Advertisment

സൗദി വനിത ടാക്സിയോടിച്ചു ചരിത്രം സൃഷ്ടിച്ചത് സമൂഹമാധ്യമങ്ങളിൽ തരംഗമായി.

author-image
admin
New Update

ദമാം ∙ സൗദി വനിത ടാക്സിയോടിച്ചു ചരിത്രം സൃഷ്ടിച്ചതു സമൂഹമാധ്യമങ്ങളിൽ തരംഗമായി. സ്ത്രീകൾക്ക് വാഹനം ഓടിക്കാനുള്ള നിരോധം നീക്കി മാസങ്ങൾ പിന്നിട്ടപ്പോഴേക്കും സൗദി അറേബ്യയിലെ സുഹൈല എന്ന സ്വദേശി വനിതയാണ് ടാക്സി ഡ്രൈവറായത്. സുഹൈലയുടെ വഴിയിൽ കൂടുതൽ വനിതകൾ വരാൻ അധികം കാത്തിരിക്കേണ്ടി വരില്ല. എങ്കിലും സൗദിയിലെ പ്രഥമ വനിതാ ടാക്സി ഡ്രൈവർ ആരെന്ന ചോദ്യത്തിനു ഉത്തരമായിരിക്കും സുഹൈല അൽ മുഅമിൻ.

Advertisment

publive-image

ദമാമിലെ റോഡിലൂടെ ഭയമില്ലാതെ വാഹനമോടിക്കുന്ന സുഹൈലയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ ആഘോഷിക്കുകയാണ്. ‘കരീം ടാക്സി’ കമ്പനിക്ക് കീഴിലാണ് സുഹൈല ജോലി ചെയ്യുന്നത്. കുവൈത്തിൽ നിന്നും 25 വർഷം മുൻപ് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയ സുഹൈലയ്ക്ക് സൗദിയിൽ വിലക്കൊഴിവായതോടെ ഉപജീവനത്തിന്റെ പുതിയ വഴി തുറക്കുകയായിരുന്നു. സുഹൈലയുടെ സഹോദരൻ ഇതേ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്നുണ്ട്.

നിയമം നിലാവ് പോലെ വെളിച്ചം വിതറിയപ്പോൾ ഡ്രൈവർ ആയി ഒരു കൈ നോക്കാൻ സഹോദരനും സഹായിച്ചു. വളയിട്ട കൈയിൽ സൗദി ടാക്സിയുടെ വളയം ഭദ്രമായിട്ട് ഇപ്പോൾ രണ്ടാഴ്ചയായി. കുടുംബവും കൂട്ടുകാരും ഹർഷാരവത്തോടെ പ്രോത്സാഹിച്ചപ്പോൾ സുഹൈലയ്ക്ക് ആത്മവിശ്വാസം വർധിക്കുകയായിരുന്നു. പ്രാർഥനയും പ്രോത്സാഹനവും പ്രതീക്ഷിച്ചതിലും കൂടുതൽ കിട്ടിയെന്ന് സുഹൈല പറയുന്നു.

publive-image

സുഹൈല ടാക്സിയിൽ

സ്വകാര്യതയും സുരക്ഷിതത്വവും സുഹൈലയോടൊപ്പമുള്ള യാത്രയിൽ അവർക്ക് ലഭിക്കുന്നു. സുഹൈലയുടേത് സ്ത്രീകളെ മാത്രം കൊണ്ടു പോകുന്ന വാഹനമല്ല, പുരുഷന്മാരും ലക്ഷ്യസ്ഥാനത്തേക്ക് കാറിൽ കയറുന്നു. ആദ്യം കയറുന്നവർ കന്നി ഡ്രൈവർമാരെ സംശയിക്കുന്ന പോലെ പേടിയോടെയാണ് ഇരിപ്പ്. പക്ഷേ, വാഹനം ഓടിക്കുന്നതിലെ തഴക്കവും വഴക്കവും യാത്രയിൽ അനുഭവിക്കുന്നതോടെ അവർ സുഹൈലയ്ക്ക് വേണ്ടി പ്രാർഥിച്ചു കൊണ്ടാണ് വാഹനത്തിൽ നിന്നും ഇറങ്ങുന്നത്.

പ്രായം നാൽപ്പത് കടന്ന സുഹൈല ആറ് കുട്ടികളുടെ അമ്മയാണ്.

ജീവിത വഴിയിൽ ജോലി ചെയ്ത് പോരാടുന്ന സൗദി സത്രീ. സ്വന്തമായി ഒരു ബ്യൂട്ടി പാർലർ അവർ നടത്തുന്നു. വരുമാനം നിലവാരമുള്ളതാക്കാൻ ഒഴിവു സമയം ടാക്സി ഓടിക്കുകയാണ്. പുരുഷന്മാരെപ്പോലെ ഏതു സമയവും ജോലി ചെയ്യാൻ സന്നദ്ധയാണെന്ന് അവർ അറബ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. ടാക്സിയോടിക്കാൻ സന്നദ്ധയറിയിച്ച് ആയിരം സ്ത്രീകൾ അഭിമുഖത്തിനെത്തിയെന്ന് സുഹൈല വെളിപ്പെടുത്തി. പുരുഷന്മാരേക്കാൾ മെച്ചപ്പെട്ട ഡ്രൈവിങ് സംസ്കാരവും ശ്രദ്ധയും സ്ത്രീകൾക്കുണ്ടെന്നാണ് സുഹൈലയുടെ പക്ഷം.

എണ്ണയേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴിൽ മേഖലയിൽ സ്ത്രീ ശാക്തീകരണത്തിന് സൗദി സജ്ജമായിട്ടുണ്ട്. വിഷൻ 2030 ന്റെ ഭാഗമായി തൊഴിൽ രംഗത്തെ സ്ത്രീ സാന്നിധ്യം മുപ്പത് ശതമാനമായി ഉയർത്തി കൊണ്ട് വരും. പരിമിതമായ മേഖലകളിൽ മാത്രമാണ് ഇപ്പോൾ സ്ത്രീകൾ ജോലി ചെയ്യുന്നത്. സൗദി സ്റ്റോക് മാർക്കറ്റ് അമരത്ത് സാറ അൽ സുഹൈമിയെ അവരോധിച്ചത് ഇതിന്റെ പുതിയ കാൽവയ്പ്പായി വിലയിരുത്തപ്പെടുന്നു.

രാജ്യത്തെ ഇസ്‌ലാമിക കാര്യ മന്ത്രാലയങ്ങളില്‍ വിവിധ തസ്തികകളില്‍ വനിതകളെ നിയമിക്കുമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വിവിധ മേഖലകളില്‍ വനിതകളെ നിയമിക്കുന്നതിനോടനുബന്ധിച്ചാണ് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിലും വനിതകള്‍ക്ക് നിയമനം നല്‍കുന്നത്.മന്ത്രാലയത്തിലെ നാല് മേഖലകളിലായിരിക്കും വനിതകളെ നിയമിക്കുന്നതെന്നു ഇസ്‌ലാമിക കാര്യ വകുപ്പ് മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് വ്യക്തമാക്കി.

Advertisment