Advertisment

ആഡംബരവും അലങ്കാരവും ഉപേക്ഷിക്കണം, ശബരിമല വ്രതാനുഷ്ഠാനം: അറിയേണ്ടതെല്ലാം

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

ശബരിമല തീര്‍ഥാടകന്‍ അനുഷ്ഠിക്കേണ്ട ഏറ്റവും പ്രധാന കര്‍മ്മം ബ്രഹ്മചര്യമാണ്. ശരീരത്തേയും മനസ്സിനേയും ഈശ്വരാഭിമുഖമാക്കി നിര്‍ത്തുകയാണത്. വാക്കോ ചിന്തയോ പ്രവൃത്തിയോ കൊണ്ട് ഒരു ജീവിയേയും വേദനിപ്പിക്കാതിരാക്കണം.

Advertisment

publive-image

എല്ലാവര്‍ക്കും ആവശ്യമായ സേവനം നല്കാന്‍ സദാ സന്നദ്ധനായിരിക്കണം. ലളിതജീവിതമാണ് നയിക്കേണ്ടത്. ആഡംബരവും അലങ്കാരവും ഉപേക്ഷിക്കണം. സസ്യാഹാരം മാത്രമെ പാടുള്ളൂ. വ്രതകാലം തീരുംവരെ താടിയും മുടിയും വളര്‍ത്തണം.

പത്തിനും അമ്പതിനും ഇടയ്ക്ക് വയസുള്ള സ്ത്രീകളെ മലചവിട്ടാൻ അനുവദിക്കില്ല. കുറഞത് 41 ദിവസത്തെ വ്രതാനുഷ്ടാനം നിർബന്ധമാണ്‌. എന്നാൽ വളരെ കുറച്ചു പേരാണ് ഇന്നിത് പാലിക്കുന്നത്.

ആദ്യമായി മലകയറാൻ വ്രതം തുടങ്ങുന്ന ആളാണ്‌ ‘കന്നി അയ്യപ്പൻ’ എന്നറിയപ്പെടുന്നത്. വൃശ്ചിക മാസം ഒന്നാം തിയതി ക്ഷേത്രസന്നിധിയിൽ വച്ച് മാലയിടുന്നു. അതിരാവിലെ കുളിച്ചു ശുദ്ധമായി കറുത്ത വസ്ത്രം ധരിച്ചു ശരണംവിളിയോടെ രുദ്രാക്ഷമാലയോ തുളസീമാലയോ ധരിക്കുന്നു. മാലയിൽ സ്വാമി അയ്യപ്പൻറെ രൂപം ഉൾക്കൊള്ളുന്ന ലോക്കറ്റ് ഉണ്ടായിരിക്കണം.

വൃശ്ചികം ഒന്നുമുതൽ ധനു 11 വരെ വ്രതാനുഷ്ഠാനങൾ തെറ്റാതെ അനുഷ്ഠിക്കണം. മണ്ഡലകാലത്ത് ‘വെള്ളംകുടി (ആഴിപൂജ, പടുക്ക)’ എന്ന ചടങ്ങ് നടത്തണം.

ശബരിമലക്ക് പോകും മുമ്പായി ‘കെട്ടുനിറ’ അഥവാ ‘കെട്ടുമുറുക്ക്’ എന്ന കർമ്മം നടത്തണം. ഗുരു സ്വാമിയുടെ നേതൃത്വത്തിൽ അയ്യപ്പൻമാർ ഇരുമുടിക്കെട്ട് നിറക്കുന്നു. വീട്ടിൽവച്ചോ അടുത്ത ക്ഷേത്രത്തിൽ വെച്ചോ ആകാം .കെട്ടുനിറച്ചു തിരിഞ്ഞു നോക്കാതെ, ശരണം വിളിയോടെ അയ്യപ്പൻമാർ യാത്ര പുറപെടുന്നു. എരുമേലി എത്തിയാൽ അവിടെ വച്ച് പേട്ടതുള്ളൽ എന്ന ചടങ്ങ് നടത്തുന്നു.

മുഖത്ത് ചായം തേച്ച് തടികൊണ്ടുള്ള ആയുധങ്ങളും ആയി നൃത്തം ചവിട്ടുന്ന ചടങ്ങാണ് പേട്ടതുള്ളൽ. ഈ പ്രാ‍ർത്ഥനയുടെ അർത്ഥം ഒരുവന്‍റെ അഹന്തയെ വെടിഞ്ഞ് അയ്യപ്പന് സ്വയമായി അടിയറവു വയ്ക്കുക എന്നതാണ്.

പേട്ടതുള്ളുന്നവർ അയ്യപ്പക്ഷേത്രത്തിനും വാവരുടെ മോസ്കിനും ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. പിന്നീട് ഇവർ നദിയിൽ പോയി കുളിക്കുന്നു. കുളികഴിഞ്ഞ ശേഷം ഭക്തർ വീണ്ടും ക്ഷേത്രം സന്ദർശിച്ച് അയ്യപ്പനിൽ നിന്ന് ശബരിമല കയറുവാനുള്ള അനുവാദം വാങ്ങുന്നു.

കാണിക്കയിട്ടു തൊഴുതു നാളികേരം എറിഞ്ഞു കെട്ടുതാങ്ങി ‘സ്വാമിയുടെ കൊട്ടപടി’ എന്ന ആ സ്ഥാനം കടക്കുന്നു. പിന്നീടു അഴുത നദിയിലെ സ്നാനമാണ്. കന്നി അയ്യപ്പൻമാർ അഴുതയിൽ മുങ്ങി ഒരു കല്ലെടുത്ത്‌ വസ്ത്രത്തിന്‍റെ തുമ്പിൽ കെട്ടിയിടണം.

പിന്നീടു കല്ലിടാം കുന്നിലെത്തി ശേഖരിച്ച കല്ല്‌ അവിടെ നിക്ഷേപിക്കുന്നു. പിന്നീടു പമ്പാനദിക്കരയിൽ എത്തുന്നു. അവിടെവച്ച് പമ്പ വിളക്കൊരുക്കും. പമ്പനദിയിൽ മുങ്ങി കുളിച്ചു പമ്പസദ്യ ഒരുക്കും. ഗുരു സ്വാമിക്കുള്ള ദക്ഷിണ ഇവിടെവച്ച് നൽകണം.

പിന്നീടുള്ള യാത്ര മദ്ധ്യേ അപ്പാച്ചിക്കുഴിയും, ഇപ്പാച്ചിക്കുഴിയും കാണാം. അവിടെ അരിയുണ്ടയും ശർക്കരയുണ്ടയും എറിയുന്നു. പിന്നീടു ശരംകുത്തിയിൽ എത്തി അവിടെ കന്നി അയ്യപ്പൻമാർ ശരക്കോൽ നിക്ഷേപിക്കുന്നു. പിന്നെ പതിനെട്ടാംപടി കയറി ക്ഷേത്ര നടയിൽ എത്തി ഇരുമുടിക്കെട്ട് അയ്യപ്പന് കാണിച്ചു കൊടുക്കുന്നു.

ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലേ 18 മലദൈവങ്ങൾക്കു നടുവിലാണ് അയ്യപ്പൻ എന്നൊരു വിശ്വാസമുണ്ട്. ഇതിൻറെ പ്രതീകമാണ് 18 പടികൾ. ഈ മലദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് “പടിപൂജ“ അഥവാ “ഗിരിദേവതാപൂജ” നടത്തിവരുന്നതു എന്നൊരു ഐതിഹ്യമുണ്ട്.

പുരാണങ്ങള്‍ 18 ആകുന്നു. ഭാരതത്തിന് 18 പര്‍വങ്ങളുണ്ട്. ഗീത 18 അധ്യായങ്ങളോടു കൂടിയതാണ്. സംഗീതത്തിലും 18 അടിസ്ഥാന ഉപകരണങ്ങളാണുള്ളത്‌. കുരുക്ഷേത്രയുദ്ധം 18 ദിവസം നീണ്ടുനിന്നു. ശബരിമല സന്നിധാനത്തിലെ തൃപ്പടികളും 18 ആണ്. സത്യധര്‍മങ്ങളാണ് തൃപ്പടിയിലെ അധിഷ്ഠാനദേവതകള്‍. പൂങ്കാവനത്തില്‍ 18 മലകളാണുള്ളത്‌. ആ പതിനെട്ടു മലകളും ചവിട്ടി മലനടയിലെത്തുന്നുവെന്നാണ്‌ വിശ്വാസം. പതിനെട്ടാംപടിയിലെ ഓരോ പടിയും ഒരു മലയെ പ്രതിനിധാനം ചെയ്യുന്നു എന്ന വിശ്വാസവുമുണ്ട്‌.

കാളകെട്ടി, ഇഞ്ചിപ്പാറ, പുതുശ്ശേരിമല, കരിമല, നീലിമല, പൊന്നമ്പലമേട്‌,ചിറ്റമ്പലമേട്‌, മൈലാടുംമേട്‌, തലപ്പാറ, നിലയ്‌ക്കല്‍, ദേവന്‍മല,ശ്രീപാദമല, കല്‍ക്കിമല, മാതംഗമല, സുന്ദരമല, നാഗമല, ഗൗണ്ടമല, ശബരിമല എന്നിവയാണോ പതിനെട്ടു മലകള്‍.

ഒരു സാധാരണ വിശ്വാസിക്ക്‌ അപ്രാപ്യമായ ഈ മലകള്‍ ആരാധിക്കാന്‍ അവനു അവസരമൊരുക്കുന്നതാണ്‌ പതിനെട്ടാംപടിയെന്നു പറയുന്നു. മോക്ഷപ്രാപ്‌തിക്കുമുമ്പ്‌ മനുഷ്യന്‍ പിന്നിടേണ്ട പതിനെട്ടു ഘട്ടങ്ങളെ സൂചിപ്പിക്കുന്നതാണെന്നും പറയുന്നു. അതനുസരിച്ച്‌ ആദ്യത്തെ അഞ്ചു പടികള്‍ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു (കണ്ണ്‌, ചെവി, നാക്ക്‌, മൂക്ക്‌, തൊലി).

പതിമൂന്നാമത്തെ പടികള്‍ വരെയുള്ള അടുത്ത എട്ടു പടികള്‍ അഷ്‌ടരാഗങ്ങളെ – കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്‌, അസൂയ – പ്രതിനിധീകരിക്കുന്നു. പതിനാലു മുതല്‍ പതിനാറു വരെയുള്ള പടികള്‍ ഗീതയില്‍ പ്രകീര്‍ത്തിക്കുന്ന ത്രിഗുണങ്ങളെ – സത്വഗുണം, രജോഗുണം, തമോഗുണം – പ്രതിനിധീകരിക്കുന്നു. അവസാനം വരുന്ന 17, 18 പടികള്‍ വിദ്യയെയും (ജ്ഞാനം), അവിദ്യയേയും (അജ്ഞത) പ്രതിനിധാനം ചെയ്യുന്നു. ഈ പുണ്യ-പാപങ്ങളെ സ്വീകരിച്ചും തിരസ്‌കരിച്ചും മാത്രമേ ഒരുവന്‌ ഈ ലോകമാകുന്ന `മായ’യില്‍ നിന്ന്‌ മോചനം നേടാനാവൂ.

അയ്യപ്പന്‍റെ മൂലമന്ത്രം:-

ഓം ഘ്രൂം നമ: പരായ ഗോപ്ത്രേ

അയ്യപ്പന്‍റെ ഗായത്രിമന്ത്രം:

ഓം ഭൂതാധിപായ വിദ്മഹെ

ഭവപുത്രായ ധീമഹി

തന്വോ: ശാസ്താ പ്രചോദയാത്.

അയ്യപ്പന്മാർ ഉറങ്ങുന്നതിനു മുന്നേ ചൊല്ലേണ്ടുന്ന മന്ത്രം:

“ദേവദേവ ജഗന്നാഥ നിദ്രാംദേഹി

കൃപാകര അപായരഹിതം പാതു

സർവാപായ നിവാരണ”

വീട്ടിലായാലും വനയാത്രയിലായാലും അയ്യപ്പന്മാർ ഈ മന്ത്രം ജപിക്കണം. മുദ്രാ ധാരണം വൃശ്ചികം ഒന്നാം തീയതി മാലയിട്ടാണ് അയ്യപ്പന്മാർ വ്രതം തുടങ്ങുന്നത്. മാലയിടുന്നതോട് കൂടി ആ ഭക്തൻ അയ്യപ്പനായി.

ഏത് ദിവസം മാല ഇടാമെങ്കിലും ശനിയാഴ്ചകളിലും അയ്യപ്പൻറെ നാളായ ഉത്രം നാളിലും മാല ഇടുന്നത് അതി വിശേഷമായി കരുതുന്നു. തുളസീമാലയോ രുദ്രാക്ഷമാലയോ ആണ് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്.

 

Advertisment