മുസ്ലിം ആയ ഇവളെന്തിന് ക്ഷേത്രത്തില്‍ കയറി; സാറാ അലിഖാനെതിരെ വാളെടുത്ത് സോഷ്യല്‍മീഡിയ

ഫിലിം ഡസ്ക്
Tuesday, September 4, 2018

ആദ്യ ചിത്രം റിലീസാകുന്നതിനു മുന്‍പ് തന്നെ വാര്‍ത്താ കോളങ്ങളില്‍ സ്ഥിരമായ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് സെയ്ഫ് അലിഖാന്റെ മകള്‍ സാറാ അലിഖാന്റേത്. നിരവധി വിവാദങ്ങളിലാണ് താരപുത്രി ചെന്ന് ചാടിയിട്ടുള്ളതും. പുതിയ ചിത്രം റിലീസാകുന്നതിനു മുന്നോടിയായി ക്ഷേത്ര ദര്‍ശനം നടത്തി പുലിവാല് പിടിച്ചിരിക്കുകയാണ് സാറ ഇപ്പോള്‍.

കഴിഞ്ഞ ദിവസമാണ് അമ്മ അമൃത സിങ്ങിനും സഹോദരന്‍ ഇബ്രാഹിം അലി ഖാനുമൊപ്പം മുംബൈയിലെ മുക്തേശ്വര്‍ ശനി ക്ഷേത്രത്തില്‍ സാറ ദര്‍ശനം നടത്തിയത്. ഇതാണ് ചിലരെ ചൊടിപ്പിച്ചത്. മുസ്ലിമായ, മുസ്ലിം പേര് കൂടെ കൊണ്ട് നടക്കുന്ന സാറ ക്ഷേത്രത്തില്‍ പ്രവേശിച്ചത് മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് ചിലരുടെ വിമര്‍ശനം.

അതേസമയം, സാറയ്ക്ക് പിന്തുണയുമായും നിരവധി പേര്‍ സോഷ്യല്‍മീഡിയയിലൂടെ തന്നെ രംഗത്ത് വന്നിട്ടുണ്ട്. സാറയുടെ അച്ഛന്‍ സെയ്ഫ് അലിഖാന്‍ മുസ്ലിം ആണെങ്കിലും അമ്മ അമൃത സിങ് സിഖ് ആണെന്ന കാര്യം മറക്കരുതെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. അതിനെല്ലാം ഉപരി ഒരു ഇന്ത്യന്‍ പൗരനെന്ന നിലയ്ക്ക് മുസ്ലിം ആണെങ്കിലും ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഉള്ള എല്ലാ അവകാശവും സാറയ്ക്കുണ്ടെന്നും ഇക്കൂട്ടര്‍ വിശദീകരിക്കുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളോടൊന്നും താരം ഇത് വരെ പ്രതികരണം അറിയിച്ചിട്ടില്ല.

സെല്‍ഫി എടുക്കാന്‍ വന്ന ആരാധികയോട് തട്ടിക്കയറിയതും അരങ്ങേറ്റ ചിത്രമായ കേദാര്‍നാഥില്‍ തുടര്‍ന്നഭിനയിക്കാന്‍ ഡേറ്റില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ സാറയ്‌ക്കെതിരേ ഹൈക്കോടതിയെ സമീപിച്ചതും നേരത്തെ ഏറെ വിവാദമായിരുന്നു.

×