Advertisment

ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാന്‍ ശബരിമല ഉപയോഗപ്പെടുത്തണമെന്ന് ബിജെപിയോട് ആർ എസ് എസ്;അയ്യപ്പഭക്തരെ ബൂത്ത് തലത്തില്‍ സംഘടിപ്പിക്കണം

New Update

Advertisment

ശബരിമല വിഷയം മുന്‍നിര്‍ത്തി ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാന്‍ ബി.ജെ.പിയ്ക്ക് ആര്‍.എസ്.എസ് നിര്‍ദേശമെന്ന് റിപ്പോര്‍ട്ട്. ന്യൂസ് 18 നാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അയ്യപ്പഭക്തരെ ബൂത്ത് തലത്തില്‍ സംഘടിപ്പിക്കാന്‍ ബി.ജെ.പിക്ക് ആര്‍.എസ്.എസ് കര്‍ശന നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

കര്‍ണാടക ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ബി.ജെ.പിയ്ക്ക് കാര്യമായ ചലനമുണ്ടാക്കാനായിട്ടില്ല. എന്നാല്‍ ശബരിമല വിഷയം ഇതിന് മുതല്‍ക്കൂട്ടാകുമെന്നാണ് ആര്‍.എസ്.എസ് കണക്കുകൂട്ടല്‍.

ശബരിമല വിഷയത്തോടെ ദക്ഷിണേന്ത്യയില്‍ അടിത്തറപാകാന്‍ മികച്ച അവസരമാണ് ലഭിച്ചതെന്ന നിഗമനത്തിലാണ് കഴിഞ്ഞ ദിവസം മംഗളൂരുവില്‍ ചേര്‍ന്ന ആര്‍.എസ്.എസിന്റെ ദക്ഷിണേന്ത്യന്‍ യോഗം എത്തിച്ചേര്‍ന്നത്. ശബരിമല പ്രശ്നം വലിയ രീതിയില്‍ ഉയര്‍ത്തിക്കാട്ടാന്‍ പ്രവര്‍ത്തകരോട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും ആഹ്വാനം ചെയ്തിട്ടുണ്ട്.

കേരളത്തിന് പുറമെ കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ശബരിമലയിലെത്തുന്ന ബഹുഭൂരിപക്ഷം ഭക്തരും. ഈ സംസ്ഥാനങ്ങളിലെ ഓരോ ബൂത്ത് തലത്തിലും ആറ് അയ്യപ്പ ഭക്തരെങ്കിലും ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇവരെ സംഘടിപ്പിച്ച് പ്രചാരണം നടത്താനാണ് ആര്‍.എസ്.എസിന്റെ നിര്‍ദേശം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ ജില്ലയിലേയും ഗുരുസ്വാമിമാരുടെ യോഗവും ബി.ജെ.പി നേതൃത്വത്തില്‍ ആലോചിക്കുന്നുണ്ട്. പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ച വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ റിവ്യു ഹരജി കൊടുക്കാത്തത് മുന്‍നിര്‍ത്തിയായിരിക്കണം പ്രചരണമെന്നും ആര്‍.എസ്.എസ് നിര്‍ദേശമുണ്ട്.

Advertisment