Advertisment

കുവൈറ്റില്‍ മൂന്ന് മാസമായി ശമ്പളം ലഭിക്കാതെ സെക്യൂരിറ്റി ഗാര്‍ഡുകളും, ക്ലീനിംഗ് തൊഴിലാളികളും; ശമ്പളം ലഭിക്കുന്നത് സ്വപ്‌നമായി അവശേഷിക്കുകയാണെന്ന് ഇവരുടെ മറുപടി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: വിവിധ സെക്യൂരിറ്റി, ക്ലീനിംഗ് കമ്പനികളില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള നൂറുക്കണക്കിന് തൊഴിലാളികള്‍ കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം ലഭിക്കാത്തതിനാല്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയയൊണ് അഭിമുഖീകരിക്കുന്നത്. കൊവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധിയില്‍ ചെറുജോലികളില്‍ ഏര്‍പ്പെട്ടിരുന്ന നിരവധി പേരാണ് കുവൈറ്റില്‍ നട്ടം തിരിയുന്നത്.

മാസശമ്പളം (90 കെഡി) ലഭിക്കുന്നത് തനിക്കും സഹപ്രവര്‍ത്തകര്‍ക്കും ഇപ്പോള്‍ ഒരു സ്വപ്‌നമായി അവശേഷിക്കുകയാണെന്നാണ് സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന ഒരാള്‍ പറഞ്ഞത്. മൂന്ന് മാസമായി ശമ്പളം ലഭിക്കാത്തവരില്‍ ഇദ്ദേഹവും ഉള്‍പ്പെടുന്നു.

'പലരും ഞങ്ങളെ സഹായിക്കുന്നുണ്ടെങ്കിലും ആളുകളോട് സഹായം അഭ്യര്‍ത്ഥിക്കുന്നത് അത്ര എളുപ്പമല്ല. ഞങ്ങളുടെ അന്തസും അവകാശങ്ങളും മാത്രമാണ് ഞങ്ങള്‍ക്ക് വേണ്ടത്'-അദ്ദേഹം പറഞ്ഞു.

മന്ത്രാലയങ്ങള്‍ ഓരോ മാസവും കമ്പനികള്‍ക്ക് നല്‍കാനുള്ള തുക കൈമാറുന്നുണ്ട്. എന്നിട്ടും ഈ കമ്പനികള്‍ രണ്ട് മാസത്തിലൊരിക്കലെങ്കിലും ശമ്പളം നല്‍കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും ഇദ്ദേഹം ചോദിക്കുന്നു. കുടുംബം നോക്കാനായി ഇത്രയധികം ദൂരത്ത് ജോലി ചെയ്യുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതിന് സാധിക്കുന്നില്ലല്ലോ എന്ന വിഷമവും ഇവര്‍ പങ്കു വയ്ക്കുന്നു.

'350 കെഡി റെസിഡന്‍സി ഫീസായി ഞങ്ങള്‍ കമ്പനിക്ക് പ്രതിവര്‍ഷം നല്‍കുന്നുണ്ട്. പണമടയ്ക്കുന്നത് വൈകിയാല്‍ ദിവസവും 2 കെ.ഡി പിഴ അടയ്ക്കണം.'-ഇവര്‍ പറയുന്നു. ശമ്പളം നല്‍കാന്‍ മന്ത്രാലയം ഈ കമ്പനികളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് ഇവരുടെ ആവശ്യം.

അതേസമയം, സ്‌കൂളിലെ ഗാര്‍ഡുകള്‍ക്കും ക്ലീനര്‍മാര്‍ക്കും ശമ്പളം നല്‍കുന്നതിലെ കാലതാമസത്തിന്റെ കാരണം വിശദീകരിച്ച് വിദ്യാഭ്യാസ മേഖലയിലെ ഒരു ഉദ്യോഗസ്ഥന്‍ രംഗത്തെത്തി.

സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുള്ള പുതിയ ബജറ്റ് നിയമം അംഗീകരിക്കാത്തതാണ് ഇതിനു കാരണമെന്ന് ഇദ്ദേഹം പറയുന്നു. ഏപ്രില്‍, മേയ് മാസങ്ങളിലെ കമ്പനി ഇന്‍വോയ്‌സുകള്‍ ബജറ്റ് അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. അംഗീകരിച്ചു കഴിഞ്ഞാല്‍ ഇന്‍വോയ്‌സുകള്‍ ബാങ്കിലേക്കും തുടര്‍ന്ന് കമ്പനികളിലേക്കും മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വര്‍ഷം അവസാനിച്ചതിന്റെയും ഇതുവരെ ബജറ്റില്‍ ഇത് ഉള്‍പ്പെടുത്താത്തതിന്റെയും പശ്ചാത്തലത്തില്‍ ക്ലീനര്‍മാരുടെ ശമ്പളം വിതരണം ചെയ്യാന്‍ ധനകാര്യമന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment