട് മോദി സ്വരം കടുപ്പിച്ചു. പത്മപുരസ്ക്കാര ജേതാക്കളെ ആദരിക്കുന്ന ചടങ്ങുകളും കായിക മല്‍സരങ്ങളും സംഘടിപ്പിക്കാന്‍ എംപിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കായിക സര്‍വകലാശാല ആരംഭിക്കാന്‍ കേരളം അപേക്ഷനല്‍കിയിട്ടില്ലെന്നും അപേക്ഷിച്ചാല്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നും കേന്ദ്ര കായിക സഹമന്ത്രി നിശിത് പ്രാമാണിക് ബെന്നി ബെഹ്നാന്‍റെ ചോദ്യത്തിന് മറുപടി നല്‍കി.

Advertisment