Advertisment

2008ൽ താൻ ഇന്ത്യൻ പരിശീലകനായി ചുമതലയേൽക്കുന്ന സമയത്ത് സച്ചിൻ തെൻഡുൽക്കർ ക്രിക്കറ്റ് തന്നെ മടുത്തു നിൽക്കുകയായിരുന്നു; ആ സമയത്ത് ക്രിക്കറ്റ് ആസ്വദിക്കാവുന്ന മാനസികാവസ്ഥയിലായിരുന്നില്ല സച്ചിൻ; ഗാരി കിർസ്റ്റൻ

New Update

മുംബൈ: 2008ൽ താൻ ഇന്ത്യൻ പരിശീലകനായി ചുമതലയേൽക്കുന്ന സമയത്ത് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ ക്രിക്കറ്റ് തന്നെ മടുത്തുനിൽക്കുകയായിരുന്നുവെന്ന് ഇന്ത്യയുടെ മുൻ പരിശീലകൻ ഗാരി കിർസ്റ്റൻ. ആ സമയത്ത് ക്രിക്കറ്റ് ആസ്വദിക്കാവുന്ന മാനസികാവസ്ഥയിലായിരുന്നില്ല സച്ചിൻ.

Advertisment

publive-image

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായിരുന്ന അദ്ദേഹം രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്ന കാര്യം പോലും പരിഗണിച്ചിരുന്നതായി കിർസ്റ്റൻ വെളിപ്പെടുത്തി. ടോക്സ്പോർട്സിന്റെ ‘ഫോളോവിങ് ഓൺ’ എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴാണ് കിർസ്റ്റൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘സച്ചിൻ തെൻഡുൽക്കറിന്റെ കാര്യം പറഞ്ഞാൽ, ഞാൻ ഇന്ത്യയിലെത്തുമ്പോൾ കളി നിർത്തുന്നതിനേക്കുറിച്ച് അദ്ദേഹം ഗൗരവപൂർവം ചിന്തിക്കുന്ന സമയമായിരുന്നു. സച്ചിന്റെ തന്നെ ഭാഷയിൽ അദ്ദേഹത്തിന് ക്രിക്കറ്റ് ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല. ഇഷ്ടമുള്ള സ്ഥാനത്തല്ല ബാറ്റു ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എല്ലാംകൊണ്ടും മടുത്ത അവസ്ഥയിൽ ക്രിക്കറ്റിനോട് വിടപറയാനുള്ള ആലോചനയിലായിരുന്നു അദ്ദേഹം. എന്നാൽ, മൂന്നു വർഷത്തിനുള്ളിൽ ചിത്രം മാറി. ഫോമിലേക്കു തിരിച്ചെത്തിയ സച്ചിൻ ഇക്കാലത്തിനിടെ 18 രാജ്യാന്തര സെഞ്ചുറികൾ കുറിച്ചു. അദ്ദേഹത്തിന് ഏറ്റവും താൽപര്യമുള്ള ബാറ്റിങ് പൊസിഷൻ തിരികെ ലഭിച്ചു. മാത്രമല്ല, കരിയറിലെ ആദ്യ ലോകകപ്പും ജയിച്ചു’ – കിർസ്റ്റൻ വിശദീകരിച്ചു.

‘സച്ചിൻ ഉൾപ്പെടെയുള്ളവർക്കൊപ്പം വളരെ മികച്ച കോച്ചിങ് കാലഘട്ടമായിരുന്നു എന്റേത്. ഇന്നത്തെ പരിശീലന ശൈലിവച്ച് ഒരു താരത്തെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിക്കുകയെന്നതാണല്ലോ കോച്ചിന്റെ കടമ. അതു ഭംഗിയായി ചെയ്യാൻ എനിക്കായെന്നു കരുതുന്നു’ – കിർസ്റ്റൻ പറഞ്ഞു. ഇന്ത്യൻ പരിശീലകനായിരുന്ന സമയത്ത് താൻ എങ്ങനെയാണ് സച്ചിനെ സഹായിച്ചതെന്നും കിർസ്റ്റൻ വിശദീകരിച്ചു:

‘സച്ചിന് തന്റെ സ്വാഭാവിക മികവു പുറത്തെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക മാത്രമാണ് ഞാൻ ചെയ്തത്. അദ്ദേഹത്തോട് ഞാൻ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. പ്രത്യേക നിർദ്ദേശങ്ങളും കൊടുത്തില്ല. കളിയെക്കുറിച്ച് സച്ചിനുള്ള ധാരണ പ്രത്യേകം പറയേണ്ടതില്ലല്ലോ. സച്ചിനായാലും ടീമിലെ മറ്റു താരങ്ങൾക്കായാലും ആകെ വേണ്ടിയിരുന്നത് അവരുടെ സ്വാഭാവിക പ്രകടനം പുറത്തെടുക്കാനുള്ള അന്തരീക്ഷമായിരുന്നു’ – കിർസ്റ്റൻ ചൂണ്ടിക്കാട്ടി.

സച്ചിന്റെ കരിയറിൽ അദ്ദേഹത്തെ പരുക്ക് അലട്ടിയ കാലഘട്ടമായിരുന്നു 2005 മുതൽ 2007 വരെയുള്ള സമയം. 2007ൽ സച്ചിൻ പരുക്കിൽനിന്ന് മുക്തനായി കളിക്കാൻ സജ്ജനായെങ്കിലും ഫോം നഷ്ടമായി. ലോകകപ്പിനുശേഷം ഒരു സെഞ്ചുറി പോലും നേടാനാകാതെ ഒട്ടേറെ ഇന്നിങ്സുകൾ കടന്നുപോയി. ഇടയ്ക്ക് 90കളിലും പലതവണ പുറത്തായി.

ഇതിനു പിന്നാലെയാണ് ഗാരി കിർസ്റ്റൻ ഇന്ത്യൻ പരിശീലകനായി ചുമതലയേൽക്കുന്നത്. 2008 മുതൽ 2011 വരെ കിർസ്റ്റൻ ഇന്ത്യയെ പരിശീലിപ്പിച്ചു. ഇക്കാലയളവിൽ ടെസ്റ്റ് റാങ്കിങ്ങിൽ ദീർഘകാലം ഒന്നാം സ്ഥാനം നിലനിർത്തിയ ഇന്ത്യ, 2011 ഏകദിന ലോകകപ്പും നേടി.

sachin tendulkar all news gary kirsten
Advertisment