Advertisment

അറസ്റ്റിലായെങ്കിലെന്താ രവി പൂജാരി കേന്ദ്രമന്ത്രിമാരേക്കാള്‍ തിരക്കിലാണ് ! ഒരു നോക്ക് കാണാന്‍ കാത്തിരിക്കുന്നത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നീണ്ട നിര. മുന്‍കൂര്‍ അനുമതി തേടി കേരളാ പോലീസും. സംഭവം ഇങ്ങനെ

New Update

തിരുവനന്തപുരം ∙ കൊച്ചിയില്‍ സിനിമാതാരത്തിന്റെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ പ്രതിയായ അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെങ്കിലും 'തിരക്ക്' കാരണം അദ്ദേഹത്തെ കേരളാ പോലീസിന് സ്വതന്ത്രമായി ചോദ്യം ചെയ്യാന്‍ ലഭിച്ചേക്കില്ല. വേണമെങ്കില്‍ കേരളത്തില്‍ നിന്നുള്ള ഉയര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍‌കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രം ബാംഗ്ലൂരില്‍ എത്തി ചോദ്യം ചെയ്യാന്‍ അനുമതി ലഭിച്ചേക്കും . ഫലത്തില്‍ കേന്ദ്രമന്ത്രിമാരേക്കാള്‍ തിരക്കിലാണ് അദ്ദേഹം.

Advertisment

publive-image

രവി പൂജാരിയെ ഉടനെ കേരളത്തിലേക്കു കൊണ്ടുവരാൻ കഴിയില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. രവി പൂജാരിയുടെ പേരിൽ വിവിധ സംസ്ഥാനങ്ങളിലായി 170 കേസുകളെങ്കിലും റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കർണാടകയിൽ 97 കേസുണ്ട്. മഹാരാഷ്ട്രയിൽ അറുപതോളം കേസുകളുണ്ട്.

ഈ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ രവിയെ ചോദ്യം ചെയ്തു വരികയാണ്. കേരളത്തിൽ ഒരു കേസ് മാത്രം ഉള്ളതിനാൽ ഉടനെ വിട്ടുകിട്ടാനിടയില്ല. മറ്റു സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ കക്ഷിയെ ഒരു നോക്ക് കാണാന്‍ കാത്തുനില്‍ക്കുകയാണ്. രവിയെ പുറത്തിറക്കുന്നത് തന്നെ കമാന്‍ഡോ സംഘത്തിന്‍റെ അകമ്പടിയോടെ അതീവ സുരക്ഷയോടെയാണ്.

കർണാടക പൊലീസിന്റെ കസ്റ്റഡിയിലുള്ള രവി പൂജാരിയെ ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ.തച്ചങ്കരി ചോദ്യം ചെയ്തിരുന്നു. രവി പൂജാരിയുടെ പേരിലുള്ള കേസുകളുടെ വിശദാംശങ്ങൾ മനസിലാക്കാൻ ഭീകരവിരുദ്ധ സേനാ തലവൻ അനൂപ് കുരുവിള ജോണിനെയും കൊല്ലം അഡീഷനൽ എസ്പി ജോസി ചെറിയാനെയും ബെംഗളൂരുവിലേക്ക് അയച്ചിട്ടുണ്ട്. രവി പൂജാരിയുടെ പേരിൽ കേരളത്തിൽ റജിസ്റ്റർ ചെയ്ത കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസ് അന്വേഷിച്ചത് ജോസി ചെറിയാനാണ്.

രവി കേരളത്തിലേക്ക് ആയുധങ്ങൾ കടത്തിയെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. മുംബൈയിൽനിന്ന് മംഗലാപുരത്ത് എത്തിച്ച ആയുധങ്ങൾ വടക്കൻ കേരളത്തിലെ ക്രിമിനൽ സംഘങ്ങൾ വഴി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തതായാണ് ചോദ്യം ചെയ്യലിൽ മനസിലായത്. കേരളത്തിൽ പ്രവർത്തനം ശക്തിപ്പെടുത്താൻ പദ്ധതികൾ തയാറാക്കുന്നതിനിടയിലാണ് രവി പൂജാരി സെനഗലിൽ പിടിയിലായത്.

നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിൽ കടവന്ത്രയിലുള്ള സലൂണിൽ 2018 ഡിസംബർ 15ന് വെടിവയ്പ്പുണ്ടായതോടെയാണ് രവി പൂജാരിയുടെ പേര് കേരളത്തിൽ കൂടുതൽ ശ്രദ്ധ നേടുന്നത്. വെടിവയ്പ്പിനു പിന്നിൽ രവി പൂജാരിയുടെ സംഘമാണെന്നാണ് പൊലീസ് നിഗമനം. കർണാടകയിലെ ഉഡുപ്പിയാണ് രവി പൂജാരിയുടെ ജന്മസ്ഥലം. മുംബൈ അധോലോക തലവനായിരുന്ന ഛോട്ടാ രാജന്റെ സംഘത്തിൽ പ്രവർത്തിച്ചതോടെയാണ് കുപ്രസിദ്ധനായത്.

ravi pujari
Advertisment