പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാധ്‍രക്കെതിരെ കേസ് – ഇന്ധന വില വര്‍ധനവില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് കേസെന്ന് വാധ്‍ര

ജെ സി ജോസഫ്
Saturday, September 1, 2018

ന്യൂഡൽഹി∙ ഭൂമിയിടപാട് കേസിൽ വ്യവസായിയും പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാധ്‍രയെ പ്രതിയാക്കി ഹരിയാന പൊലീസിന്റെ എഫ്ഐആർ. ഹരിയാന മുൻമുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയ്ക്കെതിരെയും പൊലീസ് കേസെടുത്തു.

ഭൂമി ഇടപാടിൽ ക്രമക്കേടുകളുണ്ടെന്ന് നൂഹ് സ്വദേശിയായ സുരീന്ദർ ശർമ എന്നയാൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടിയെന്ന് മനേസർ ഡിസിപി രാജേഷ് കുമാർ പറഞ്ഞു. റിയൽ എസ്റ്റേറ്റ് കമ്പനി ഡിഎൽ‌എഫ്, ഓംപ്രകാശ് പ്രോപർട്ടീസ് എന്നവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഹരിയാനയിലെ ഗുരുഗ്രാമിൽ റോബർട്ട് വാധ്‍രയുടെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനി സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്.

എന്നാൽ തനിക്കെതിരായ കുറ്റങ്ങൾ വാധ്‍ര തള്ളി. പ്രശ്നങ്ങളിൽ നിന്നു ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തനിക്കെതിരായ കേസെന്ന് വാധ്‍ര പ്രതികരിച്ചു.

ഇതു തിരഞ്ഞെടുപ്പ് സീസണാണ്. ഇന്ധന വില ഉയരുകയാണ്. ഇത്തരം പ്രശ്നങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കുകയാണ് അവരുടെ ലക്ഷ്യം– അദ്ദേഹം വ്യക്തമാക്കി.

×