Advertisment

 ത്രിസന്ധ്യനേരത്ത് എല്ലാം കെട്ടിപ്പെറുക്കി ഇറങ്ങിയപ്പോ കടം മുഴുവന്‍ തീര്‍ന്നെന്ന ആശ്വാസമായിരുന്നു ഗേറ്റ് കടക്കുവോളം; കാറില്‍ കയറി ഒന്നൂടൊന്ന് വീടിലേക്ക് നോക്കിയപ്പോ തലച്ചോറില്‍ നിന്നൊരു കൊള്ളിയാന്‍ ഹൃദയത്തിലേക്ക് തുളച്ചു കയറി; അന്നൊരു പഴയ മാരുതിയില്‍ ആയിരുന്നെങ്കില്‍ ഇന്ന് ബിലേറോയില്‍ ആയിരുന്നു ജയകൃഷ്ണനും കുടുംബവും വീടുവിട്ടിറങ്ങിയത് എന്ന് മാത്രം;  സാജന്‍ സൂര്യ പറയുന്നു

author-image
ഫിലിം ഡസ്ക്
New Update

ജീവിത നൗക പരമ്പരയിലെ തന്റെ കഥാപാത്രം നേരിടുന്ന സാഹചര്യം തനിക്ക് യഥാര്‍ഥ ജീവിതത്തില്‍ സംഭവിച്ചതാണെന്ന് നടന്‍ സാജന്‍ സൂര്യ. ജനിച്ചു വളര്‍ന്ന വീട് വേദനയോടെ വിട്ടു പോരേണ്ടി വന്നതിനെക്കുറിച്ചാണ് നടന്റെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പ്.

Advertisment

publive-image

സാജന്‍ സൂര്യയുടെ കുറിപ്പ് –

ജനിച്ചു വളര്‍ന്ന വീട് വിട്ട് പോകേണ്ട അവസ്ഥ അനുഭവിച്ചവര്‍ എത്ര പേരുണ്ടിവിടെ? ജീവിത സാഹചര്യത്തിനനുസരിച്ചും, കല്യാണം കഴിഞ്ഞ് മാറിത്താമസിക്കുന്നവരും അല്ലാതെ ബാല്യം കൗമാരം യൗവ്വനം വരെ ചിലവഴിച്ച വീട് എന്നന്നേക്കുമായി നഷ്ടപ്പെട്ടവര്‍ക്ക് മാത്രേ അതിന്റെ വേദന അറിയൂ. മാളൂന് ഒരു വയസ്സാകുന്നതിനു മുന്നേ എനിക്കും ആ വീട് നഷ്ടപ്പെട്ടു.

ഓര്‍മ്മകളെ കുറിച്ചു പറഞ്ഞാല്‍ ബാലിശമാകോ വലിയ പറമ്പ് , മുറ്റത്തെ ടാങ്കില്‍ നിറയെ ഗപ്പികളും ഒരു കുഞ്ഞന്‍ ആമയും ,മഴ പെയ്താല്‍ കൈയ്യെത്തി കോരാവുന്ന കിണര്‍ അതിലെ മധുരമുള്ള വെള്ളം ,കരിക്ക് കുടിക്കാന്‍ മാത്രം അച്ഛന്‍ നട്ട ഗൗരിഗാത്ര തെങ്ങ്(ആ ചെന്തെങ്ങിന്റെ കരിക്കിന്‍ രുചി പിന്നെങ്ങും കിട്ടിയിട്ടില്ല) നിറയെ കോഴികളും കുറേ കാലം ഞാന്‍ വളര്‍ത്തിയ മുയലുകളും എന്റെ മുറിയും കീ കൊടുക്കുന്ന ഘടികാരത്തില്‍ ബാലരമയില്‍നിന്നും കിട്ടിയ മായാവിയുടെ ഒട്ടിപ്പോ സ്റ്റിക്കറും എഴുതിയാ കുറേ ഉണ്ട്. അഗ്‌നിക്കിരയാക്കി തിരുനെല്ലിയില്‍ ഒഴുക്കിയതുകൊണ്ട് അച്ഛനുറങ്ങുന്ന മണ്ണെന്ന സ്ഥിരം Senti ഇല്ല.

അച്ഛന്റെ ഓര്‍മ്മകള്‍ സാനിധ്യം അവിടുണ്ടായിരുന്നു. ത്രിസന്ധ്യനേരത്ത് എല്ലാം കെട്ടിപ്പെറുക്കി ഇറങ്ങിയപ്പോ കടം മുഴുവന്‍ തീര്‍ന്നെന്ന ആശ്വാസമായിരുന്നു ഗേറ്റ് കടക്കുവോളം. കാറില്‍ കയറി ഒന്നൂടൊന്ന് വീടിലേക്ക് നോക്കിയപ്പോ തലച്ചോറില്‍ നിന്നൊരു കൊള്ളിയാന്‍ ഹൃദയത്തിലേക്ക് തുളച്ചു കയറി.

എന്നെ സമാധാനിപ്പിക്കാന്‍ മോളെ ചേര്‍ത്ത് പിടിച്ച് ഭാര്യ എന്തൊക്കേ ചെയ്തു. ഇപ്പോ ഇത് എഴുതാന്‍ കാരണം എന്റെ ജീവിതത്തില്‍ സംഭവിച്ച അതേ സാഹചര്യം അഭിനയിക്കേണ്ടി വന്നു ജീവിതനൗകയില്‍.

അന്നൊരു പഴയ മാരുതിയില്‍ ആയിരുന്നെങ്കില്‍ ഇന്ന് ബിലേറോയില്‍ ആയിരുന്നു ജയകൃഷ്ണനും കുടുംബവും വീടുവിട്ടിറങ്ങിയത് എന്ന് മാത്രം. ജീവിതനൗക ഇത്തരത്തില്‍ ജീവിതത്തോട് അടുത്തുനില്‍ക്കുന്ന ഒത്തിരി മുഹൂര്‍ത്തങ്ങള്‍ നല്കി.

sajan surya
Advertisment