Advertisment

മണ്ഡലകാലം: അറിയേണ്ടതെല്ലാം

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

ഇന്ത്യയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം പശ്ചിമഘട്ടത്തിലെ പതിനെട്ട് മലനിരകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്നു. കടൽനിരപ്പിൽ നിന്നും ഏതാണ്ട് 914 മീറ്റർ ഉയരത്തിലാണ് ശബരിമല ക്ഷേത്രത്തിന്‍റെ സ്ഥാനം. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഭക്തര്‍ സന്ദര്‍ശിക്കുന്ന ആരാധനാലയങ്ങളില്‍ ഒന്നായി ഇത് മാറിക്കഴിഞ്ഞു.

Advertisment

publive-image

സാധാരണ ക്ഷേത്രങ്ങളിലെ പോലെ എല്ലാദിവസവും ഇവിടെ പൂജയോ തീർത്ഥാടനമോ നടക്കുന്നില്ല. നവംബർ-ഡിസംബർ മാസങ്ങളിൽ മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീർത്ഥാടനകാലയളവ്. അത് കഴിഞ്ഞാൽ പ്രധാനം മകരവിളക്കാണ്.

കൂടാതെ എല്ലാ മലയാള മാസവും ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെ ഭക്തർക്ക്‌ ക്ഷേത്ര ദർശനം നടത്താം. മകരം ഒന്നിന് മുമ്പ് 9 ദിവസവും, മേടം ഒന്നിന് മുമ്പ് 4 ദിവസവും ഇടവത്തിൽ ഉത്രം, അത്തം, തിരുവോണം നാളുകളും നടതുറക്കുന്ന ദിവസങ്ങളാണ്. എടവത്തിലെ അത്തമാണ്‌ പ്രതിഷ്ഠാദിനം.

ശബരിമല ക്ഷേത്രത്തിലെ ഉത്സവം പത്തുദിവസമാണ്. മീനമാസത്തിലെ കാർത്തികനാളിൽ കൊടികയറും. അയ്യപ്പന്‍റെ പിറന്നാളായ പൈങ്കുനി ഉത്രം നാളിൽ പമ്പാനദിയിലാണ് ആറാട്ട്.

ഓരോ വർഷം കഴിയുന്തോറും അഭൂതപൂർവ്വമായ ഭക്തജനത്തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. വർഷാവർഷം ഏതാണ്ട് 4 മുതൽ 5 കോടി വരെ തീർത്ഥാടകർ ഇവിടേക്കെത്താറുണ്ട്. മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകം കൂടിയാണ്‌ ശബരിമല. ഇവിടെ നാനാമതസ്ഥര്‍ വന്നുപോകുന്നു. ആര്‍ക്കും ഒരു തരത്തിലുമുള്ള വിലക്കും ശബരിമലയിലില്ല. സമ്പന്നനും ദരിദ്രനുമൊക്കെ ഇവിടെ ഒരേതരത്തിലാണെത്തുന്നത്‌. മലചവിട്ടിത്തന്നെ കയറണം.

മറ്റു ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക്‌ പൂജാരിയെ സ്പര്‍ശിക്കാന്‍ അനുവാദമില്ല. എന്നാല്‍ ശബരിമലയില്‍ അദ്ദേഹം ഭക്തരുടെ ആശ്രിതവത്സലനായിട്ടാണ്‌ നിലകൊള്ളുന്നത്‌ . ബ്രഹ്മചാരി സങ്കല്പത്തിലാണ് ഇവിടുത്തെ ധർമ്മശാസ്താ പ്രതിഷ്ട. അതിനാൽ ഋതുമതി പ്രായഗണത്തിലുള്ള (10 മുതൽ 50 വയസ്സു വരെ) സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാറില്ല.

ഹരിഹരസുതനാണ് അയ്യപ്പ സ്വാമി. മഹിഷീ ശാപമോചനത്തിനായി ശാസ്താവ് സ്വയം ഭൂവായി അവതരിച്ചതാണ്‌ അയ്യപ്പൻ എന്നാണ് വിശ്വാസം. വലതുകൈ കൊണ്ട് തള്ളവിരലും ചൂണ്ടാണി വിരലും ചേർത്തു ചിന്മുദ്ര കാണിച്ചു കൊണ്ട് വിരാജിക്കുന്ന രൂപത്തിൽ കിഴക്കോട്ട് ദർശനമായി മരുവുന്നു.

തൊട്ടടുത്താണ് മാളികപ്പുറത്തമ്മക്ഷേത്രം. മാളികപ്പുറത്തമ്മയെ ഉപദേവതയായി കരുതുന്നു. രണ്ടുനിലയിലുള്ള മാളികയുടെ പുറത്താണ് ദേവി വിരാജിക്കുന്നത്. ഇതുമൂലമാണ് ദേവിക്ക് ഈ പേരുവന്നത്. മറ്റൊരു ഉപപ്രതിഷ്ഠ കന്നിമൂല ഗണപതിയാണ്. കൂടാതെ വാവരുസ്വാമിയുടെയും കടുത്തസ്വാമിയുടെയും സാന്നിദ്ധ്യവും അവിടെ ഉണ്ട്.

ആത്മാവ് തള്ള വിരലും ചൂണ്ടാണി വിരൽ ജീവനുമായി കല്പ്പിച്ചിരിക്കുന്നു. വ്രതമനുഷ്ടിച്ച് കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ എത്തിച്ചേരുന്ന തീർഥാടകനുള്ള സന്ദേശം ‘തത്ത്വമസി’ എന്നാണ്. സാമവേദത്തിന്‍റെ സാരമായ ഈ സംസ്കൃതപദത്തിന്റെ അർത്ഥം ‘തത്-ത്വം-അസി’ അഥവാ ‘അത് നീ ആകുന്നു’ എന്നാണ്. നിങ്ങൾ ആരെയാണോ കാണാൻ വന്നിരിക്കുന്നത് അത് നിങ്ങൾ തന്നെയാണ്. അവനവന്‍റെയുള്ളിലെ പരമാത്മാവിനെയും ജീവാത്മാ-പരമാത്മാ ബന്ധത്തേയും ഇവ സൂചിപ്പിക്കുന്നു.

Advertisment